വികസിത രാജ്യങ്ങള്‍ക്ക് കാലിടറുമ്പോള്‍ പിടിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ രൂപ
യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഈ വര്‍ഷം ഇതുവരെ ഇടിഞ്ഞത് 6.9 ശതമാനം ആണ്. അതേ സമയം മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ പ്രകടനം ആശ്വാസകരമാണ്.2022 ഓഗസ്റ്റ് 19നും 24നും ഇടയില്‍ രൂപയുടെ മൂല്യം 0.04 ശതമാനം താഴ്ന്നപ്പോള്‍ ചൈനീസ് യുവാന്‍ ഇടിഞ്ഞത് 0.72 ശതമാനം ആണ്.
വിദേശ നിക്ഷേപം ഉയര്‍ന്നതും ആര്‍ബിഐ ഇടപെടലും ആണ് മൂല്യം ഇടിയലില്‍ നിന്ന് രൂപയെ തടഞ്ഞു നിര്‍ത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 107.87ല്‍ എത്തിയിരുന്നു. യുറോ, ജാപ്പനീസ് യെന്‍, ബ്രിട്ടിഷ് പൗണ്ട്, കനേഡിയന്‍ ഡോളര്‍, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രാങ്ക് എന്നിവയ്‌ക്കെതിരയുള്ള ഡോളറിന്റെ മൂല്യം അടിസ്ഥാനമാക്കിയാണ് ഡോളര്‍ ഇന്‍ഡക്‌സ് നിശ്ചയിക്കപ്പെടുന്നത്. ഇക്കാലയളവില്‍ റഷ്യന്‍ റൂബിള്‍- 1.45 ശതമാനം, ബ്രിട്ടീഷ് പൗണ്ട്- 0.35 ശതമാനം, യൂറോ-1 ശതമാനം എന്നിങ്ങനെയാണ് ഡോളറിനെതിരെ മൂല്യം ഇടിഞ്ഞത്.
അതേ സമയം ബ്രസീല്‍ (1.28), മെക്‌സിക്കോ (1.11), ജപ്പാന്‍ (0.28) എന്നീ രാജ്യങ്ങളുടെ കറന്‍സികള്‍ ഡോളറിനെതിരെ നേട്ടമുണ്ടാക്കി. നിലവില്‍ യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 2022ല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 225 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു.
യുഎസില്‍ പലിശ നിരക്ക് ഉയരുമ്പോള്‍ ഡോളര്‍ കരുത്താര്‍ജിക്കുകയും വികസിത രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം ഇടിയുകയുമാണ് പതിവ്. ഓഗസ്റ്റ് 26ന് നടക്കുന്ന ഒരു യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പൗവെല്‍ പലിശ വര്‍ധനവിനെ സംബന്ധിച്ച സൂചന നല്‍കിയേക്കും. അങ്ങനെയെങ്കില്‍ രൂപയുടെ മൂല്യം ഇടിയുന്നതിന്റെ തോത് ഉയര്‍ന്നേക്കാം.