യുക്രെയ്ൻ യുദ്ധം: നിക്ഷേപകര്‍ ശ്രദ്ധിക്കണം ഈ സൂചന

"യുദ്ധം യുക്തിരഹിതമായി മാറിക്കഴിഞ്ഞു; ലക്ഷ്യത്തിന്റെ വിപരീതമായിരിക്കും യുദ്ധത്തിന്റെ ഫലം. കാരണം, രാഷ്ടങ്ങള്‍ക്കിടയിലെ പരസ്പര സാമ്പത്തിക ആശ്രിതത്വം അത്രയേറെ വര്‍ധിച്ചു.''

1910-ല്‍ നോര്‍മന്‍ ആംഗെല്‍ (1872-1967) എന്ന ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ദ ഗ്രേറ്റ് ഇല്യൂഷന്‍ (The Great Illusion) എന്ന പുസ്തകത്തില്‍ അവതരിപ്പിച്ച ആശയമാണത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഏറ്റവും വിപുലമായിരുന്ന കാലം. വന്‍ശക്തി ഏറ്റുമുട്ടലുകള്‍ കുറവായിരുന്നതിനാല്‍ പിന്നീട് പാക്‌സ് ബ്രിട്ടാനിക്ക (ബ്രിട്ടീഷ് സമാധാനം) എന്നു വിശേഷിപ്പിക്കപ്പെട്ട കാലത്തിന്റെ അന്ത്യദശകത്തിലാണ് ഈ പുസ്തകം എഴുതിയത്. മൂലധനവും തൊഴിലും തടസങ്ങളില്ലാതെ ആഗോളതലത്തില്‍ സഞ്ചരിക്കുകയും ലോക വാണിജ്യം ഏറ്റവും സജീവമായിരിക്കുകയും ചെയ്ത കാലം. ഒന്നാം ആഗോളീകരണത്തിന്റെ (1800-1914) സുവര്‍ണകാലം.
പില്‍ക്കാലത്തു സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ആംഗെല്‍ തന്റെ പുസ്തകം പല തവണ പരിഷ്‌കരിച്ചു. എങ്കിലും രാജ്യങ്ങളുടെ വാണിജ്യപരമായ പരസ്പരാശ്രിതത്വം യുദ്ധത്തെ ഒരു നഷ്ടക്കച്ചവടമാക്കി എന്ന സിദ്ധാന്തം തിരുത്തിയില്ല.

ആ പുസ്തകം ഇറങ്ങി അഞ്ചാം കൊല്ലം ഒന്നാം ആഗോളീകരണത്തെ ഇല്ലാതാക്കിയ ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു.

1989-ല്‍ ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയും പിന്നെ സോവ്യറ്റ് യൂണിയന്റെ ശിഥിലീകരണവും മറ്റും രണ്ടാം ആഗോളീകരണത്തിലേക്കു ലോകത്തെ നയിച്ചു. ലോക വ്യാപാര ഉടമ്പടിയും ലോകവ്യാപാര സംഘടനയും നിലവില്‍ വന്നു. മൂലധനവും തൊഴിലും ആഗോളതലത്തില്‍ ആദായ മേഖലകള്‍ തേടി പ്രയാണം നടത്തി. ബൗദ്ധികസ്വത്ത് പോലെയുള്ള വിഷയങ്ങളിലും ആഗോള നടപടിക്രമം ഉണ്ടായി. ലോകം ഒരൊറ്റ കമ്പോളമാകും എന്നു തോന്നി.
ഓരോ രാജ്യത്തെയും കമ്പനികള്‍ നന്നായി പ്രവര്‍ത്തിച്ചു നല്ല ലാഭമുണ്ടാക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കെല്ലാം താല്‍പര്യമുണ്ടെന്നു വന്നു. സുഗമമായ ഗതാഗതവും നല്ല പാതകളും സംവിധാനങ്ങളും എല്ലായിടത്തും ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എങ്കിലേ ബിസിനസുകള്‍ക്കാവശ്യമായ വസ്തുക്കള്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ടു കിട്ടൂ.
ഒപ്പം വളര്‍ന്ന അതൃപ്തികള്‍
വികസിത രാജ്യങ്ങളിലെ ഫാക്ടറികള്‍ ഉപയോഗിക്കാതെ തുരുമ്പു പിടിച്ചു കിടന്നപ്പോള്‍ ചൈനയടക്കം വികസ്വര രാജ്യങ്ങളില്‍ വ്യവസായ മേഖലകള്‍ വളര്‍ന്നു. ഇതു വളര്‍ത്തിയ അസംതൃപ്തിയും ആശങ്കയുമൊക്കെ ഡോണള്‍ഡ് ട്രംപിനെ പോലുള്ള നേതാക്കളുടെ ഉദയത്തിലേക്കും ബ്രെക്‌സിറ്റ് പോലുള്ള പ്രവണതകള്‍ക്കും വഴിതെളിച്ചു. ഉല്‍പന്നങ്ങളുടെ ഇറക്കുമതി പോലെ തന്നെ സേവന മേഖലയില്‍ ആള്‍ക്കാരെ ഇറക്കുമതി ചെയ്യുന്നതും സാധാരണമായി. ഇതു പല രാജ്യങ്ങളിലും സംസ്‌കാരിക അധിനിവേശത്തെപ്പറ്റിയുളള ആശങ്കകള്‍ വര്‍ധിപ്പിച്ചു. യൂറോപ്പില്‍ തീവ്ര വലതുപക്ഷം ശക്തമായി വരുന്നത് ഇതിനോടുള്ള പ്രതികരണമായാണ്.

