സെന്‍സെക്‌സും നിഫ്റ്റിയും; കൂടെ, കാളയും കരടിയും
സെന്‍സെക്‌സും നിഫ്റ്റിയും സ്ഥിരമായി പത്രങ്ങളില്‍ കാണുന്നു. അവ എന്താണെന്ന് പറഞ്ഞുതരാമോ?
തെരഞ്ഞെടുത്ത ചില ഓഹരികളുടെ പ്രകടനവും വിലവിവരങ്ങളും നല്‍കുന്ന ഇന്ത്യയിലെ രണ്ട് പ്രധാന സൂചികകളാണ് സെന്‍സെക്‌സ്, നിഫ്റ്റി എന്നിവ. സെന്‍സെക്‌സ് 1986-ല്‍ ആണ് നിലവില്‍ വന്നത്. നിഫ്റ്റി സൂചിക 1996ലും. നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്‌ഫോളിയോകളുടെ പ്രകടനം നിരീക്ഷിക്കുന്നതിനോ ഒരു പ്രത്യേക സ്റ്റോക്കിന്റെ പ്രകടനം താരതമ്യം ചെയ്യുന്നതിനോ ഈ സൂചികകള്‍ ഉപയോഗിക്കുന്നു.
നിഫ്റ്റി
വിവിധ മേഖലകളില്‍ നിന്നായി ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച 50 കമ്പനികള്‍ അടങ്ങുന്ന, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) ഓഹരി സൂചികയാണ് നിഫ്റ്റി. ഫ്രീ-ഫ്‌ളോട്ട് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ വെയ്റ്റഡ് രീതി ഉപയോഗിച്ചാണ് സൂചിക കണക്കാക്കുന്നത്, ഇത് വിപണിയില്‍ സ്വതന്ത്രമായി വ്യാപാരം ചെയ്യാവുന്ന ഓഹരികളെ മാത്രം പ്രതിനിധീകരിക്കുന്നു. ഈ
50 കമ്പനികളുടെ മൊത്തം വിപണിമൂല്യത്തെ എന്‍എസ്ഇ നിര്‍ണ്ണയിക്കുന്ന ഒരു ഇന്‍ഡെക്‌സ് ഡിവൈസര്‍ കൊണ്ട് ഹരിച്ചാണ് നിഫ്റ്റി സൂചിക മൂല്യം കണക്കാക്കുന്നത്.
അദാനി എന്റര്‍പ്രൈസസ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ് തുടങ്ങിയവ എന്‍എസ്ഇ അഥവാ നിഫ്റ്റി സൂചികാ പട്ടികപ്പെടുത്തിയിട്ടുള്ള കമ്പനികളില്‍ ചിലതാണ്.
സെന്‍സെക്‌സ്
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (BSE) ലിസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും മികച്ച 30 കമ്പനികളുടെ പ്രകടനം നിരീക്ഷിക്കുന്ന സൂചികയാണ് സെന്‍സെക്‌സ്. BSE 30 എന്നും അറിയപ്പെടുന്നു. നിഫ്റ്റി പോലെ, ഓഹരികള്‍ എത്ര രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നതെന്നും ശരാശരി എത്രയാണെന്നും ഇവിടെ വിവരങ്ങള്‍ നല്‍കിയിരിക്കുന്നു. ഈ 30കമ്പനികളുടെ വിലകള്‍, അവയുടെ വിപണി മൂല്യം, പ്രവര്‍ത്തനം എന്നിവ സെന്‍സെക്‌സിലൂടെ മനസ്സിലാക്കാം.
ഇന്ത്യന്‍ ഓഹരി വിപണിയുടെയും സമ്പദ്വ്യവസ്ഥയുടെയും മൊത്തത്തിലുള്ള പ്രകടനത്തിന്റെ പ്രധാന സൂചികയാണ് സെന്‍സെക്‌സ്. വിപണിയുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനും ഈ സൂചികയാണ് നിക്ഷേപകരും വ്യാപാരികളും ഉപയോഗിക്കുന്നത്. ഓരോ കമ്പനിയുടെയും വെയിറ്റേജ് വിപണിമൂല്യത്തെ അടിസ്ഥാനമാക്കി പരിഷ്‌കരിക്കുന്നു.
ടാറ്റ കണ്‍സള്‍ട്ടന്‍സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ സെന്‍സെക്‌സ് സൂചികാ പട്ടികയിലുള്ള കമ്പനികളാണ്.
