നിറ്റ ജെലാറ്റിന്‍ മാനേജിംഗ് ഡയറക്ടറായി സജീവ് കെ. മേനോനെ നിയമിച്ചു

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യാവസായിക കെമിക്കല്‍/ഫാര്‍മ അസംസ്‌കൃത വസ്തുനിര്‍മ്മാതാക്കളായ നിറ്റ ജെലാറ്റിന്റെ മാനേജിംഗ് ഡയറക്ടറായി സജിവ് കെ. മേനോന്‍ നിയമിതനായി. ജൂണ്‍ ഒന്നുമുതല്‍ 2024ലെ വാര്‍ഷിക പൊതുയോഗം (എ.ജി.എം) വരെയാണ് നിയമനമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കി.

മാനേജിംഗ് ഡയറക്ടറായിരുന്ന ഫിലിപ്പ് ചാക്കോ എം രാജിവച്ച ഒഴിവിലാണ് സജീവ് കെ. മേനോന്റെ നിയമനം. ഈമാസം 19നാണ് ഫിലിപ്പ് ചാക്കോ രാജിവച്ചതായി കമ്പനി വ്യക്തമാക്കിയത്. കൂടുതല്‍ മെച്ചപ്പെട്ട അവസരം മറ്റൊരു കമ്പനിയില്‍ നിന്ന് ലഭിച്ച പശ്ചാത്തലത്തിലായിരുന്നു രാജി.
നായകസ്ഥാനത്ത് വീണ്ടും സജീവ് കെ. മേനോന്‍
നിറ്റ ജെലാറ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് ഇത് വീണ്ടുമെത്തുകയാണ് സജീവ് കെ. മേനോന്. 2014 ഏപ്രില്‍ ഒന്നിന് അദ്ദേഹം മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റിരുന്നു. എട്ടുവര്‍ഷം ആ പദവി വഹിച്ചു. തുടര്‍ന്നാണ് ഫിലിപ്പ് ചാക്കോ ആ സ്ഥാനത്തെത്തിയത്. എന്നാല്‍, പദവിയേറ്റെടുത്ത് ഒരുവര്‍ഷം മാത്രം പൂര്‍ത്തിയാകവേ ഫിലിപ്പ് രാജിവയ്ക്കുകയായിരുന്നു. നിലവില്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് (നോണ്‍-എക്‌സിക്യുട്ടീവ് ഡയറക്ടര്‍) സജീവ്.
കെമിക്കല്‍ എന്‍ജിനിയറിംഗില്‍ ബി.ടെക്., ബംഗളൂരു ഐ.ഐ.എമ്മില്‍ നിന്ന് ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ പി.ജി.ഡി.എം., അമേരിക്കയിലെ
കാര്‍ണിഗി
മെലണ്‍ സര്‍വകലാശാലയില്‍ നിന്ന് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ എന്നിവ നേടിയിട്ടുള്ള സജീവിന് എന്‍ജിനിയറിംഗ്, കെമിക്കല്‍ ഇന്‍ഡസ്ട്രീസ് രംഗത്ത് 30 വര്‍ഷത്തെ പ്രവര്‍ത്തന സമ്പത്തുണ്ട്.
മികച്ച പ്രവര്‍ത്തനഫലം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) നിറ്റ ജെലാറ്റിന്‍ 73.89 കോടി രൂപ ലാഭം നേടിയിരുന്നു. മുന്‍വര്‍ഷത്തെ (2021-22) 34.84 കോടി രൂപയേക്കാള്‍ ഇരട്ടിയോളമാണ് വളര്‍ച്ച. മൊത്തം വരുമാനം 510.55 കോടി രൂപയില്‍ നിന്ന് 566.18 കോടി രൂപയായും വര്‍ദ്ധിച്ചു.
നിറ്റ ജെലാറ്റിന്‍
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയുടെയും ജപ്പാനിലെ നിറ്റ ജെലാറ്റിന്റെയും സംയുക്ത കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്. ഫാര്‍മ ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാലിത്തീറ്റ, കൃഷിയുത്പന്നങ്ങള്‍ എന്നിവയ്ക്കായുള്ള അസംസ്‌കൃതവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. 60 ശതമാനത്തിലധികം ഉത്പന്നങ്ങളും ജപ്പാന്‍, അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. ഇന്ന് 4.48 ശതമാനം നേട്ടത്തോടെ 885.90 രൂപയിലാണ് നിറ്റ ജെലാറ്റിന്‍ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it