കോകുയോ കാംലിനില്‍ 5.7 കോടി രൂപ നിക്ഷേപവുമായി പൊറിഞ്ചു വെളിയത്ത്
കേരളത്തിലെ പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ്, സ്‌റ്റേഷനറി മാനുഫാക്ചറിംഗ് കമ്പനിയായ കോകുയോ കാംലിനിന്റെ 0.53 ശതമാനം ഓഹരികള്‍ 5.7 കോടി രൂപയ്ക്ക് സ്വന്തമാക്കി. കോകുയോയുടെ 5.4 ലക്ഷം ഓഹരികളാണ് മേയ് 22 ന് 105.79 രൂപ നിരക്കില്‍ വാങ്ങിയതെന്ന് എന്‍.എസ്.ഇ ഡേറ്റ സൂചിപ്പിക്കുന്നു.
അടുത്തിടെയായി മികച്ച പ്രകടനം ഓഹരി കാഴ്ചവയ്ക്കുന്നുണ്ട്. തുടര്‍ച്ചയായ ഏഴ് ട്രേഡിംഗ് സെഷനുകളില്‍ ഓഹരി വിലയില്‍ 41 ശതമാനം വര്‍ധനയുണ്ടായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു നോക്കിയാല്‍ 81 ശതമാനമാണ് ഉയര്‍ച്ച. കോകുയോ കാംലിനിന്റെ വിപണി മൂല്യം 1,090 കോടി രൂപയാണ്.
കോകുയോ കാംലിന്‍
അക്രിലിക് പെയ്ന്റുകള്‍, വരയ്ക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍, പെന്‍സിലുകള്‍, ഇന്‍സ്ട്രമെന്റ് ബോക്‌സ് തുടങ്ങിയ സ്‌റ്റേഷനറി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് കോകുയോ കാംലിന്‍. നേരത്തെ കാംലിന്‍ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ജപ്പാന്‍ കമ്പനി ഏറ്റെടുത്തതോടെയാണ് പേര് കോകുയോ കാംലിന്‍ ലിമിറ്റഡ് എന്നാക്കിയത്.
ഇക്വിറ്റി ഇന്റിലിജെന്റ്‌സ് ഓഹരികള്‍ വാങ്ങിയതിനെ തുടര്‍ന്ന് മെയ് 23 ന് കോകുയോ കാംലിനിന്റെ ഓഹരി വില 117.80 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് 1.5 ശതമാനം ഇടിഞ്ഞ് 109 രൂപയിലാണ് വ്യാപാരം നടക്കുന്നത്.