ബുള്ളും ബെയറും എന്ന് ധാരാളം കേട്ടിട്ടുണ്ട്. ഒന്ന് വിശദമാക്കാമോ?
ബുള്‍, ബുള്ളിഷ്
ഓഹരിവിപണിയില്‍ കാളകള്‍ (ബുള്‍സ്) അല്ലെങ്കില്‍ 'ബുള്ളിഷ്' ട്രെന്‍ഡ് എന്നത് ഒരു ഓഹരി നേട്ടത്തിന്റെ വഴിയില്‍ ആയിരിക്കുമ്പോള്‍ അതിന്റെ പ്രവണതയെ സൂചിപ്പിക്കുന്നതാണ്. അത്തരത്തില്‍ നേട്ടത്തിലുള്ള ഓഹരികളെ ബുള്‍സ് എന്നും പറയുന്നു. മാര്‍ക്കറ്റിനെയോ ഒരു പ്രത്യേക സ്റ്റോക്കിനെയോ കുറിച്ചുള്ള ശുഭാപ്തി വീക്ഷണത്തെ സൂചിപ്പിക്കാന്‍ ഈ പദങ്ങള്‍ ഉപയോഗിക്കുന്നു.
ഈ ഓഹരികള്‍ വിപണിയില്‍ മുന്നേറ്റം കുറിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ബുള്ളിഷ് ഓഹരികളുടെ വില വര്‍ധിക്കുമെന്നും വിശ്വസിക്കുന്നു. ഒരു ബുള്ളിഷ് മാര്‍ക്കറ്റ് സാധാരണയായി നിക്ഷേപകരുടെ ഉയര്‍ന്ന ആത്മവിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു.
സാധാരണ ബുള്ളിഷ് ട്രെന്‍ഡ് വരുന്നത് കമ്പനികളുടെ വളര്‍ച്ച അല്ലെങ്കില്‍ സമീപകാല പോസിറ്റീവ് വാര്‍ത്തകള്‍ എന്നിവ പുറത്തുവരുമ്പോഴാണ്. അതുമല്ലെങ്കില്‍ ചില ഓഹരികള്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യവസായ മേഖലയിലെ വളര്‍ച്ചാ സാധ്യതകള്‍, പുറത്തുവരുന്ന പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ്.
ബെയര്‍, ബെയറിഷ്
ബുള്‍ അഥവാ ബുള്ളിഷിന് നേരെ വിപരീതമായ പദങ്ങളാണ് ഇവ. ഓഹരിവിപണിയില്‍, 'കരടികള്‍' അല്ലെങ്കില്‍ 'ബെയറിഷ്' ട്രെന്‍ഡ് എന്നത് വിപണിയിലെ അല്ലെങ്കില്‍ ഒരു പ്രത്യേക ഓഹരികളെ കുറിച്ചുള്ള നെഗറ്റീവ് വീക്ഷണത്തെ സൂചിപ്പിക്കുന്നു. വിപണി ഇടിയുമ്പോള്‍ അതിനെ ബെയറിഷ് വിപണിയെന്നും ഓഹരികളുടെ കാര്യത്തിലെങ്കില്‍ അവയെ കരടികളെന്നും പറയുന്നു.
ഒരു കമ്പനിയെ കുറിച്ചോ വിപണിയെ കുറിച്ചോ ഉള്ള നെഗറ്റീവ് വാര്‍ത്തകള്‍ ബെയറിഷ് ട്രെന്‍ഡിലേക്ക് നയിച്ചേക്കാം. ഈ സമയത്ത് വിലയിടിവ് തുടരുമെന്ന് പ്രതീക്ഷിച്ച്, നിക്ഷേപകര്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചേക്കാം. അല്ലെങ്കില്‍ ബെയറിഷ് ട്രെന്‍ഡിലുള്ള ഓരികള്‍ വാങ്ങേണ്ട എന്ന തീരുമാനത്തിലേക്ക് നിക്ഷേപകരും വ്യാപാരികളും എത്തുന്നു. എന്നാല്‍ ചിലര്‍ ഇത് ഒരു അവസരമായി കണ്ട് ദീര്‍ഘകാല നിക്ഷേപ സാധ്യതയുള്ള മേഖലയെങ്കില്‍ അത്തരം ഓഹരികള്‍ വാങ്ങിക്കൂട്ടുന്നു.
തുടരും ....
( മാർച്ച് ഏഴിന് ഹോളി പ്രമാണിച്ച് ഓഹരി വിപണി അവധിയാണ് )