വിപണിയുടെ മോഹങ്ങൾ തല്ലിക്കെടുത്താതെ ശക്തി കാന്ത ദാസ്, റിസർവ് ബാങ്കിന്റെ പുതിയ പ്രഖ്യാപനങ്ങൾ ഇതൊക്കെ

ബാങ്കുകൾക്കും ധനകാര്യ കമ്പനികൾക്കും ഗുണകരമായ തീരുമാനങ്ങൾ റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇന്നു രാവിലെ ഓഹരി വിപണി തുടങ്ങിയത്. ബാങ്ക്, എൻബിഎഫ്സി, മെറ്റൽ, സിമൻ്റ് ഓഹരികൾ തുടക്കത്തിലേ മുന്നേറുകയും ചെയ്തു.

ഗവർണർ ശക്തികാന്ത ദാസ് വിപണിയുടെയും ധനകാര്യ മേഖലയുടെയും മോഹങ്ങൾ തല്ലിക്കെടുത്തിയില്ല.
വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ, മറ്റു മെഡിക്കൽ സംവിധാനങ്ങൾ, കോവിഡ് രോഗികൾ തുടങ്ങിയ വിഭാഗങ്ങൾക്കു വായ്പ നൽകാൻ 50,000 കോടി രൂപ മൂന്നു വർഷത്തേക്കു ലഭ്യമാക്കുന്നതാണു പ്രധാന പ്രഖ്യാപനം. റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന പണം ഉപയോഗിച്ചു നൽകുന്ന വായ്പകൾ മുൻഗണനാ വായ്പകളായി പരിഗണിക്കപ്പെടും. ഇങ്ങനെ നൽകുന്ന കോവിഡ് വായ്പയ്ക്കു തുല്യമായ തുക റിവേഴ്സ് റീ പോയേക്കാൾ 0.4 ശതമാനം കൂടിയ നിരക്കിൽ (3.75 ശതമാനം) റിസർവ് ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യാം.
വ്യക്തികളുടെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും 25 കോടി യിൽ താഴെയുള്ളകടങ്ങൾ പുനർ ക്രമീകരിക്കാൻ അനുവദിച്ചതും പ്രധാനമാണ്.
കടപ്പത്രം തിരിച്ചു വാങ്ങൽ പദ്ധതി (ജിസാപ് ) യുടെ രണ്ടാം ഗഡുവായി മേയ് 20ന് 35,000 കോടിയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങും.
സ്മോൾ ഫിനാൻസ് ബാങ്കുകൾ ചെറിയ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കു നൽകുന്ന വായ്‌പയും മുൻഗണനാ വായ്പകളിൽ പെടുത്തി.
സംസ്ഥാന സർക്കാരുകളുടെ ഓവർ ഡ്രാഫ്റ്റ് 36 ദിവസം വരെ എന്നത് 50 ദിവസം വരെയാക്കി.
മോറട്ടോറിയം പ്രഖ്യാപിച്ചില്ലെങ്കിലും അനുവദിച്ച പദ്ധതികൾ വിപണിയെയും ബാങ്കുകളെയും സന്തോഷിപ്പിച്ചതായി സൂചികകളുടെ ഉയർച്ച കാണിക്കുന്നു. കടത്തിൻ്റെ കാലാവധി നീട്ടാൻ അനുവദിച്ചത് മോറട്ടോറിയത്തിനു തുല്യമായി പലരും കണക്കാക്കുന്നു.
സാമ്പത്തിക വളർച്ച പ്രതീക്ഷയിലും അൽപം കുറയുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി.എന്നാൽ എത്ര താഴുമെന്ന സൂചന ജൂണിലേ നൽകൂ.
മ്യാൻമറിലെ തുറമുഖ പദ്ധതിയിൽ നിന്ന് അഡാനി പോർട്സ് പിന്മാറുമെന്ന റിപ്പോർട്ട് കമ്പനിയുടെ ഓഹരി വില ഗണ്യമായി ഇടിച്ചു. അമേരിക്കയുടെ ഉപരോധം ഭയന്നാണു പിന്മാറ്റം.
കോവിഡ് നിയന്ത്രണങ്ങൾ വർധിക്കുന്നതു വിൽപനയെ ബാധിക്കുമെന്നതിൻ്റെ പേരിൽ എഫ്എംസിജി കമ്പനികളുടെ ഓഹരി വില താഴുകയാണ്. എച്ച്യുഎൽ, നെസ്ലെ, പി ആൻഡ് ജി, ഡാബർ തുടങ്ങിയവ ഇങ്ങനെ താഴാേട്ടു പോയി.
സ്വർണത്തിൻ്റെ അന്താരാഷ്ട്ര വില 1782 ഔൺസിന് ഡോളറായി. കേരളത്തിൽ പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയായി.
ഡോളർ നിരക്കിൽ കാര്യമായ മാറ്റമില്ല. 73.84 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it