പല ഓഹരികളില്‍ നിക്ഷേപിക്കാം, കമ്പനികളുടെ എണ്ണം കൂടരുത്

എന്താണ് ഓഹരി വിപണി, ലളിതമായി വിശദീകരിക്കാമോ?

പേര് സൂചിപ്പിക്കും പോലെ കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുകയും നിക്ഷേപകര്‍ അവ വാങ്ങുകയും ചെയ്യുന്ന പൊതുവായ ഇടമാണത്. ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട ഓഹരി വിപണികളാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും (എന്‍എസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ)

കമ്പനികളുടെ ഉടമസ്ഥാവകാശത്തെ ആണ് ഓഹരികള്‍ കൊണ്ട് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് 100 ഓഹരികള്‍ ഉള്ള ഒരു കമ്പനിയുടെ 10 ഓഹരികള്‍ നിങ്ങളുടെ കൈവശം ഉണ്ടെന്ന് കരുതുക. ആ കമ്പനിയുടെ 10 ശതമാനം ഉടമസ്ഥാവകാശം നിങ്ങള്‍ക്ക് ലഭിക്കും. ഓഹരി ഉടമ എന്ന നിലയില്‍ കമ്പനിയുടെ ലാഭ വിഹിതം, തീരുമാനങ്ങള്‍ എടുക്കാനുള്ള വോട്ടവകാശം, ബോണസ് ഓഹരികള്‍ തുടങ്ങിയവയൊക്കെ നിക്ഷേപകന് ലഭിക്കും. നിക്ഷേപം നടത്തുന്ന കമ്പനി മെച്ചപ്പെട്ട പ്രകടനം നടത്തുകയാണെങ്കില്‍ ക്രമേണ ഓഹരികളുടെ വിലയും ഉയരാം. ഇത്തരത്തില്‍ വില ഉയരുമ്പോള്‍ ഓഹരികള്‍ വിറ്റ് ലാഭം നേടുക എന്നതാണ് നിക്ഷേപകര്‍ ചെയ്യുന്നത്.

എനിക്ക് ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ട്, എവിടെ തുടങ്ങണം?

ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും നിങ്ങള്‍ക്ക് ഒരു ട്രേഡിംഗ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും വേണം. ഓഹരി വിപണിയിലെ ക്രയവിക്രയങ്ങള്‍ നടക്കുന്നത് ഈ ഓണ്‍ലൈന്‍ അക്കൗണ്ടുകളിലൂടെയാണ്. നിങ്ങള്‍ വാങ്ങുന്ന ഓഹരികള്‍ സൂക്ഷിക്കുന്നത് ഡീമാറ്റ് അക്കൗണ്ടിലാണ്. ഓഹരികള്‍ വാങ്ങാനും വില്‍ക്കാനുമാണ് ട്രേഡിംഗ് അക്കൗണ്ട് ഉപയോഗിക്കുന്നത്.

സെബിയില്‍ (SEBI) രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബ്രോക്കര്‍മാര്‍ വഴിയാണ് ഈ അക്കൗണ്ടുകള്‍ എടുക്കേണ്ടത്.ട്രേഡിംഗ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ഓരേ ബ്രോക്കറുടേത് തന്നെ ആവണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ഒരു ബ്രോക്കറില്‍ നിന്ന് തന്നെ രണ്ട് അക്കൗണ്ടുകളും എടുക്കുന്നതാണ് സൗകര്യപ്രദം. നിലവില്‍ ബ്രോക്കര്‍മാരെല്ലാം ട്രേഡിംഗ്-ഡീമാറ്റ് അക്കൗണ്ടുകള്‍ ഒന്നിച്ചാണ് നല്‍കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ക്കൊപ്പം ട്രേഡിംഗ്-ഡീമാറ്റ് അക്കൗണ്ടുകള്‍ കൂടി ഉള്‍പ്പെടുന്ന ത്രീ-ഇന്‍-വണ്‍ സേവനങ്ങളും ലഭിക്കും.

ട്രേഡിംഗ്-ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കാന്‍ താഴെ പറയുന്ന രേഖകള്‍ ആവശ്യമാണ്

1. പാന്‍കാര്‍ഡ് (ആധാറുമായി ബന്ധിപ്പിച്ചിരിക്കണം)

2. ആധാര്‍ കാര്‍ഡ്

3. ക്യാന്‍സല്‍ ചെയ്ത ഒരു ബാങ്ക് ചെക്ക്

4. ഫോട്ടോ

5. ഒപ്പിന്റെ ഫോട്ടോ

6.ഇ-മെയില്‍ ഐഡി

7.മൊബൈല്‍ നമ്പര്‍ (ആധാറുമായി ബന്ധിപ്പിച്ചിരിക്കണം)

8.ഇന്‍കം ടാക്‌സ് സമര്‍പ്പിച്ച രേഖ/ ഫോം 16/ ആസ്തി സര്‍ട്ടിഫിക്കറ്റ്, സാലറി സ്ലിപ്പ്/ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്/ ഡീമാറ്റ് അക്കൗണ്ട് ഹോള്‍ഡിംഗ് സ്റ്റേറ്റ്മെന്റ് (ഇതില്‍ എതെങ്കിലും ഒന്ന് ) -ഫ്യൂച്ചറുകളും ഓപ്ഷനുകളും ട്രേഡ് ചെയ്യണമെങ്കിൽ മാത്രമേ ഈ ഡോക്യുമെന്റുകൾ ആവശ്യമുള്ളൂ.

ഞാന്‍ ഓഹരി വിപണിയില്‍ തുടക്കക്കാരനാണ്. എന്തൊക്കെ ശ്രദ്ധിക്കണം?

കമ്പനികളെ പഠിച്ച ശേഷം അവയുടെ ഓഹരികള്‍ വാങ്ങിക്കാം. അല്ലെങ്കില്‍ സെബി അംഗീകൃതമായി, സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ സഹായം തേടാം. സാധാരണ രീതിയില്‍ ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഹരികളുടെ പോര്‍ട്ട്ഫോളിയോയില്‍ നിന്ന് നമുക്ക് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാവുന്നതാണ്.

ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിന് മികച്ച പോര്‍ട്ട്ഫോളിയോ ആവശ്യമാണ്. നല്ല പ്രകടനം കാഴ്ചവെയ്ക്കുന്ന സെന്‍സെക്സ് (SENSEX), നിഫ്റ്റി (NIFTY) സൂചികകളുടെ (Index) ഭാഗമായ ഓഹരികളാവും തുടക്കക്കാര്‍ക്ക് അനുയോജ്യം. വ്യത്യസ്ത മേഖലയിലുള്ള കമ്പനികളുടെ ഓഹരികള്‍ പോര്‍ട്ട്ഫോളിയോയുടെ ഭാഗമാക്കുന്നതാണ് നല്ലത്. എന്നാല്‍ മേഖലകളുടെ എണ്ണം കൂടരുത്. ഒരേസമയം 10-12 കമ്പനികളില്‍ നിക്ഷേപം നടത്തുന്നതാണ് നല്ലത്. പോര്‍ട്ട്ഫോളിയോയില്‍ ഉള്ള ഓഹരികളുടെ പ്രകടനം കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഏതെങ്കിലും കമ്പനിയുടെ ഓഹരികള്‍ സ്ഥിരമായി മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കില്‍ അവയെ ഒഴിവാക്കണം. കൂടാതെ, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാം.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it