റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഈ ചെറു ഓഹരി വിറ്റഴിച്ച് പൊറിഞ്ചു വെളിയത്ത്

പ്രമുഖ നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മൈക്രോ ക്യാപ് ഓഹരിയായ അന്‍സാല്‍ ബില്‍ഡ്‌വെല്ലിന്റെ (Ansal Buildwell) ഓഹരികള്‍ വിറ്റഴിച്ചു. ജനുവരി അഞ്ചിനാണ് ഭാര്യ ലിറ്റി തോമസിന്റെ പേരിലുള്ള 44,711 ഓഹരികള്‍ ബള്‍ക്ക് ഡീല്‍ വഴി വിറ്റഴിച്ചത്. ഓഹരിയൊന്നിന് 108.12 രൂപ നിരക്കില്‍ 48.34 ലക്ഷം രൂപയുടേതാണ് ഇടപാട്. കമ്പനിയുടെ ഓഹരികളുടെ 0.60 ശതമാനം വരുമിത്.

2023 മാര്‍ച്ചില്‍ ഓഹരിയൊന്നിന് 70 രൂപ നിരക്കിലാണ് ലിറ്റി തോമസ് അന്‍സാല്‍ ബില്‍ഡ്‌വെല്ലിന്റെ 72,500 ഓഹരികള്‍ സ്വന്തമാക്കിയത്. 2023 സെപ്റ്റംബര്‍ പാദത്തിലെ കണക്കുകളനുസരിച്ച് ലിറ്റി തോമസിന് ഒരു ലക്ഷം ഓഹരികളാണ് (1.35 ശതമാനം) അന്‍സാല്‍ ബില്‍ഡ്‌വെല്ലിലുള്ളത്. ഇതുകൂടാതെ പൊറിഞ്ചു വെളിയത്തിന്റെ നേതൃത്വത്തിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ്‌ ഇന്ത്യ എന്ന സ്ഥാപനത്തിന് 1,50,000 (2.03 ശതമാനം) ഓഹരികളും കമ്പനിയിലുണ്ട്.
ദീര്‍ഘകാല താത്പര്യം
പൊറിഞ്ചു വെളിയത്ത് ദീര്‍ഘകാലമായി നിക്ഷേപം തുടര്‍ന്നു പോരുന്ന ചെറു ഓഹരികളിലൊന്നാണ് അന്‍സാല്‍ ബില്‍ഡ്‌വെല്‍. 2011 മാര്‍ച്ച് 31ന് 39,000 ഓഹരികള്‍ പൊറിഞ്ചു വെളിയത്ത് 50.98 രൂപ നിരക്കില്‍ വില്‍ക്കുകയും അന്ന് തന്നെ 50.97 രൂപ നിരക്കില്‍ 40,000 ഓഹരികള്‍ ഇക്വിറ്റി ഇന്റലിജന്‍സ് വഴി വാങ്ങുകയും ചെയ്തു.

പിന്നീട് 2015 മാര്‍ച്ച് 23ന് 64.25 രൂപ നിരക്കില്‍ 55,000 ഓഹരികളും ഏപ്രില്‍ 16ന് 99.41 രൂപ നിരക്കില്‍ 45,000 ഓഹരികളും ഏപ്രില്‍ 28ന് 113.45 രൂപ നിരക്കില്‍ 50,000 ഓഹരികളും ഇക്വിറ്റി ഇന്റലിജന്‍സ് വാങ്ങി. ശരാശരി 91.2 രൂപ നിരക്കിലെ ഈ ഓഹരി സ്വന്തമാക്കല്‍ മുതല്‍ അനസാല്‍ ബില്‍ഡ്‌വെല്ലിന്റെ പൊതു ഓഹരി ഉടമകളുടെ പട്ടികയില്‍ ഇക്വിറ്റി ഇന്റലിജന്‍സിന്റെ പേരുണ്ട്.

2011 മുതല്‍ ഈ ഓഹരിയില്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും 40,000 ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതിനു ശേഷമാണ് ബള്‍ക്ക് ഡീല്‍ ലിസ്റ്റില്‍ പൊറിഞ്ചു വെളിയത്തിന്റെ പേര് വന്നു തുടങ്ങിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി വലിയ പ്രകടനം കാഴ്ചവയ്ക്കാതിരുന്ന ഓഹരി പൊറിഞ്ചു വെളിയത്തിന് വലിയ വരുമാനം നല്‍കിയിട്ടില്ല.

നേട്ടവും ലാഭവും

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 130 ശതമാനത്തോളം നേട്ടം നല്‍കിയിട്ടുളള്ള ഓഹരിയാണ് അന്‍സാല്‍ ബില്‍ഡ്‌വെല്‍. ഒരു വര്‍ഷക്കാലയളവില്‍ 25 ശതമാനവും മൂന്ന് മാസക്കലയളവില്‍ 32 ശതമാനവുമാണ് ഓഹരിയുടെ നേട്ടം.
തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ നഷ്ടം രേഖപ്പെടുത്തിയിരുന്ന കമ്പനി സെപ്റ്റംബര്‍ പാദത്തില്‍ 6.62 കോടി രൂപ സംയോജിത ലാഭം നേടി. ഇന്ന് വിപണിയില്‍ 0.24 ശതമാനത്തിന്റെ നേരിയ നേട്ടത്തോടെ 104 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it