ഇന്‍സ്റ്റഗ്രാം ഫിന്‍ഫ്‌ളുവന്‍സേഴ്‌സിന് 'വമ്പന്‍ പണി'കൊടുത്ത് എന്‍.എസ്.ഇ, ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ക്കും തിരിച്ചടി

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ്, എക്സ് (മുമ്പ് ട്വിറ്റര്‍) പോലുള്ള മറ്റ് സാമൂഹ്യമാധ്യമങ്ങളിലും കാണുന്ന ഫിന്‍ഫ്ളുവന്‍സേഴ്സിന് വമ്പന്‍ പണികൊടുത്ത് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍.എസ്.ഇ). സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ അംഗീകൃത ട്രേഡിംഗ് മെമ്പര്‍മാരായി (Authorised Persosn/AP) രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമേ റഫറിംഗ് പേഴ്സണായി തുടരാനാകൂ എന്നാണ് എന്‍.എസ്.ഇയുടെ പുതിയ ഉത്തരവില്‍ പറയുന്നത്.

ഓഹരി ബ്രോക്കിംഗ് സ്ഥാപനങ്ങളോട് ഈ മാസം അവസാനത്തോടെ റഫറല്‍ പ്രോഗ്രാമുകള്‍ നിർത്താൻ എന്‍.എസ്.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിന്‍ഫ്‌ളുവന്‍സര്‍മാരയും ബ്രോക്കറേജുകളേയും ഒരുപോലെ ബാധിക്കുന്നതാണ് ഈ ഉത്തരവ്. ഫിന്‍ഫ്‌ളുവന്‍സര്‍മാരുടെ പ്രധാന വരുമാന മാര്‍ഗമായിരുന്നു റഫറല്‍ പ്രോഗ്രാമുകള്‍. ബ്രോക്കറേജുകളാകട്ടെ ഫിന്‍ഫ്‌ളുവന്‍സര്‍മാര്‍ നല്‍കുന്ന റഫറന്‍സ് വഴിയാണ് അവരുടെ ഉപയോക്താക്കളുടെ എണ്ണം കൂട്ടിയിരുന്നത്.

നീക്കത്തിന് പിന്നിൽ

ക്ലെയിന്റ്‌സിനെ റഫറു ചെയ്യുന്നതിന് ഫിന്‍ഫ്‌ളുവന്‍സേഴ്‌സിന് ബ്രോക്കറേജുകള്‍ നല്‍കുന്ന ഇന്‍സെന്റീവാണ് റഫറല്‍ പ്രോഗ്രാമുകള്‍. റഫറന്‍സായി ലഭിച്ച അക്കൗണ്ടുകള്‍ വഴി നടക്കുന്ന ട്രേഡിംഗ് വരുമാനത്തിന്റെ 20-30 ശതമാനം വരെ ചില ബ്രോക്കറേജുകള്‍ റഫറല്‍ കമ്മീഷനായും നല്‍കാറുണ്ട്.

കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് ഫിന്‍ഫ്‌ളുവന്‍സര്‍മാര്‍ ക്ലെയിന്റുകളെ നിരന്തരമായി ട്രേഡ് ചെയ്യാന്‍ പ്രേരിപ്പിച്ചേക്കാമെന്നതാണ് എന്‍.എസ്.ഇയെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. ട്രേഡര്‍മാരില്‍ ഭൂരിപക്ഷത്തിനും വന്‍ നഷ്ടം സംഭവിക്കുന്നുവെന്ന് അടുത്ത കാലത്തായി പുറത്തു വന്ന പല റിപ്പപോര്‍ട്ടുകളും സൂചിപ്പിച്ചതാണ് ആശങ്കയ്ക്ക് കാരണം.

ഓതറൈസ്ഡ് പേഴ്‌സണ്‍

മുന്‍കാലങ്ങളില്‍ ബ്രോക്കര്‍മാരെ കൂടാതെ സബ് ബ്രോക്കര്‍മാരും എക്സ്ചേഞ്ചില്‍ രിജസ്ട്രേഷന്‍ എടുക്കണമായിരുന്നു. സബ് ബ്രോക്കര്‍മാരും കസ്റ്റമേഴ്സിന്റെ പണമിടപാടുകള്‍ നടത്തിയിരുന്നതിനാല്‍ അതിനുള്ള കമ്മീഷനും അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ ക്രമക്കേടുകള്‍ കണ്ടു തുടങ്ങിയപ്പോഴാണ് ഓതറൈസ്ഡ് പേഴ്സണ്‍ (AP) ആയി രജിസ്ട്രേഷന്‍ ചെയ്യാന്‍ തുടങ്ങിയത്. ഇവര്‍ക്ക് കസ്റ്റമേഴ്സിന്റെ പണമിടപാടുകള്‍ നടത്താനാകില്ല. ഇടപാടുകാരെ കണ്ടെത്തി കൊടുക്കുക മാത്രമാണ് ചെയ്തത്.

