ഓഹരികള്‍ ഒരേ ദിവസം തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാമോ

ഓഹരികള്‍ ഒരു ദിവസം തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ഇന്‍ട്രാ-ഡേയ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. കൂടാതെ ഹ്രസ്വകാല-ദീര്‍ഘകാല നിക്ഷേപങ്ങളും ഓഹരി വിപണിയില്‍ നടത്താം. ട്രേഡിംഗ് ഒരു തൊഴിലായി സ്വീകരിക്കുന്നവരും കൂടുതല്‍ ലാഭം നേടാന്‍ ശ്രമിക്കുന്നവരും പൊതുവെ തെരഞ്ഞെടുക്കുന്നത് ഈ രീതിയാണ്. ഉദാഹരണത്തിന് ഒരു വ്യാപാര ദിനം രാവിലെ നിങ്ങള്‍ ഇന്‍ട്രാ-ഡേയ് ആയി 500 രൂപ വിലയുള്ള 1000 ഓഹരികള്‍ വാങ്ങിയെന്ന് കരുതുക.

അതേ ദിവസം ഓഹരി വില 510 രൂപയായി ഉയരുകയാണെങ്കില്‍ നിങ്ങള്‍ക്ക് 10,000 രൂപ മൊത്തം ലാഭം നേടാം. തിരിച്ച് നഷ്ടവും സംഭവിക്കാം. ഇന്‍ട്രാ-ഡേയ് രീതിയില്‍ വാങ്ങുന്ന ഓഹരികള്‍ അന്ന് തന്നെ വിറ്റിഴിക്കണം. അല്ലാത്തപക്ഷം അന്നേ ദിവസം ഓഹരി വിപണി ക്ലോസ് ചെയ്യുന്ന സമയം അപ്പോഴത്തെ നിരക്കില്‍ സ്വമേധയാ പൊസിഷന്‍ സ്‌ക്വയര്‍ ഓഫ് (squared off) ചെയ്യപ്പെടും.

പൊസിഷണല്‍ ട്രേഡിംഗ് / ഹ്രസ്വകാല നിക്ഷേപം- ഓഹരികള്‍ വാങ്ങി ഒരു വര്‍ഷം എത്തുന്നതിന് മുന്‍പ് വില്‍ക്കുന്ന രീതിയെ ഹ്രസ്വകാല നിക്ഷേപങ്ങള്‍ എന്ന് വിളിക്കുന്നു. ഓഹരി വില ഉയരുന്നതിന് അനുസരിച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള സമയം ഇവിടെ നിക്ഷേപകന് ലഭിക്കും. വില ഇടിയല്‍ കണക്കാക്കി വില്‍പ്പന സംബന്ധിച്ച് മുന്‍കൂട്ടി തീരുമാനം എടുക്കുകയും ചെയ്യാം.ഇതിനായി ടെക്നിക്കല്‍ ചാര്‍ട്ടും അതിന്റെ സൂചികകളും മറ്റും ഉപയോഗിക്കാം. ഇന്‍ട്രാ-ഡേയെ അപേക്ഷിച്ച് റിസ്‌ക് കുറവാണ്.

ദീര്‍ഘകാല നിക്ഷേപങ്ങള്‍ - 10 വര്‍ഷം മുമ്പ് abc എന്ന കമ്പനിയില്‍ നിക്ഷേപിച്ച 10,000 രൂപ ഇപ്പോള്‍ 10 ലക്ഷം ആയി എന്നൊക്കെയുള്ള വാര്‍ത്തകള്‍ കാണാറില്ലേ. ഈ നേട്ടങ്ങളൊക്കെ ലഭിക്കുന്നത് ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെയാണ്. ഓഹരി വിപണിയില്‍ ഏറ്റവും റിസ്‌ക് കുറഞ്ഞ നിക്ഷേപ രീതിയും ഇതുതന്നെ. മികച്ച കമ്പനികളുടെ ഓഹരികള്‍ നോക്കി നിക്ഷേപം നടത്തണമെന്ന്് മാത്രം. ഇടക്കാലങ്ങളില്‍ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ ദീര്‍ഘകാല നിക്ഷേപകനെ ഒരു പരിധിവരെ ബാധിച്ചേക്കില്ല. ഹ്രസ്വകാല നിക്ഷേപങ്ങളെ അപേക്ഷിച്ച് നേട്ടത്തിന് മേലുള്ള നികുതിയും കുറവാണ്.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it