ഓഹരികൾ ഡീമാറ്റ് ചെയ്യാനുള്ള അവസാനതീയതി ഏപ്രിൽ ഒന്നിലേക്ക് നീട്ടി

കടലാസ് രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന ഓഹരികൾ ഡീമാറ്റ് (ഇലക്ട്രോണിക് രൂപത്തിലേക്കാക്കുക) ചെയ്യുന്നതിനുള്ള അവസാനതീയതി 2019 ഏപ്രിൽ 1 ലേക്ക് നീട്ടി.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ മുൻ ഉത്തരവ് പ്രകാരം 2018 ഡിസംബർ 5ന് ശേഷം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള കമ്പനികളുടെ ഓഹരികൾ കൈമാറ്റം ചെയ്യുന്നതിന് അവ ഡിമെറ്റീരിയലൈസ് ചെയ്തിരിക്കണം എന്നായിരുന്നു വ്യവസ്ഥ. ഇതേത്തുടർന്ന് ഡീമാറ്റ് ചെയ്യാൻ നിക്ഷേപകരുടെ തിരക്കേറിയതാണ് കൂടുതൽ സമയം അനുവദിക്കാൻ സെബിയെ പ്രേരിപ്പിച്ചത്.

എക്‌സ്‌ചേഞ്ച് വഴിയുള്ള ഓഹരികളുടെ ക്രയവിക്രയത്തിന് ഇപ്പോൾത്തന്നെ ഡീമാറ്റ് വ്യവസ്‌ഥ ബാധകമാണ്. കടലാസ് രൂപത്തിലുള്ള ഓഹരി കൈമാറ്റത്തിനിടയിൽ വൻതോതിൽ തട്ടിപ്പ് നടക്കുന്നത് തടയാനാണ് ഈ നീക്കം.

ഓഹരിയുടമകൾ ക്ലെയിം ചെയ്യാത്ത ഡിവിഡൻഡുകൾ അവരുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി തട്ടിയെടുത്ത സംഭവം വരെയുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടയാനാണ് ഡീമാറ്റ് ചെയ്യുന്ന രീതി നിർബന്ധമാക്കുന്നത്.

കൈമാറാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ കടലാസ് രൂപത്തിലുള്ള സർട്ടിഫിക്കറ്റുകൾ തുടർന്നും അതേ രീതിയിൽ നിലനിർത്തുന്നതിനു തടസ്സമുണ്ടായിരിക്കില്ല. ട്രേഡ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആണ് ഡീമാറ്റ് ചെയ്യേണ്ടി വരിക.

എങ്ങനെ ഡീമാറ്റ് ചെയ്യാം

രാജ്യത്ത് നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡും (NSDL) സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡുമാണ് ഇലക്‌ട്രോണിക് രൂപത്തിലുള്ള ഓഹരികൾ സൂക്ഷിക്കുന്നത്.

ഓഹരികൾ ഡീമാറ്റ് ചെയ്യാൻ നാം സമീപിക്കേണ്ടത് ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ് (ഡിപി) എന്ന നിലയിൽ ഡെപ്പോസിറ്ററികളുടെ ഏജൻസികളായി പ്രവർത്തിക്കുന്ന ബ്രോക്കിങ് കമ്പനികളെയാണ്.

ഡിപിയുമായി ബന്ധപ്പെട്ടു ഡീമാറ്റ് എക്കൗണ്ട് തുടങ്ങാം.

എക്കൗണ്ട് ആരംഭിക്കുന്നതോടെ ഡീമാറ്റിനുള്ള അപേക്ഷ സഹിതം കടലാസ് രൂപത്തിലുള്ള ഓഹരി സറണ്ടർ ചെയ്യണം. ആവശ്യമായ വെരിഫിക്കേഷനുകൾക്ക് ശേഷം ഓഹരി ഡീമാറ്റ് ചെയ്യപ്പെടുന്നതോടെ അവ ഓഹരിയുടമയുടെ എക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it