പുതിയ അവധി വ്യാപാര, ഓപ്ഷന്‍സ് കരാറുകളുമായി എന്‍.എസ്.ഇ; തുടക്കം ഏപ്രില്‍ 24ന്

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (NSC) നിഫ്റ്റി നെക്സ്റ്റ്50 സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള അവധി വ്യാപാര കരാറുകള്‍ (derivatives) ഏപ്രില്‍ 24 മുതല്‍ ആരംഭിക്കുന്നു. എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ചയാണ് അവധി വ്യാപാര, ഓപ്ഷന്‍സ് കരാര്‍ കാലാവധി അവസാനിക്കുന്നത്.

പുതിയ അവധി വ്യാപാര, ഓപ്ഷന്‍സ് കരാര്‍ പുറത്തിറക്കിയതോടെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും കാലാവധി തീരുന്ന നിഫ്റ്റി സൂചികകളെ അടിസ്ഥാനമാക്കിയുള്ള അവധി വ്യാപാര കരാറുകള്‍ എന്‍.എസ്.സിയ്ക്കുണ്ടാകും.
നിലവില്‍ നിഫ്റ്റി ബാങ്ക്,
നിഫ്റ്റി50
സൂചികകളെ അടിസ്ഥാനപ്പെടുത്തിയുള്ള അവധി വ്യാപാര കരാറുകളുടെ കാലാവധി യഥാക്രമം ബുധൻ, വ്യാഴം ദിവസങ്ങളിലാണ് അവസാനിക്കുന്നത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക അവധി വ്യാപാര കരാറുകളുടെ കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുക. ചൊവ്വാഴ്ച്ചകളില്‍ കാലാവധി അവസാനിക്കുന്ന നിഫ്റ്റി ഫിനാന്‍ഷ്യല്‍ സേവന സൂചിക അവധി വ്യാപാര കരാറും നിലവിലുണ്ട്.

നിഫ്റ്റി നെക്സ്റ്റ് 50

നിഫ്റ്റി50 കമ്പനികള്‍ ഒഴികെയുള്ള നിഫ്റ്റി100 സൂചികയെ പ്രതിനിധീകരിക്കുന്ന 50 കമ്പനികളാണ് പുതിയ നിഫ്റ്റി നെക്സ്റ്റ്50 സൂചികയില്‍ ഉള്‍പ്പെടുക. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളാണ് ഇതില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
അവധി വ്യാപാരത്തില്‍ ലോട്ട് സൈസ് 10 ആണ്. ഒരു സമയത്ത് അടുത്ത മൂന്ന് മാസങ്ങളില്‍ കാലാവധി പൂര്‍ത്തിയാകുന്ന അവധി വ്യാപാര കരാറുകള്‍ വ്യാപാരത്തിന് ലഭ്യമായിരിക്കും.
എന്താണ് അവധി വ്യാപാരം, ഓപ്ഷന്‍സ്
ഓഹരി ക്യാഷ് വിഭാഗത്തില്‍ പണം നല്‍കി ഓഹരികള്‍ വാങ്ങുന്ന രീതിയാണ് ഉള്ളത്. എന്നാല്‍ അവധി, ഓപ്ഷന്‍സ് വിഭാഗത്തില്‍ ബൈ, സെല്‍ പൊസിഷന്‍ എടുക്കുകയാണ് ചെയ്യുന്നത്. ബൈ പൊസിഷന്‍ എടുത്ത ശേഷം വില വര്‍ധിച്ചാല്‍ ഈ കരാര്‍ വില്‍ക്കുമ്പോള്‍ ലാഭം നേടാന്‍ സാധിക്കും.
സെല്‍ പൊസിഷന്‍ എടുത്ത ശേഷം വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്ക് കരാര്‍ വാങ്ങിക്കൊണ്ട് ഇടപാട് പൂര്‍ത്തിയാക്കി ലാഭം നേടാന്‍ സാധിക്കും. എല്ലാ ദിവസവും മാര്‍ക്ക് ടു മാര്‍ക്കറ്റ് പ്രക്രിയ അനുസരിച്ച് വിപണി പ്രതികൂലമായി മാറുമ്പോള്‍ അധികം മാര്‍ജിന്‍ പണം അക്കൗണ്ടില്‍ നിക്ഷേപിക്കണ്ടതായി വരും.
ഓപ്ഷന്‍സ് കരാര്‍ കൈവശമുള്ളവര്‍ക്ക് ഒരു നിശ്ചിത തിയതിക്ക് ഉള്ളില്‍ വാങ്ങാനോ വില്‍ക്കാനോ ഉള്ള അവകാശം ലഭിക്കും എന്നാല്‍ വില്‍ക്കാനോ വാങ്ങാനോ ഉള്ള ബാധ്യത ഇല്ല. അവകാശം വിനിയോഗിക്കാത്ത പക്ഷം ആ ഓപ്ഷന്‍ കരാര്‍ വാങ്ങാന്‍ നല്‍കിയ പ്രീമിയം തുക മാത്രമാണ് നഷ്ടമാകുന്നത്.
ഓഹരി വിലകളില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം, അനിശ്ചിതത്വം എന്നിവ നേരിടാന്‍ ഉദ്ദേശിച്ചുള്ളതാണ് അവധി വ്യാപാര, ഓപ്ഷന്‍സ് കരാറുകള്‍, ഇത്തരം ഇടപാടുകളിലൂടെ ഓഹരി നിക്ഷേപത്തിലെ റിസ്‌ക് കുറയ്ക്കാനാകും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it