രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം വെട്ടിക്കുറച്ച 10 ഓഹരികള്‍ ഇവയാണ്
ഇന്ത്യയിലെ പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോ എപ്പോഴും നിക്ഷേപകര്‍ പിന്തുടരാറുണ്ട്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നിക്ഷേപ താല്‍പര്യങ്ങള്‍ പഠിച്ച് പിന്തുടരുന്ന നിരവധി പേരുണ്ട്. 2022 ജൂണില്‍ അവസാനിച്ച പാദത്തില്‍ അദ്ദേഹം നിക്ഷേപം വെട്ടിക്കുറച്ച 10 ഓഹരികള്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അത് മാത്രമല്ല മുന്‍പ് നിക്ഷേപമുണ്ടായിരുന്ന ഒരു ഓഹരിയെ പുതുതായി തന്റെ പോര്‍ട്ട്‌ഫോളിയോയിലേക്ക് തിരിച്ച് കൊണ്ട് വന്നിട്ടുമുണ്ട് ജുന്‍ജുന്‍വാല.
നാഷണല്‍ അലൂമിനിയം, ഇന്ത്യ ബുള്‍സ് റിയല്‍ എസ്‌റ്റേറ്റ് കമ്പനി, ഡെല്‍റ്റ കോര്‍പ്പ്, ന്യൂസ് 18 ബ്രോഡ്കാസ്റ്റ് തുടങ്ങിയ ഓഹരികള്‍ പൂര്‍ണമായും വിറ്റൊഴിച്ചിരിക്കുകയാണ് ജുന്‍ജുന്‍വാല. എന്താണ് Exit നുള്ള കാരണമെന്ന് ബിഗ് ബുള്‍ പ്രതികരിച്ചിട്ടില്ല.
നിക്ഷേപം വെട്ടിച്ചുരുക്കിയ മറ്റ് ഓഹരികള്‍ ഡിബി റിയല്‍റ്റി ലിമിറ്റഡ്, ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്‌സ്, നസറ ടെക്‌നോളജീസ് എന്നിവയില്‍ 0.1 ശതമാനമാക്കിയാണ് പോര്‍ട്ട്‌ഫോളിയോ അഴിച്ചുപണിതിരിക്കുന്നത്.
എന്‍സിസി ലിമിറ്റഡിലെ ഓഹരികള്‍ 0.2 ശതമാനമാക്കിയാണ് ചുരുക്കിയത്. അതേസമയം ഒരു ഓട്ടോ കംപോണന്റ് ഓഹരിയെയാണ് തന്റെ പോര്‍ട്ട്‌ഫോളിയോയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുള്ളത് ജുന്‍ജുന്‍വാല. എസ്‌കോര്‍ട്‌സ് ക്യുബോട്ട ലിമിറ്റഡ് ഓഹരികളില്‍ ആണ് ജുന്‍ജുന്‍വാല വീണ്ടും തന്റെ നിക്ഷേപം ഉയര്‍ത്തിയത്. ഇപ്പോള്‍ കമ്പനിയിലെ ആകെ ഇക്വിറ്റി ഷെയറുകളില്‍ 300 കോടി രൂപയുടെ ഓഹരികള്‍ ആണ് ജുന്‍ജുന്‍വാല കൈവശം വച്ചിരിക്കുന്നത്.