ഇപ്പോള്‍ താഴേക്കിടയില്‍ കിടക്കുന്ന ഓഹരികളെ ശ്രദ്ധിക്കുക, അവസരം ഒളിഞ്ഞിരിക്കുന്നത് അവിടെ!

നിക്ഷേപിക്കാന്‍ ഏറ്റവും പറ്റിയ സമയം ഏതാണെന്ന് എല്ലാവരും ചോദിക്കാറുണ്ട്. എന്നാല്‍ അങ്ങനെ പ്രത്യേക ഒരു സമയമില്ല എന്നാണ് എന്റെ അഭിപ്രായം. നിങ്ങളുടെ കൈയില്‍ എപ്പോള്‍ പണമുണ്ടോ അപ്പോള്‍ നിക്ഷേപിക്കാം. എല്ലാ സമയവും നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയം തന്നെയാണ്. നാം എവിടെയാണ് നിക്ഷേപിക്കുന്നത് എന്നത് മാത്രമാണ് ഇവിടെ കാര്യം.

കോവിഡ് നമ്മെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുതന്നു. ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. ഈ മാറ്റങ്ങള്‍ ബിസിനസ് രംഗത്ത് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തും എന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കൊരു നല്ല നിക്ഷേപകനാകാന്‍ കഴിയും. ഉദാഹരണത്തിന് ബൈജൂസ് ആപ്പ് കൊണ്ടുവന്ന വെര്‍ച്വല്‍ ലേണിംഗ് നമുക്ക് ആദ്യകാലത്ത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. എന്നാല്‍ ഇപ്പോള്‍ ലോകം മുഴുവന്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി.

കോവിഡിന് ശേഷം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ രീതിയില്‍ വന്ന മാറ്റം വിശകലനം ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ മനസിലാകും. ചുറ്റുമുള്ള ലോകത്തെ മാറ്റങ്ങളെ നിരീക്ഷിച്ചുകൊണ്ടുവേണം നിക്ഷേപത്തെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടത്. കണ്ണും ചെവിയും തുറന്നുവെക്കുക, വായ അടച്ചുവെക്കുക- ഇതാണ് ഒരു നിക്ഷേപകന്‍ ചെയ്യേണ്ട അടിസ്ഥാന കാര്യം.

കഴിഞ്ഞ നാല്-അഞ്ച് മാസമായി ലോകത്ത് എന്ത് നടന്നുവോ അതെല്ലാം അതേപടി ഓഹരിവിപണിയില്‍ പ്രതിഫലിച്ചു. നാം ഒരിക്കലും പ്രതീക്ഷിക്കാത്ത മേഖലകള്‍ വലിയ നേട്ടമുണ്ടാക്കി. സമൂഹത്തിന് ഏറ്റവും ആവശ്യമുണ്ടായിരുന്ന മേഖലകളിലെ ഓഹരികളാണ് ഉയര്‍ന്നത്. ആ മേഖലയിലുള്ള കമ്പനികള്‍ക്കെല്ലാം ഈ സമയത്ത് നേട്ടം ലഭിച്ചു. അവയുടെ ഓഹരിവിലകള്‍ ഉയര്‍ന്നു. ഇനി ഈ മേഖലകളില്‍ നിക്ഷേപിക്കുന്നത് വഴി കാര്യമായ നേട്ടം ലഭിക്കണമെന്നില്ല.

നാം നോക്കേണ്ടത് അടുത്തതായി വരാന്‍ സാധ്യതയുള്ള മാറ്റങ്ങളിലേക്കാണ്. ഇപ്പോള്‍ താഴ്ന്നുകിടക്കുന്ന മേഖലകള്‍ ഏതൊക്കെയാണ്? ഹോട്ടല്‍ ബിസിനസ്, ഏവിയേഷന്‍, ലഗ്ഗേജ്, എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ വിഭാഗങ്ങളെല്ലാം പ്രശ്‌നത്തിലാണ്. ഇന്ന് ഉപയോഗമില്ലാത്തതുകൊണ്ട് ഇനി അവയ്‌ക്കൊന്നും സാധ്യതയില്ലെന്ന് പറഞ്ഞ് ഒരിക്കലും എഴുതിത്തള്ളരുത്. കാരണം കോവിഡ് വന്നതോടെ ലോകം അവസാനിക്കുകയല്ല.

പക്ഷെ ഇനി വരാനിരിക്കുന്ന ലോകം ഇപ്പോഴത്തേതില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കാം. കോവിഡിന് ശേഷം ജനങ്ങളുടെ ജീവിതം പഴയപടിയിലേക്ക് മടങ്ങിവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ താഴ്ന്നുകിടക്കുന്ന മേഖലകള്‍ക്ക് ഡിമാന്റുണ്ടാകില്ലേ? എന്നാല്‍ ഇപ്പോള്‍ മോശം പ്രകടനമുള്ള എല്ലാ ഓഹരികളും കുതിക്കും എന്നല്ല അതിനര്‍ത്ഥം. ഇപ്പോഴത്തെ സാഹചര്യം കൊണ്ടുമാത്രം താഴേക്ക് പോയ, നാളെ ഏറെ സാധ്യതയുള്ള നല്ല ഓഹരികളെ തിരിച്ചറിയാനാകണം. അവിടെയാണ് നിങ്ങളുടെ നിരീക്ഷണവും വിശകലനശേഷിയും ഉപയോഗിക്കേണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it