2023 ല്‍ മികച്ച ആദായം നല്‍കാവുന്ന രണ്ട് വിലയേറിയ ലോഹങ്ങള്‍
2023 ആരംഭത്തില്‍ സ്വര്‍ണ വില 2.5 % വര്‍ധിച്ച് പവന് 41280 രൂപയായി. വെള്ളിയുടെ വില 0.7 % വര്‍ധിച്ച് കിലോക്ക് 71800 രൂപയായി. രണ്ടു വിലയേറിയ ലോഹങ്ങള്‍ക്കും വില വര്‍ധിക്കാന്‍ സാധ്യത ഉള്ള സാഹചര്യത്തില്‍ 2023 ല്‍ മികച്ച ആദായം നേടി കൊടുക്കുമെന്ന് കരുതുന്നു.
ലോഹങ്ങളെ സംബന്ധിക്കുന്ന വിപണി വിവരങ്ങളും വിശകലനങ്ങളും നല്‍കുന്ന പ്രമുഖ പോര്‍ട്ടലായ കിറ്റ് കോ നടത്തിയ സര്‍വേയില്‍ 37.5 % പേര്‍ സ്വര്‍ണം ഏറ്റവും മികച്ച ആദായം നല്‍കുമെന്ന് അഭിപ്രായപ്പെട്ടു. 36.8 % വെള്ളിയില്‍ പ്രതീക്ഷ അര്‍പ്പിച്ചു, 8 % ചെമ്പില്‍. എന്നാല്‍ ബിറ്റ് കോയിന്‍ മികച്ച ആദായം നല്‍കുമെന്ന് 4.7 % പേര്‍ മാത്രമാണ് വിശ്വസിക്കുന്നത്.
ഇന്ത്യയില്‍ അവധി വ്യാപാരത്തില്‍ 10 ഗ്രാമിന് 55400 രൂപയില്‍ മുകളില്‍ നിന്നാല്‍ വിപണി ബുള്ളിഷാണന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അഭിപ്രായപ്പെട്ടു. മിക്ക മാര്‍ക്കറ്റ് അനലിസ്റ്റുകളും സ്വര്‍ണം മികച്ച പ്രകടനം നടത്തുമെന്ന് പറയാന്‍ കാരണം അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചതാണ്. 2023 ല്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ 5 % വരെ വര്‍ധിപ്പിച്ച ശേഷം മാന്ദ്യമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കില്ല. അന്താരാഷ്ട്ര സ്വര്‍ണ വില 2023 ല്‍ ഔണ്‍സിന് 1900 -2000 ഡോളര്‍ പരിധിയില്‍ വ്യാപാരം നടക്കാനാണ് സാധ്യത. നിലവില്‍ 1875 ഡോളറാണ്.
വെള്ളി സ്വര്‍ണത്തേക്കാള്‍ മികച്ച ആദായം നിക്ഷേപകര്‍ക്ക് നല്‍കാമെന്ന് കരുതുന്നവരും ഉണ്ട്. ഡിമാന്‍ഡിന് അനുസൃതമായി ലഭ്യത വര്‍ധിക്കാത്തതാണ് കാരണം. പണപ്പെരുപ്പവും, കേന്ദ്ര ബാങ്ക് പലിശ നയങ്ങളും മുന്‍ വര്‍ഷത്തെ പോലെ 2023 ലും സ്വര്‍ണ വിലയെ സ്വാധീനിക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വെള്ളിക്ക് വ്യാവസായിക ആവശ്യവും, ആഭരണ നിര്‍മാണ ആവശ്യങ്ങളും ഏകദേശം തുല്യമായതിനാല്‍ സ്വര്‍ണത്തെ ക്കാള്‍ ആദായം ലഭിക്കാന്‍ സാധ്യത ഉണ്ടെന്ന് ചില നിരീക്ഷകര്‍ കരുതുന്നു.