ഫാംഈസി ലിസ്റ്റിംഗിനില്ല; ഡിആര്‍എച്ച്പി പിന്‍വലിച്ചു

ഫാംഈസിയുടെ (Pharmeasy) മാതൃസ്ഥാപനമായ എപിഐ ഹോള്‍ഡിംഗ് (API Holdings) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറി. ഇതേതുടര്‍ന്ന് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പിന്‍വലിക്കുന്നതായി കമ്പനി അറിയിച്ചു. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പറുകള്‍ സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. എന്നാല്‍ 'വിപണി സാഹചര്യങ്ങളും തന്ത്രപരമായ കാര്യങ്ങളും' കാരണം പിന്‍വലിക്കുകയാണെന്ന് കമ്പനി അറിയിപ്പില്‍ അറിയിച്ചു.

ഐപിഒ നീക്കത്തില്‍നിന്ന് പിന്മാറിയതിനാല്‍ ബിസിനസ് വിപുലീകരണത്തിനായി റൈറ്റ് ഇഷ്യു വഴി ഫണ്ട് സ്വരൂപിക്കാനുള്ള നീക്കത്തിലാണ് എപിഐ ഹോള്‍ഡിംഗ്‌സ്. 'സെപ്റ്റംബര്‍ ആദ്യവാരമോ അതിന് ശേഷം 30 ദിവസത്തേക്കോ റൈറ്റ് ഇഷ്യു തുറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രധാനികളായ ഫാം ഈസി 6,250 കോടി രൂപയുടെ ഐപിഒയ്ക്കാണ് ഡിആര്‍എച്ച്പി ഫയല്‍ ചെയ്തിരുന്നത്. ഇതില്‍ 1,929 കോടി രൂപ കടം തിരിച്ചടയ്ക്കുന്നതിനും ബാക്കി തുക ബിസിനസ് വിപുലീകരണത്തിനും ഏറ്റെടുക്കലിനുമായി വിനിയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വിവിധ നിക്ഷേപകരില്‍ കമ്പനി 350 മില്യണ്‍ ഡോളറും (2,635.22 കോടി രൂപ) സമാഹരിച്ചിരുന്നു. ഇത് സ്ഥാപനത്തിന്റെ മൂല്യം 5.6 ബില്യണ്‍ ഡോളര്‍ (42,197.79 കോടി രൂപ) ആക്കി ഉയര്‍ത്തി. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള അമന്‍സ ക്യാപിറ്റല്‍, ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട്, ApaH ക്യാപിറ്റല്‍, യുഎസ് ഹെഡ്ജ് ഫണ്ട് ജാനസ് ഹെന്‍ഡേഴ്സണ്‍, OrbiMed, Stead view Capital, അബുദാബി ആസ്ഥാനമായുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ട് ADQ, ന്യൂയോര്‍ക്കിലുള്ള ഹെഡ്ജ് ഫണ്ട് ന്യൂബര്‍ഗര്‍ ബെര്‍മാന്‍, ലണ്ടനിലെ സാന്‍ ഗ്രൂപ്പ് എന്നിവയുള്‍പ്പെടെ പുതിയ നിക്ഷേപകരില്‍ നിന്നാണ് 205 മില്യണ്‍ ഡോളര്‍ മൂല്യമുള്ള പ്രാഥമിക ഫണ്ടിംഗ് കമ്പനി നേടിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it