എന്‍.എസ്.ഇയിലെ വ്യാപാര സമയം നീട്ടുന്നു; ഡെറിവേറ്റീവ് ഇടപാടുകാര്‍ക്ക് നേട്ടം

രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍.എസ്.) ഇക്വിറ്റി ഡെറിവേറ്റീവ് വ്യാപാര സമയം ഘട്ടംഘട്ടമായി ദീര്‍ഘിപ്പിക്കാനൊരുങ്ങുന്നു. ആഗോള സംഭവവികാസങ്ങളോട് ആഭ്യന്തര ട്രേഡര്‍മാര്‍ക്കും പ്രതികരിക്കാന്‍ അവസരം നല്‍കാന്‍ ലക്ഷ്യമിട്ടാണിത്.

വൈകിട്ട് ആറ് മണി മുതല്‍ 9 മണി വരെ ഇക്വിറ്റി ഡെറിവേറ്റീവ് അനുവദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലെ 9.15 മുതല്‍ 3.30 വരെയുള്ള സാധാരണ സെഷന്‍ കഴിഞ്ഞ ശേഷവും ഇടപാടുകാര്‍ക്ക് ഫ്യൂചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് കോണ്‍ട്രാക്ടില്‍ ട്രേഡിംഗ് തുടരാനാകുന്നതാണ് പുതിയ നീക്കം. ക്രമേണ ഇത് രാത്രി 11.30 വരെ ആക്കുന്നതും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഘട്ടം ഘട്ടമായി വിവിധ ഉത്പന്നങ്ങള്‍ ഈവനിംഗ് സെഷനില്‍ അവതരിപ്പിക്കുന്നതും ആലോചനയിലുണ്ട്. നിഫ്റ്റി 50, ബാങ്ക് നിഫ്റ്റി എന്നിവയില്‍ ഇന്‍ഡെക്‌സ് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സിലാണ് ആദ്യഘട്ടത്തില്‍ വ്യാപാരം സാധ്യമാക്കുക. പിന്നീട് സ്റ്റോക്ക് ഡെറിവേറ്റീവും പരിഗണിച്ചേക്കും. കാലാവധിയിലും സമയക്രമത്തിലും മാറ്റമുണ്ടാകില്ല. നിര്‍ദേശങ്ങള്‍ സെബിയുടെ പരിഗണനയ്ക്കായി എന്‍.എസ്.ഇ സമര്‍പ്പിച്ചിട്ടുണ്ട്.
നിലവില്‍ യു.എസ് വിപണി തുടങ്ങും മുന്‍പ് ഇന്ത്യന്‍ വിപണിയുടെ വ്യാപാര സമയം അവസാനിക്കുന്നതിനാല്‍ ആഗോള തലത്തിലുണ്ടാകുന്ന മാറ്റങ്ങളോട് നിക്ഷേപകര്‍ക്ക് പ്രതികരിക്കാനാകുന്നില്ല.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് ട്രേഡിംഗ് രാത്രി 11.55 വരെയും ഓഹരി വ്യാപാരം വൈകിട്ട് അഞ്ച് വരെയുമാക്കാനും നീക്കം നടക്കുന്നുണ്ട്.
Related Articles
Next Story
Videos
Share it