ആഗാേളീകരണത്തിന്റെ രണ്ടാം പതിപ്പ് 1990 കളില്‍ തുടങ്ങുമ്പോള്‍ തന്നെ അതേച്ചൊല്ലിയുള്ള അതൃപ്തികളും ഉയര്‍ന്നിരുന്നു. സ്വതന്ത്രവാണിജ്യം വികസിപ്പിക്കാനുള്ള കരാറുകളോടു പരക്കെ എതിര്‍പ്പ് വന്നു. പല മേഖലാ വാണിജ്യ കരാറുകളുടെയും ചര്‍ച്ച വഴിമുട്ടി. 2010 കളില്‍ പുതിയ വ്യാപാര സഖ്യങ്ങളുടെ ചര്‍ച്ച തുടങ്ങാന്‍ പോലും സാധിച്ചിട്ടില്ല. വാണിജ്യ ആഗോളീകരണം അവസാനിച്ചോ എന്ന ചോദ്യം പലേടത്തും ഉയര്‍ന്നു.
സാരായെവോ ആകുമോ കീവ്
ഇങ്ങനെയൊരവസരത്തിലാണ് ഉക്രെയ്‌നിലേക്കു റഷ്യന്‍ സേന അതിക്രമിച്ചു കയറിയത്. ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് സാരായെവോയില്‍ നിന്ന് റോഡ് മാര്‍ഗം 1600 കിലോമീറ്റര്‍ അകലെയാണ്. സാരായെവോ ഒന്നാം ആഗോളീകരണത്തിന്റെ അന്ത്യത്തിനു തുടക്കം കുറിച്ചു. ഇപ്പോള്‍ കീവ് രണ്ടാം ആഗോളീകരണത്തിന്റെ അന്ത്യത്തിനു തുടക്കം കുറിക്കുന്നു.
റഷ്യയുടെ നടപടി തെറ്റും ന്യായീകരണം ഇല്ലാത്തതുമാണ്. എന്നാല്‍ പാശ്ചാത്യശക്തികള്‍ ചെയ്തതോ? ആഗോളീകരണത്തിന്റെ മൗലിക പ്രമാണങ്ങളാണ് പാശ്ചാത്യചേരി ലംഘിച്ചത്. വ്യാപാരം ഏതെങ്കിലും സിദ്ധാന്തങ്ങളുടെയോ ഭരണകൂട നയങ്ങളുടെയോ ഉപകരണമാകരുത് എന്നാണ് ആഗോളീകരണം പറയുന്നത്. ഇവിടെ വ്യാപാര ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ - അത് എന്തിന്റെ പേരിലായാലും- വ്യാപാരത്തെ ഭരണകൂട നയങ്ങള്‍ക്കു കീഴിലാക്കുകയാണ്. അതു പ്രയോഗത്തില്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായിരുന്ന ശീതയുദ്ധകാലത്തേക്കു ലോകത്തെ നയിക്കുകയാണ്. സോവിയറ്റ് യൂണിയനു പകരം ചൈന - റഷ്യ കൂട്ടായ്മയായി ഒരു വശത്ത് എന്നു മാത്രം.
മെയ്ഡ് ഇന്‍ ചൈനയും മേക്ക് ഇന്‍ ഇന്ത്യയും

യുക്രെയ്നിലെ റഷ്യന്‍ ആക്രമണത്തിനു മുമ്പുതന്നെ ആഗോളീകരണത്തെ കൈവിടാന്‍ പലരും ശ്രമിച്ചിരുന്നു. ചൈന 'മെയ്ഡ് ഇന്‍ ചൈന 2025' നടപ്പാക്കുന്നതും ഇന്ത്യ 'മേക്ക് ഇന്‍ ഇന്ത്യ'' യും പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമും നടപ്പാക്കുന്നതും ആഗോളീകരണത്തിലെ നഷ്ടങ്ങള്‍ക്കെതിരെയുള്ള തദ്ദേശീയ പ്രതികരണങ്ങളാണ്. അമേരിക്കയുടെ വിമാനവാഹിനിക്കപ്പലിന്റെ മുഴുവന്‍ ഭാഗങ്ങളും അമേരിക്കയില്‍ നിര്‍മിക്കുന്നതാകണമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിക്കുന്നതും ആഗാേളീകരണത്തിലെ അസംതൃപ്തികളുടെ പ്രതിഫലനമാണ്. മെക്‌സിക്കോ മുതല്‍ ജപ്പാന്‍ വരെയും ബ്രസീല്‍ മുതല്‍ കെനിയ വരെയും തദ്ദേശീയ വ്യവസായങ്ങളെ രക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കാണുന്നതും മറ്റൊന്നല്ല.

