ഓഹരി സൂചികകള്‍ വീണ്ടും താഴേക്ക്
കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നതു മൂലമുളവായ സാമ്പത്തിക പ്രത്യാഘാതം തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണികളെ ഉലച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 162 പോയിന്റ് കുറഞ്ഞ് 40,980 ലും നിഫ്റ്റി 50 സൂചിക 67 പോയിന്റ് കുറഞ്ഞ് 12,031 ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.9 ശതമാനവും നിഫ്റ്റി സ്മോള്‍കാപ്പ് സൂചികകള്‍ 1.1 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി മെറ്റല്‍ സൂചിക ഏറ്റവും മോശം പ്രകടന മേഖലയായിരുന്നു. ചൈനയിലെ നോണ്‍ഫെറസ് ലോഹ ഉല്‍പാദനം ഫെബ്രുവരിയില്‍ 10 ശതമാനമെങ്കിലും കുറയുമെന്ന് അവിടത്തെ മെറ്റല്‍ അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കിയതാണ് നിമിത്തമായത്. ടാറ്റാ സ്റ്റീല്‍, സെയില്‍, നാല്‍കോ, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, വേദാന്ത എന്നിവയ്ക്ക് ഏകദേശം മൂന്ന് ശതമാനം വീതം ഇടിവുണ്ടായി.
മറ്റ് പല മേഖലകളിലും ചുവപ്പ് മുന്നിട്ടുനിന്നു. നിഫ്റ്റി ഓട്ടോ 2.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഫാര്‍മയും നിഫ്റ്റി റിയല്‍റ്റിയും ഒരു ശതമാനം വീതം കുറഞ്ഞു. നിഫ്റ്റി എഫ്എംസിജിക്കും നിഫ്റ്റി ബാങ്കിനും യഥാക്രമം 0.9 ശതമാനവും 0.4 ശതമാനവും നഷ്ടപ്പെട്ടു. യുപിഎല്‍, ബജാജ് ഫിനാന്‍സ്, ടിസിഎസ്, കൊട്ടക് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റി 50 സൂചികയില്‍ നേട്ടമുണ്ടാക്കിയത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline