ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടമില്ലാതെ ഓഹരിവിപണി

തിങ്കളാഴ്ച മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് കാഴ്ചവെച്ചത് നിര്‍ജീവ പ്രകടനം. അമേരിക്കയിലെ ഉപഭോക്തൃ പണപ്പെരുപ്പ കണക്കുകള്‍ ഇന്ന് പുറത്തുവരാനിരിക്കേയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ആലസ്യത്തിലേക്ക് വീണത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം


വ്യാപാരത്തിന്റെ തുടക്കത്തില്‍ നിക്ഷേപകരില്‍ നിന്ന് മികച്ച വാങ്ങല്‍ താത്പര്യങ്ങള്‍ ദൃശ്യമായിരുന്നു. ഒരുവേള സെന്‍സെക്‌സ് 62,000 പോയിന്റും നിഫ്റ്റി 18,340 പോയിന്റും മറികടന്നിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിലെ വില്‍പനസമ്മര്‍ദ്ദമാണ് തിരിച്ചടിയായത്. വ്യാപാരാന്ത്യം സെന്‍സെക്‌സുള്ളത് 2.92 പോയിന്റിറങ്ങി 61,761.33ല്‍. നിഫ്റ്റി 1.55 പോയിന്റ് മാത്രം ഉയര്‍ന്ന് 18,265.95ലും.

നേട്ടത്തിലേറിയവര്‍
ടി.സി.എസ്., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക് എന്നീ വന്‍കിട ഓഹരികള്‍ ഇന്ന് നേട്ടം കുറിച്ചെങ്കിലും ഐ.ടി.സി., എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ പ്രമുഖ ഓഹരികള്‍ നേരിട്ട നഷ്ടം ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയായി.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

ഓഹരിവിപണിയിലെ പുതുമുഖമായ മാന്‍കൈന്‍ഡ് ഫാര്‍മ ഇന്ന് 10 ശതമാനം ഉയര്‍ന്ന് അപ്പര്‍സര്‍ക്യൂട്ടിലെത്തി. നിഫ്റ്റിയില്‍ ഐ.ടി, ഫാര്‍മ, സ്വകാര്യ ബാങ്ക് സൂചികകള്‍ നേരിയ നേട്ടത്തിലാണ്. ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, മദേഴ്‌സണ്‍ സുമി, ടാറ്റാ എല്‍ക്‌സി, വരുണ്‍ ബീവറേജസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ച ഓഹരികള്‍.
നിരാശപ്പെടുത്തിയവര്‍
ഐ.ടി.സി., എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയ്ക്ക് പുറമേ പവര്‍ഗ്രിഡ്, എന്‍.ടി.പി.സി., സണ്‍ഫാര്‍മ, കോട്ടക് ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നിവയും ഇന്ന് നഷ്ടത്തിലാണുള്ളത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ഇന്ത്യന്‍ ബാങ്ക്, ഐ.ആര്‍.എഫ്.സി., സൊമാറ്റോ, അദാനി ട്രാന്‍സ്മിഷന്‍, ടാറ്റാ ടെലി മഹാരാഷ്ട്ര എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടവ.
മുന്നേറി കേരള ആയുര്‍വേദ
പാദാടിസ്ഥാനത്തില്‍ ലാഭത്തിലുണ്ടായ കുറവ് ഇന്ന് കേരളം ആസ്ഥാനമായ നിറ്റ ജെലാറ്റിന്റെ ഓഹരികളെ 5 ശതമാനം ഇടിവോടെ ലോവര്‍ സര്‍ക്യൂട്ടിലെത്തിച്ചു. കേരള ആയുര്‍വേദയുടെ ഓഹരികള്‍ ഇന്ന് 19.96 ശതമാനം കുതിച്ചു.
കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

പ്രിഫറന്‍ഷ്യല്‍ ഓഹരി വില്പന നടപടിയിലേക്ക് കമ്പനി കടക്കുന്നുവെന്ന സൂചനകളാണ് നേട്ടത്തിന് വഴിയൊരുക്കിയത്. എ.വി.ടി., മണപ്പുറം ഫിനാന്‍സ് എന്നിവ ഇന്ന് 4 ശതമാനത്തിലധികം ഉയര്‍ന്നു. ആസ്റ്റര്‍, കൊച്ചിന്‍ മിനറല്‍സ്, കൊച്ചി കപ്പല്‍ശാല, ധനലക്ഷ്മി ബാങ്ക്, മുത്തൂറ്റ് കാപ്പിറ്റല്‍, വണ്ടര്‍ല എന്നിവ നഷ്ടത്തിലാണുള്ളത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it