Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 03, 2021
പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ ജൂണ്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വിപണന സ്ഥാപനങ്ങളും ജൂണ്‍ 4ന് രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു.
രാജ്യത്ത് കൂടുതല്‍ വിദേശ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങുന്നു
രാജ്യത്ത് കൂടുതല്‍ വിദേശവാക്‌സിനുകള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം. ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേര്‍ണ എന്നീ കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. കൂടുതല്‍ വാക്‌സിനുകള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതും ചര്‍ച്ച ചെയ്‌തെന്ന് മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. രാജ്യത്ത് ഒരു തദ്ദേശ വാക്‌സിന്‍ കൂടി ഉടന്‍ ലഭ്യമാക്കും.
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കപ്പെടും. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് കൂടിയാണിത്. 2021 ജനുവരി 15 ന് ആയിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. സര്‍ക്കാര്‍ തുടരുന്നതിനാല്‍ അതേ ബജറ്റിന്റെ തുടര്‍ച്ച തന്നെയായിരിക്കും നാളെ അവതരിപ്പിക്കാന്‍ സാധ്യതയെന്നാണ് പ്രതീക്ഷിക്കുന്നത്.
കര്‍ണാടകത്തില്‍ ലോക്ഡൗണ്‍ ഈ മാസം 14 വരെ നീട്ടി
കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 10നാണ് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഈ മാസം 14വരെയാണ് നീട്ടിയിരിക്കുന്നത്. 30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.
പത്തുവര്‍ഷം കൊണ്ട് കാര്‍ബണ്‍ ന്യൂട്രല്‍ ആകാനൊരുങ്ങി എച്ച്ഡിഎഫ്‌സി ബാങ്ക്
ജൂണ്‍ 5 ലെ ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വായ്പാ ദാതാക്കളില്‍ പ്രധാനികളായ എച്ച്ഡിഎഫ്‌സി ബാങ്ക് 2031-32 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഈ സംരംഭത്തിന്റെ ഭാഗമായി, മലിനീകരണം, ഊര്‍ജോപയോഗം, ജല ഉപഭോഗം എന്നിവ കുറയ്ക്കുന്നതിനാണ് ബാങ്ക് ശ്രമിക്കുന്നത്. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ശ്രമങ്ങളും തുടരുമെന്ന് ബാങ്ക് പറയുന്നു.
കോവിഡ്; മെയ് മാസം മാത്രം അഞ്ച് സീനിയര്‍ പൈലറ്റുമാര്‍ മരിച്ചെന്ന് എയര്‍ഇന്ത്യ
കോവിഡ് -19 മൂലം മെയ് മാസത്തില്‍ അഞ്ച് മുതിര്‍ന്ന പൈലറ്റുമാര്‍ മരിച്ചതായി എയര്‍ ഇന്ത്യ. വ്യാഴാഴ്ച കമ്പനി പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ക്യാപ്റ്റന്‍ ഹര്‍ഷ് തിവാരി, ക്യാപ്റ്റന്‍ ജി പി എസ് ഗില്‍, ക്യാപ്റ്റന്‍ പ്രസാദ് കര്‍മക്കര്‍, ക്യാപ്റ്റന്‍ സന്ദീപ് റാണ, ക്യാപ്റ്റന്‍ അമിതേഷ് പ്രസാദ് എന്നിവരാണ് ഈ അഞ്ച് മുതിര്‍ന്ന പൈലറ്റുമാര്‍. വാക്‌സിനുകള്‍ ലഭ്യമല്ലാത്തതിനാല്‍ ചെറിയ ഒരു കാലതാമസത്തിന് ശേഷം മെയ് 15 മുതല്‍ കാരിയര്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചതായും കമ്പനി പറഞ്ഞു.
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു
രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന്റെ വില 80 രൂപ കൂടി 36,960 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4620 രൂപയുമായി.
രണ്ടാം ദിനവും ഇന്ധനവിലയില്‍ മാറ്റമില്ല
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഏറ്റവും അവസാനം വില വര്‍ധിച്ചത് ജൂണ്‍ ഒന്നിനായിരുന്നു. വിവിധ നഗരങ്ങളില്‍ പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് അന്ന് കൂട്ടിയത്. കേരളത്തില്‍ പെട്രോള്‍ വില 96 രൂപയും ഡീസല്‍ വില 91 രൂപയും കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 96.53 രൂപയാണ് വില. ഡീസലിന് 91.80 രൂപയും.
ഇന്ത്യന്‍ ഓഹരി സൂചികകള്‍ മുന്നേറ്റം തുടരുന്നു
പ്രതിദിന കോവിഡ് കേസുകളില്‍ വരുന്ന കുറവും രാജ്യാന്തരതലത്തിലെ നല്ല വാര്‍ത്തകളും ഇന്നും ഓഹരി വിപണിയെ മുന്നോട്ട് നയിച്ചു. ഇന്നലെ മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ നിക്ഷേപതാല്‍പ്പര്യം ഏറെയായിരുന്നുവെങ്കിലും മുഖ്യ സൂചികകള്‍ വിപണിയുടെ സ്വഭാവം അതേ പടി പ്രതിഫലിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് നിഫ്റ്റിയും സെന്‍സെക്സും മുക്കാല്‍ ശതമാനത്തോളം ഉയര്‍ന്നു. സെന്‍സെക്സ് 0.74 ശതമാനം അഥവാ 383 പോയ്ന്റ് ഉയര്‍ന്ന് 52,232ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 0.73 ശതമാനം അഥവാ 114 പോയ്ന്റ് ഉയര്‍ന്ന് 15,705ലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ് കാപ്, സ്മോള്‍ കാപ് സൂചികകള്‍ ഇന്നും മുഖ്യസൂചികകളേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇരു സൂചികകളും ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
അഞ്ച് കേരള കമ്പനികള്‍ക്ക് മാത്രമേ ഇന്ന് നില മെച്ചപ്പെടാതിരുന്നുള്ളൂ. വി ഗാര്‍ഡ് ഓഹരി വില ഇന്ന രണ്ടുശതമാനത്തിലേറെ ഇടിഞ്ഞു.
Next Story
Videos