പേടിഎം ഐപിഒ; പുതിയ ഓഹരികള്‍ സമാഹരിക്കാനുള്ള പ്രമേയത്തിന് ഓഹരി ഉടമകളുടെ അംഗീകാരം

പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) വഴി 12,000 കോടി രൂപയുടെ പുതിയ ഓഹരികള്‍ സമാഹരിക്കാനുള്ള പ്രമേയത്തിന് ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎമ്മിന്റെ ഓഹരി ഉടമകള്‍ തിങ്കളാഴ്ച അംഗീകാരം നല്‍കിയതായി കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ സ്റ്റാര്‍ട്ടപ്പിന്റെ ഐപിഓയ്ക്ക് ഔദ്യോഗിക അംഗീകാരമായെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

2021 നവംബറില്‍ ഇന്ത്യന്‍ എക്‌സ്‌ചേഞ്ചുകളില്‍ അരങ്ങേറ്റം കുറിക്കുകയെന്ന ലക്ഷ്യത്തോടെ പേടിഎം വരും ആഴ്ചകളില്‍ ഐപിഒ പ്രോസ്‌പെക്ടസ് ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച നടന്ന എക്സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗില്‍ (ഇജിഎം) പേടിഎം ഷെയര്‍ഹോള്‍ഡര്‍മാര്‍, സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ വിജയ് ശേഖര്‍ ശര്‍മയെ പ്രമോട്ടറായി തുടരുന്നതിനെയും അംഗീകരിച്ചു. ഇതോടെ പേടിഎമ്മിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി ശര്‍മ്മ തുടരും.
പേടിഎമ്മിന്റെ ഐപിഒയ്ക്ക് ഏകദേശം 4,600 കോടി രൂപയുടെ സെക്കന്‍ഡറി എലമന്റ് കൂടി ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. അതിലൂടെ നിക്ഷേപകര്‍ ഐപിഒ സമയത്ത് എക്‌സ്‌ചേഞ്ചുകള്‍ വഴി നേരിട്ട് തങ്ങളുടെ ഓഹരി വില്‍ക്കും. ഇതോടെ മൊത്തം ഓഫര്‍ വലുപ്പം 16,600 കോടി രൂപയായി കണക്കാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it