Begin typing your search above and press return to search.
നോവിച്ച് ഐ.ടി ഓഹരികള്‍; സൂചികകളില്‍ കനത്ത നഷ്ടം
ഒമ്പത് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് വിരാമമിട്ട് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തിലേക്ക് ഇടിഞ്ഞു. ഐ.ടി ഓഹരികളിലുണ്ടായ വന്‍ ഇടിവാണ് തിരിച്ചടിയായത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കാഴ്ചവച്ച ഏറ്റവും ദീര്‍ഘമായ നേട്ടക്കുതിപ്പിനാണ് തിരശീല വീണത്.
ഇന്‍ഫോസിസ് ഓഹരിവില വ്യാപാരത്തിനിടെ ഒരുവേള 15 ശതമാനത്തോളം കൂപ്പുകുത്തി. കഴിഞ്ഞ പാദത്തിലെ (ജനുവരി-മാര്‍ച്ച്) മോശം പ്രവര്‍ത്തന ഫലമാണ് ഇന്‍ഫോസിസ് അടക്കം ഐ.ടി ഓഹരികളെ വലയ്ക്കുന്നത്.
ഇന്ന് ഒരുവേള 800 പോയിന്റിനുമേല്‍ തകര്‍ന്നടിഞ്ഞ് 59,442 വരെയെത്തിയ സെന്‍സെക്‌സ് വ്യാപാരാന്ത്യം നഷ്ടം 520 പോയിന്റായി നിജപ്പെടുത്തി 59,910.75ലാണുള്ളത്. ഒരുവേള 17,574 പോയിന്റുവരെ ഇടിഞ്ഞ നിഫ്റ്റിയുള്ളത് 121 പോയിന്റ് നഷ്ടവുമായി 17,706.85ലും.
മറ്റ് ഏഷ്യന്‍ ഓഹരികള്‍ തന്നെ തളര്‍ച്ചയിലായിരുന്നതിനാല്‍ ഇന്ത്യന്‍ ഓഹരി സൂചികകളും ഇന്ന് ദുര്‍ബലമായിരിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, ഐ.ടി ഓഹരികളിലുണ്ടായ കനത്ത വില്‍പന സമ്മര്‍ദ്ദം ഇടിവിന്റെ ആക്കം കൂട്ടി. ഇരു സൂചികകളിലും ഏറ്റവും ഉയര്‍ന്ന നഷ്ടം നേരിട്ട ഓഹരി ഇന്‍ഫോസിസാണ്.
തളര്‍ത്തിയ വില്‍പന സമ്മര്‍ദ്ദം
ഐ.ടിക്ക് പുറമേ ഫാര്‍മ, കാപ്പിറ്റല്‍ ഗുഡ്‌സ് ഓഹരികളിലും വില്‍പന സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ പി.എസ്.യു ബാങ്ക്, ലോഹം, എഫ്.എം.സി.ജി., വാഹന ഓഹരികളിലുണ്ടായ ഭേദപ്പെട്ട വാങ്ങല്‍ താത്പര്യം പിന്നീട് ഓഹരി സൂചികകളിലെ നഷ്ടത്തിന്റെ ആഴം കുറയ്ക്കുകയായിരുന്നു. ഇന്‍ഫോസിസ് (9.40 ശതമാനം), മൈന്‍ഡ് ട്രീ (6.96 ശതമാനം), ടെക് മഹീന്ദ്ര (5.18 ശതമാനം), പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ് (4.14 ശതമാനം) എന്നിവയാണ് നഷ്ടത്തിന് ചുക്കാന്‍പിടിച്ച പ്രമുഖ ഓഹരികള്‍. എച്ച്.സി.എല്‍ ടെക്, ടി.സി.എസ്., വിപ്രോ, എല്‍ ആൻഡ് ടി., എന്‍.ടി.പി.സി, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയും നഷ്ടം നേരിട്ട മുന്‍നിര ഓഹരികളാണ്.
എസ്.ബി.ഐ., കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, നെസ്‌ലെ ഇന്ത്യ എന്നിവ നേട്ടം കുറിച്ചു. ഇന്ത്യയുടെ മൊത്തവില പണപ്പെരുപ്പം (ഹോള്‍സെയില്‍ ഇന്‍ഫ്‌ളേഷന്‍) ഫെബ്രുവരിയിലെ 3.85 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 29 മാസത്തെ താഴ്ചയായ 1.34 ശതമാനത്തിലേക്ക് താഴ്‌ന്നെങ്കിലും ഓഹരി സൂചികകളുടെ തകര്‍ച്ചയ്ക്ക് തടയിടാനായില്ല.
18 കേരള ഓഹരികള്‍ നേട്ടത്തില്‍
ഓഹരി സൂചികകള്‍ ആടിയുലഞ്ഞെങ്കിലും ഇന്ന് കേരളം ആസ്ഥാനമായ 18 കമ്പനികളുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. പത്ത് കമ്പനികള്‍ നഷ്ടം നേരിട്ടു.
സി.എസ്.ബി ബാങ്ക് (6.10 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ് (6.18 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.66 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.72 ശതമാനം) എന്നിവ നേട്ടം കുറിച്ച പ്രമുഖരാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കല്യാണ്‍ ജുവലേഴ്‌സ് എന്നിവ നഷ്ടം നേരിട്ടു.
Next Story
Videos