തിരിച്ചടിയായി 'എച്ച്.ഡി.എഫ്.സി'; ഓഹരി സൂചികകളില്‍ വീഴ്ച

ഒരിടവേളയ്ക്ക് ശേഷം അമേരിക്കയില്‍ വീണ്ടും ബാങ്കുകള്‍ തകരുന്നെന്ന വാര്‍ത്തകളും എച്ച്.ഡി.എഫ്.സിയുടെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും ഓഹരികളിലുണ്ടായ കനത്ത വില്‍പന സമ്മര്‍ദ്ദവും തിരിച്ചടിയായതോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് വലിയ നഷ്ടത്തിലേക്ക് ഇടിഞ്ഞു. ഒരുവേള 747 പോയിന്റുവരെ ഇടിഞ്ഞ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 694.96 പോയിന്റ് (1.13 ശതമാനം) നഷ്ടവുമായി 61,054.29ലാണ്. നിഫ്റ്റി 186.80 പോയിന്റ് (1.02 ശതമാനം) താഴ്ന്ന് 18,069ലെത്തി.

വിവിധ ഓഹരി വിഭാഗങ്ങൾ ഇന്ന് കാഴ്ചവെച്ച പ്രകടനം


എച്ച്.ഡി.എഫ്.സിയും ഉപസ്ഥാപനമായ എച്ച്.ഡി.എഫ്.സി ബാങ്കും ലയിച്ച് ഒന്നാകാനുള്ള പാതയിലാണ്. ഇങ്ങനെ ഒന്നാകുന്ന കമ്പനിയെ ലാര്‍ജ്-ക്യാപ് സൂചികയില്‍ ഉള്‍പ്പെടുത്തുമെങ്കിലും വെയിറ്റേജ് ഒന്നില്‍ നിന്ന് 0.5 ശതമാനമായി കുറയ്ക്കുമെന്ന് എം.എസ്.സി.ഐ (MSCI) പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആശങ്കപ്പെട്ട് നിക്ഷേപകര്‍ വില്‍പനസമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. വെയിറ്റേജ് കുറച്ചാല്‍ ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയില്‍ നിന്ന് 15-20 കോടി ഡോളര്‍ (1,650 കോടി രൂപയോളം) കൊഴിയുമെന്ന വിലയിരുത്തലുകളാണ് തിരിച്ചടിയായത്.

എച്ച്.ഡി.എഫ്.സി - എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളുടെ വീഴ്ച ഓഹരികളെയും താഴേക്ക് നയിക്കുകയായിരുന്നു. ഇന്ന് ഏറ്റവുമധികം നഷ്ടം കുറിച്ച ഓഹരികളില്‍ ഇവ മുന്നിലാണ്. ഇന്ന് ബി.എസ്.ഇയുടെ നിക്ഷേപക മൂല്യത്തില്‍ നിന്നാകെ കൊഴിഞ്ഞത് 1.43 ലക്ഷം കോടി രൂപയാണ്.
നഷ്ടത്തിലേക്ക് വീണവര്‍
എച്ച്.ഡി.എഫ്.സി 5.56 ശതമാനവും എച്ച്.ഡി.എഫ്.സി ബാങ്ക് 5.84 ശതമാനവും ഇടിവ് ഇന്ന് രേഖപ്പെടുത്തി. ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 8.81 ശതമാനവും തൃശൂര്‍ ആസ്ഥാനമായ മണപ്പുറം ഫിനാന്‍സ് 11.45 ശതമാനവും കൊച്ചി ആസ്ഥാനമായ പൊതുമേഖലാ വളം നിര്‍മ്മാണ കമ്പനിയായ ഫാക്ട് 7.72 ശതമാനവും ഇടിഞ്ഞു. റെക്കോഡ് അറ്റാദായം കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കുറിച്ചെങ്കിലും അറ്റ പലിശ മാര്‍ജിനിലും (എന്‍.ഐ.എം) കാസ നിക്ഷേപത്തിലും പാദാടിസ്ഥാനത്തിലുണ്ടായ കുറവാണ് ഫെഡറല്‍ ബാങ്കിന് തിരിച്ചടിയായത്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവ

ഇ.ഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് മണപ്പുറം ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടായത്. നാലാംപാദ പ്രവര്‍ത്തനഫല പ്രഖ്യാപന പശ്ചാത്തലത്തിലാണ് ഫാക്ട് ഓഹരികളുടെയും വീഴ്ച. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, കോട്ടക് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ആദിത്യ ബിര്‍ള ഫാഷന്‍ എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് പ്രമുഖ ഓഹരികള്‍.
നേട്ടത്തിലേറിയവർ
ടൈറ്റന്‍, അള്‍ട്രാടെക് സിമന്റ്, മാരുതി സുസുക്കി, നെസ്‌ലെ, ഐ.ടി.സി, എല്‍ ആന്‍ഡ് ടി., ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, ടി.വി.എസ്., എം.ആര്‍.എഫ്., വണ്‍97 കമ്മ്യൂണിക്കേഷന്‍സ്, അംബുജ സിമന്റ് എന്നിവയാണ് ഇന്ന് നേട്ടത്തിലേറിയ മുന്‍നിര ഓഹരികള്‍.
ഇന്ന് നേട്ടം കുറിച്ചവ

ഓഹരി വിഭാഗങ്ങളുടെ പ്രകടനം പരിഗണിച്ചാല്‍ വാഹനം, എഫ്.എം.സി.ജി., കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയൊഴികെയുള്ളവ ഇടിഞ്ഞു. ബാങ്കിംഗ്, ധനകാര്യ ഓഹരികളാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 2.82 ശതമാനവും നിഫ്റ്റി ധനകാര്യം, നിഫ്റ്റി ബാങ്ക് സൂചികകള്‍ 2.34 ശതമാനവും ഇടിഞ്ഞു.
കേരള കമ്പനികള്‍ക്കും നിരാശ
കേരള കമ്പനികളുടെ ഇന്നത്തെ നിലവാരം

കേരളം ആസ്ഥാനമായ ഒട്ടുമിക്ക കമ്പനികളും ഇന്ന് നഷ്ടത്തിലായിരുന്നു. വി-ഗാര്‍ഡ്, റബ്ഫില, മുത്തൂറ്റ് ഫിനാന്‍സ്, കെ.എസ്.ഇ., ഈസ്റ്റേണ്‍ ട്രെഡ്‌സ്, അപ്പോളോ ടയേഴ്‌സ് എന്നിവ മാത്രമാണ് നേട്ടം കുറിച്ചത്. ഫെഡറല്‍ ബാങ്ക്, മണപ്പുറം, ഫാക്ട് എന്നിവയ്ക്ക് പുറമേ ധനലക്ഷ്മി ബാങ്ക്, ഇന്‍ഡിട്രേഡ്, പാറ്റ്‌സ്പിന്‍, വണ്ടര്‍ല, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ നഷ്ടത്തിലേക്ക് വീണു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it