ഒറ്റദിവസം കൊണ്ട് നേടിയത് റിലയൻസിന്റെ മൊത്തം മൂല്യത്തെ കടത്തിവെട്ടുന്ന നേട്ടം: നമുക്കും വാങ്ങാം ഈ അമേരിക്കൻ ഓഹരി

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും മൂല്യമേറിയ കമ്പനി. 20 ലക്ഷം കോടിരൂപയാണ് നിലവില്‍ കമ്പനിയുടെ വിപണി മൂല്യം. എന്നാല്‍ അങ്ങ് വാള്‍സ്ട്രീറ്റില്‍ (അമേരിക്കന്‍ ഓഹരി വിപണി) ഇതൊക്കെ വെറും നിസാരം.

അമേരിക്കന്‍ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വീഡിയയുടെ ഒറ്റ ദിവസത്തെ നേട്ടം റിലയന്‍സിന്റെ വിപണി മൂല്യത്തേക്കാള്‍ കൂടുതലാണ്. ഇന്നലെ എന്‍വീഡിയ ഓഹരി 16 ശതമാനം കുതിച്ചുയര്‍ന്നപ്പോള്‍ വിപണി മൂല്യത്തിലുണ്ടായ വര്‍ധന 27,700 കോടി ഡോളറാണ്. റിലയന്‍സിന്റെ വിപണി മൂല്യം ഡോളറിലാക്കിയാല്‍ വെറും 24,300 കോടിയെ വരൂ.
ചരിത്ര നേട്ടം
ഒറ്റ ദിവസം ഇത്ര വലിയ നേട്ടം നല്‍കിയ ഓഹരി വാള്‍സ്ട്രീറ്റിന്റെ ചരിത്രത്തില്‍ തന്നെ വേറെയില്ല. ഇതിനു മുന്‍പ് വലിയ ഒറ്റ ദിവസത്തെ ഉയര്‍ച്ച കണ്ടത് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഓഹരിയിലാണ്. മികച്ചപാദഫലം രേഖപ്പെടുത്തുകയും ഡിവഡന്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഫെബ്രുവരി രണ്ടിന് മെറ്റ ഓഹരി 19,600 കോടി ഡോളര്‍ കുതിച്ചുയര്‍ന്നിരുന്നു.
എന്‍വീഡിയ ഇപ്പോള്‍ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ഓഹരിയും വാള്‍സ്ട്രീറ്റിലെ മൂന്നാമത്തെ ഓഹരിയുമാണ്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, സൗദി ആരാംകോ എന്നിവയാണ് എന്‍വീഡിയയ്ക്ക് മുന്നിള്ളത്.
ഹൈ എന്‍ഡ് ചിപ് വിപണിയില്‍ 80 ശതമാനം വിപണിയും നേടുന്നത് എന്‍വീഡിയയാണ്. കമ്പനിയുടെ വരുമാനം പ്രതീക്ഷകളെയൊക്കെ മറികടന്ന് നാലാം പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങ് കുതിച്ചുയര്‍ന്ന് 2210 കോടി ഡോളറായി. ഫലപ്രഖ്യാപനത്തിനു ശേഷം 17 ബ്രോക്കറേജുകളാണ് ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തിയത്.
എന്‍വീഡിയ ഓഹരികളിലെ ഇന്നലത്തെ ഉയര്‍ച്ച റിലയന്‍സിന്റെ വിപണി മൂല്യത്തെ മാത്രമല്ല ബാങ്ക് ഓഫ് അമേരിക്ക, കൊക്ക-കോള, നെറ്റ്ഫ്‌ളിക്‌സ്, ആക്‌സഞ്ചര്‍, മക്‌ഡൊണാള്‍ഡ്സ് എന്നിവയുടെ വിപണി മൂല്യത്തെയും മറികടന്നു.
എന്‍വീഡിയ ഓഹരിയില്‍
എങ്ങനെ നിക്ഷേപിക്കും?

എന്‍വീഡിയ ഓഹരികളില്‍ അടുത്ത കാലത്ത് വലിയ മുന്നേറ്റമുണ്ടായതോടെ പല രാജ്യങ്ങളില്‍ നിന്നുള്ളവരും അമേരിക്കന്‍ ഓഹരികളിലേക്ക് ശ്രദ്ധ തിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ ഇന്ത്യാക്കാരുമുണ്ട്. എങ്ങനെയാണ് ഈ അമേരിക്കയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ഓഹരിയിൽ നിക്ഷേപിക്കുക?

നാസ്ഡാക്കില്‍ NVDA എന്ന കോഡിലാണ് എന്‍വീഡിയ ഓഹരി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഓഹരിയില്‍ നിക്ഷേപിക്കണമെങ്കില്‍, ഇതിൽ മാത്രമല്ല മൈക്രോസോഫ്ട്, മെറ്റാ, ആപ്പിൾ തുടങ്ങിയ ഏത് അമേരിക്കൻ ഓഹരിയിൽ നിക്ഷേപിക്കണമെങ്കിലും ഇന്ത്യന്‍ നിക്ഷേപകര്‍ ആദ്യം ഇന്റര്‍നാഷണല്‍ ട്രേഡിംഗ് അക്കൗണ്ട് തുടങ്ങണം. ഓണ്‍ലൈന്‍ ഓഹരി ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമുകളായ ഗ്രോ, ഏയ്ഞ്ചല്‍ വണ്‍ തുടങ്ങിയ വഴിയൊക്കെ അക്കൗണ്ട് തുറക്കാനാകും. ബാങ്ക് അക്കൗണ്ട് രേഖകള്‍, കെ.വൈ.സി രേഖകള്‍ എന്നിവ നല്‍കി അക്കൗണ്ട് തുറക്കാം.

ഇതുകൂടാതെ അന്താരാഷ്ട്ര സഹകരണമുള്ള ആഭ്യന്തര ബ്രോക്കറേജുകളായ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ്, കോട്ടക് സെക്യൂരിറ്റീസ്, ആക്‌സിസ് സെക്യൂരിറ്റീസ് തുടങ്ങിയ വഴിയും ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിക്ഷേപിക്കാം.
ഇനി നേരിട്ട് എന്‍വീഡിയ ഓഹരിയില്‍ നിക്ഷേപിക്കണമെങ്കില്‍ ഇന്റര്‍നാഷണല്‍ ബ്രോക്കറേജ് പ്ലാറ്റ്‌ഫോമുകളായ ചാള്‍സ് ഷ്വാബ്, അമേരിട്രേഡ്, ഇന്ററാക്ടീവ് ബ്രോക്കേഴ്‌സ് പോലുള്ളവയില്‍ അക്കൗണ്ട് തുടങ്ങാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it