കോവിഡ് വ്യാപനം ആഗോളീകരണത്തിലെ മറ്റ് അപായ ഘടകങ്ങളെ എടുത്തു കാണിച്ചു. ഗതാഗത തടസം പല രാജ്യങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അത്യാവശ്യമായ സാധനങ്ങളും ഘടകങ്ങളും കിട്ടാതാക്കുന്നു. ലാഭകരമായി ഉല്‍പാദിപ്പിക്കാവുന്ന സ്ഥലത്തേക്ക് ഉത്പാദനം മാറ്റുമ്പോള്‍ ഭക്ഷണവും അവശ്യമരുന്നുകളും വരെ കിട്ടാതാകും. ചെലവ് കൂടിയാലും സ്വന്തം ഉല്‍പാദന ശേഷിയും സംവിധാനവും അനിവാര്യമാണെന്നു രാജ്യങ്ങള്‍ മനസിലാക്കി.

ചുരുക്കം ഇതാണ്: രാഷ്ട്രീയമായും സാമ്പത്തികമായും വാണിജ്യപരമായും ആഗോളീകരണം 2.0 തിരിച്ചടി നേരിടുകയാണ്. യുക്രെയ്ന്‍ ആക്രമണം ആ വിള്ളലുകള്‍ തുറന്നു കാണിച്ചു. മൂലധനം മടങ്ങിപ്പോകാം, സ്വയംപര്യാപ്തതയുടെ നാളുകള്‍ വീണ്ടും വരാം
ഇവിടെ നിന്ന് എങ്ങോട്ട്?
ആഗോളീകരണത്തില്‍ നിന്നു മടക്കമില്ല എന്നു പറഞ്ഞിരുന്നവര്‍ ഇന്നു നിശബ്ദമാണ്. ശബ്ദിക്കുന്നവരാകട്ടെ മടക്കം തള്ളിക്കളയാനാവില്ല എന്ന നിലപാടിലേക്കു മാറി. ആഗോളീകരണത്തിനു മുന്‍കൈ എടുത്തവര്‍ തന്നെ ഇറക്കുമതി - കുടിയേറ്റ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ഇറക്കുമതിക്കു ചുങ്കം കൂട്ടുന്നു. മൂലധന നിക്ഷേപത്തിനു വിലക്കുകള്‍ കൊണ്ടുവരുന്നു. ചൈനീസ്, റഷ്യന്‍ കമ്പനികളെ വിലക്കുന്നു.

ചേരികളായി തിരിഞ്ഞു നിന്ന പഴയ കാലത്തേക്കു ലോകം മടങ്ങുകയാണ്. അതു ക്രമേണ മൂലധനത്തിന്റെയും തൊഴിലിന്റെയും ആഗോള പ്രയാണത്തിനു വിലക്കു വരുന്നതിലേക്കു നയിക്കാം. ഓഹരി വിപണിയിലടക്കം വിദേശ നിക്ഷേപം പരിമിതപ്പെടുത്തുകയോ വിലക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകാം. നമ്മുടെ നയത്തോടു ചേരാത്ത നയമുള്ള രാജ്യത്തേക്കു നമ്മുടെ പണം പോകരുത് എന്ന വിലക്കും ഉണ്ടാകാം.

ഓഹരി വിപണികളില്‍ നിന്നു വിദേശപണം ക്രമേണ പിന്‍വലിക്കുന്നതും മറ്റും ഇപ്പോള്‍ ചിന്തിക്കാന്‍ വിഷമമുണ്ടാകാം. വിദേശ കമ്പനികള്‍ ഇന്ത്യയിലെ ഫാക്ടറികള്‍ അടയ്ക്കുന്നത് ആലോചിക്കാനും എളുപ്പമല്ല. സാമ്പത്തിക വളര്‍ച്ച തീരെക്കുറഞ്ഞതും സ്വയം പര്യാപ്തത ദേശീയ നയമായി വീണ്ടും വരുന്നതും വിഭാവന ചെയ്യാന്‍ ബുദ്ധിമുട്ടാകാം. പക്ഷേ, യുക്രെയ്ൻ യുദ്ധം ലോകത്തെ അങ്ങനെയൊരു മാറ്റത്തിലേക്കു നയിക്കുകയാണ്. പാക്‌സ് അമേരിക്കാന (Pax Americana യുഎസ് മേധാവിത്വത്തില്‍ അധിഷ്ഠിതമായ സമാധാനാന്തരീക്ഷം) യില്‍ അടിത്തറയിട്ട ആഗോളീകരണം 2.0 ന്റെ അന്ത്യത്തിനു തുടക്കമിടുകയാണു യുക്രെയ്നിലെ നിരപരാധികളെ കൊന്നൊടുക്കുന്നതിലൂടെ. കുറേ നാള്‍ കഴിഞ്ഞ് ഓഹരി വിപണിയിലും മറ്റും വലിയ നാടകീയ മാറ്റങ്ങള്‍ക്കു കാരണമാകും ഇത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it