ഓണ്‍ലൈന്‍ ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ വരവോടെയാണ് റഫറല്‍സ് എന്ന രീതിയിലേക്ക് മാറുന്നത്. ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ നല്‍കുന്ന റഫറല്‍ കോഡ് ഉപയോഗിച്ച് ഇവര്‍ക്ക് കസ്റ്റമേഴ്സിനെ പരിചയപ്പെടുത്താം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കയറുന്ന ഇടപാടുകളുടെ എണ്ണമനുസരിച്ച് കമ്പനികളില്‍ നിന്ന് അവര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും.

നിലവില്‍ പരിചയക്കാരെയും സുഹൃത്തുക്കളെയുമൊക്കെ റഫറല്‍സ് ആയി നല്‍കി റിവാഡുകള്‍ നേടാനാകുന്നതുകൊണ്ടാണ് പലരും ഈ ജോലി ചെയ്യുന്നത്. രജിസ്‌ട്രേഷന്‍ ഫീസും കൃത്യമായ മേല്‍വിലാസവും ഉള്‍പ്പെടെ നല്‍കി, ഉത്തരവാദിത്വത്തോടെ നിയമങ്ങള്‍ക്ക് വിധേയമായികൊണ്ട് റഫറല്‍സ് ആയി തുടരുക പലര്‍ക്കും ബുദ്ധിമുട്ടാകും.

പുതിയ മാര്‍ഗങ്ങള്‍ തേടണം

രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് റഫറല്‍ ഫീസ് നൽകാനാകില്ലെന്ന നിബന്ധന നിലവിൽ വരുന്നതോടെ ക്ലെയിന്റുകളെ കണ്ടെത്തി നല്‍കാന്‍ ഫിന്‍ഫ്‌ളുവന്‍സര്‍മാര്‍ മടിക്കും. വിപണിയില്‍ പുതിയ റീറ്റെയ്ല്‍ നിക്ഷേപകരുടെ എണ്ണം കുറയ്ക്കാനും ഇതിടയാക്കും. ഇനി ഉപയോക്താക്കളെ കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയിലേക്കാണ് ബ്രോക്കര്‍മാരെ പുതിയ ഉത്തരവ് കൊണ്ടെത്തിക്കുന്നത്. എത്രത്തോളം ഫലപ്രദവും ചെലവു കുറഞ്ഞതുമാകും പുതിയ മാര്‍ഗങ്ങള്‍ എന്നതിനെ ആശ്രയിച്ചിരിക്കും ഇവരുടെ മുന്നോട്ടുള്ള പോക്ക്.

ഡിസ്‌കൗണ്ട് ബ്രോക്കറേജ് സ്ഥാപനമായ സെരോദ റഫറല്‍ പ്രോഗ്രാം അവസാനിപ്പിച്ചതായി സ്ഥാപകനും സി.ഇ.ഒയുമായ നിതിന്‍ കാമത്ത് ലിങ്കഡ്ഇന്നില്‍ പോസ്റ്റ് ഇട്ടിരുന്നു. ബിസിനസുകളെ ബാധിക്കുന്ന മറ്റൊരു നീക്കം എന്നാണ് നിതിന്‍ കാമത്ത് ഇതിനെ കുറിച്ച് പറഞ്ഞത്. റഫറല്‍ ഇനത്തില്‍ പണം കിട്ടാന്‍ ഉള്ളവര്‍ക്ക് ഒറ്റത്തവണയായി അത് നല്‍കുമെന്നും കസ്റ്റമേഴ്സിനെ റഫര്‍ ചെയ്യുന്നവര്‍ക്കുള്ള റിവാര്‍ഡ് പോയിന്റുകള്‍ തുടരുമെന്നും നിതിന്‍ കാമത്ത് പറയുന്നു. വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജുകള്‍ അടയ്ക്കാനും സെരോദയുടെ മറ്റ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാനും റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കാനാകും.

സെരോദ 10 ശതമാനം കമ്മീഷനാണ് റഫര്‍ ചെയ്യുന്നവരുമായി പങ്കുവയ്ക്കുന്നത്. അവരുടെ കസ്റ്റമേഴ്സിന്റെ 12.4 ലക്ഷവും ഇത്തരം ഫിന്‍ഫ്‌ളുവന്‍സര്‍മാരുടെ റഫറന്‍സ് വഴി എത്തിയതാണ്. ഓഹരി വിപണിയില്‍ അടിക്കടി നിയമമാറ്റങ്ങള്‍ വരുന്നത് ബിസിനസുകളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് നേരത്തെയും നിതിന്‍കാമത്ത് ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles
Next Story
Videos
Share it