ഈ അഞ്ചു ഓഹരികളില്‍ നിന്ന് ജുന്‍ജുന്‍വാല നവംബറില്‍ നേടിയത് 967 കോടി രൂപ!

സ്‌റ്റോക്ക് നിക്ഷേപങ്ങളില്‍ നിന്ന് പണം ഉണ്ടാക്കിയവരും നഷ്ടപ്പെട്ടവരും ധാരാളം ആണ്. കോവിഡിന്റെ വരവോടെ മാര്‍ച്ച് മാസം തകര്‍ന്നു അടിഞ്ഞ സ്‌റ്റോക്ക് മാര്‍ക്കറ്റ് കഴിഞ്ഞ കുറെ മാസങ്ങളായി ലാഭത്തിന്റെ കണക്കുകള്‍ മാത്രം ആണ് പലര്‍ക്കും നല്‍കുന്നത്. നവംബര്‍ മാസത്തിലെ ബുള്‍ റണ്ണില്‍ അത്തരത്തില്‍ കോടികള്‍ നേടിയ ഒരു ഇന്‍വെസ്റ്റര്‍ ആണ് രാകേഷ് ജുന്‍ജുന്‍വാലാ. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ കാണിക്കുന്ന താല്‍പ്പര്യവും സമ്പദ് വ്യവസ്ഥ കരകേറുന്നു എന്ന പ്രതീതിയുമാണ് ഓഹരി വിപണികളില്‍ ഉണ്ടായ ഉണര്‍വിന്റെ പ്രധാന ഘടകങ്ങള്‍. സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം 11 ശതമാനം ഈ മാസം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ജുന്‍ജുന്‍വാലാ തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്ള അഞ്ചു സ്‌റ്റോക്കുകളില്‍ കൂടി നേടിയത് ഏകദേശം 967 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതെ സമയം കഴിഞ്ഞ പാദത്തില്‍ തന്റെ നിക്ഷേപം വര്‍ധിപ്പിച്ച മൂന്നു സ്‌റ്റോക്കുകള്‍ ഏകദേശം 65.3 കോടി രൂപ നഷ്ടപ്പെടുത്തി.

ടൈറ്റന്‍ കമ്പനിയില്‍ ഉള്ള നിക്ഷേപം ആണ് ജുന്‍ജുന്‍വാലായുടെ കോടികളുടെ ലാഭം ഉറപ്പിച്ചത്. ടൈറ്റന്‍ ഷെയറുകള്‍ നവംബറില്‍ ഓഹരി വിപണിയുടെ സൂചികകളെ കടത്തിവെട്ടി ഏകദേശം 11.5 ശതമാനം വില വര്‍ധിച്ചു. ജുന്‍ജുന്‍വാലക്കും ഭാര്യക്കും കൂടി ഏകദേശം 4.9 കോടി ഷെയറുകള്‍ ഈ ടാറ്റ ഗ്രൂപ്പിന്റെ കമ്പനിയില്‍ ഉണ്ട്. ടൈറ്റാനില്‍ ഉണ്ടായ വര്‍ധന കൊണ്ട് മാത്രം ജുന്‍ജുന്‍വാലക്ക് ഏകദേശം 686 കോടി രൂപ ലാഭം ഉണ്ടായി. മാര്‍ച്ചില്‍ സംഭവിച്ച നഷ്ടം നികത്തിയ ടൈറ്റാന്‍ ഈ വര്ഷം ഏകദേശം 17 ശതമാനം വില വര്‍ധന രേഖപ്പെടുത്തി.

ടൈറ്റനെ പോലെ തന്നെ ജൂണ്‍ജൂന്‍വാലക്ക് ലാഭം നവംബറില്‍ നേടി കൊടുത്ത മറ്റൊരു സ്‌റ്റോക്ക് ആണ് എസ്‌കോര്‍ട്്‌സ്. ഈ ഷെയര്‍ കൊണ്ട് ഏകദേശം 149.2 കോടി രൂപ അദ്ദേഹം നേടി. എസ്‌കോര്‍ട്‌സ് ഏകദേശം 16 ശതമാനം ആണ് ഈ കാലയളവില്‍ ഉയര്‍ന്നത്. ജുന്‍ജുന്‍വാലക്ക് എസ്‌കോര്‍ട്‌സില്‍ ഉള്ള ഷെയറുകള്‍ 76 ലക്ഷമാണ്.

ഇതേ പോലെ തന്നെ ടാറ്റ ഗ്രൂപ്പ് കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ഏകദേശം 21 ശതമാനം വില വര്‍ധന നവംബറില്‍ രേഖപ്പെടുത്തി. ഏതാണ്ട് 97 രൂപ വില ഉണ്ടായിരുന്ന ഈ കമ്പനി ഷെയര്‍ ഉയര്‍ന്നു 118 വരെ ആയപ്പോള്‍, ഇന്ത്യന്‍ ഹോട്ടല്‍സില്‍ നിന്ന് 'ബിഗ് ബുള്‍' എന്ന് വിശേഷമുള്ള ജുന്‍ജുന്‍വാല നേടിയത് 26.3 കോടി രൂപയുടെ ലാഭം ആണ്.

ടാറ്റായുടെ മറ്റൊരു ഗ്രൂപ്പ് കമ്പനിയായ റാലിസ് ഇന്ത്യയിലും ജുന്‍ജുന്‍വാലക്ക് രണ്ടു കോടിയില്‍ പരം ഷെയറുകള്‍ ഉണ്ട്. ഈ സ്‌റ്റോക്ക് 11 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ജുന്‍ജുന്‍വാല ലാഭം കൊയ്തു.

ഏകദേശം 50 കോടി രൂപയുടെ ലാഭമാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ ഷെയറുകള്‍ 18 ശതമാനം വില വര്‍ധിച്ചപ്പോള്‍ ജുന്‍ജുന്‍വാല കരസ്ഥമാക്കിയത്.

അതെ സമയം ഈ കാലയളവില്‍ തന്നെ നഷ്ടം വരുത്തിയ സ്‌റ്റോക്കുകളും അദ്ദേഹത്തിന് ഉണ്ട്. ലുപിന്‍, ജൂബിലന്റ് ലൈഫ് സയന്‍സസ്, അഗ്രോ ടെക് ഫുഡ്‌സ് എന്നിവയാണവ. ലുപിന്‍ ഷെയര്‍ 2.13 ശതമാനം ഇടിഞ്ഞു ജുന്‍ജുന്‍വാലക്കു 34 കോടിയുടെ നഷ്ടം വരുത്തിയപ്പോള്‍ ജൂബിലന്റ് 4.1 ശതമാനവും, അഗ്രോ ടെക്ക് 5.2 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it