ചെറിയ ഓഹരിയില്‍ വലിയ നിക്ഷേപവുമായി വീണ്ടും പൊറിഞ്ചു വെളിയത്ത്; ഓഹരി 18% കയറി

പോര്‍ട്ട്‌ഫോളിയോയിലേക്ക് ചെറുകിട ഓഹരികള്‍ (small cap) കൂട്ടിച്ചേര്‍ക്കുന്നത് തുടരുകയാണ് പ്രമുഖ നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്ത്. കേരളം ആസ്ഥാനമായ പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മാണ കമ്പനിയായ കേരള ആയുര്‍വേദ ഓഹരികളില്‍ പൊറിഞ്ചു വെളിയത്ത് നിക്ഷേപം നടത്തിയതിനു ശേഷം ഓഹരി തുടര്‍ച്ചയായി അപ്പര്‍ സര്‍കീട്ടിലാണ്. തയ്യല്‍ മെഷീന്‍ നിര്‍മാതാക്കളായ സിംഗര്‍ ഇന്ത്യയിലും കഴിഞ്ഞ പാദത്തില്‍ നിക്ഷേപം നടത്തിയ പൊറിഞ്ചു വെളിയത്ത് ഇപ്പോഴിതാ മറ്റൊരു കുഞ്ഞന്‍ ഓഹരിയിലും (Micro cap) നിക്ഷേപം നടത്തിയിരിക്കുന്നു.

ആരോ ഗ്രീന്‍ടെക്
ബയോപ്ലാസ്റ്റ് എന്ന ബ്രാന്‍ഡില്‍ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കുള്ള തെര്‍മോപ്ലാസ്റ്റിക് മെറ്റീരിയല്‍സ് നിര്‍മിച്ചു നല്‍കുന്ന ആരോ ഗ്രീന്‍ടെക് ലിമിറ്റഡിലാണ് (Arrow Greentech) പൊറിഞ്ചു വെളിയത്ത് 1.06 ശതമാനം ഓഹരികള്‍ കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ സ്വന്തമാക്കിയത്. 1.59 ലക്ഷം ഓഹരികളാണ് വാങ്ങിയത്. നിലവിലെ വില അനുസരിച്ച് 6.2 കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം.
ഓഹരി പങ്കാളിത്ത വിവരങ്ങളില്‍ പൊറിഞ്ചു വെളിയത്തിന്റെ പേരും കണ്ടതോടെ ആരോ ഗ്രീന്‍ടെക് ഓഹരികളില്‍ നിക്ഷേപകര്‍ താത്പര്യം കാട്ടുകയായിരുന്നു. തുടര്‍ന്ന്, വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ ഓഹരി വില 18 ശതമാനം കുതിച്ചുയര്‍ന്നു. ഇന്ന് 1.78 ശതമാനം നേട്ടവുമായി 438 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 250 ശതമാനത്തിലധികം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണ് ആരോ ഗ്രീന്‍ടെക്. കഴിഞ്ഞ ആറു മാസത്തെ നേട്ടം 65 ശതമാനവും.
ലാഭവും വിപണി മൂല്യവും
660 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 19 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. വിറ്റുവരവ് 106 കോടി രൂപയും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 2.28 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ കമ്പനി 2022-23 സെപ്റ്റംബര്‍ പാദം മുതല്‍ നേട്ടത്തിലേക്ക് തിരിച്ചു കയറുകയായിരുന്നു. കമ്പനിയില്‍ പ്രമോട്ടര്‍മാര്‍ക്ക് 68.60 ശതമാനം ഓഹരികളുണ്ട്. 31.40 ശതമാനം ഓഹരികൾ പൊതുനിക്ഷേപകരുടെ കൈവശമാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it