Begin typing your search above and press return to search.
വീണ്ടും ആലസ്യം; ഓഹരിക സൂചികകളില്‍ നേരിയ നഷ്ടം, നിഫ്റ്റി 18,300ന് താഴെ
ആഗോള ഓഹരിവിപണികളില്‍ ദൃശ്യമായ ചാഞ്ചാട്ടവും നിര്‍ജീവാവസ്ഥയും ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെയും ആലസ്യത്തിലാക്കി. അമേരിക്കയില്‍ പണപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ തന്നെ തുടരുകയാണെങ്കിലും താഴേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കിയത് ആശ്വാസമാണ്.
എന്നാല്‍, ഈ സാഹചര്യത്തിലും പല ഏഷ്യന്‍ ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു. ഇത്, ഇന്ത്യയിലെ നിക്ഷേപകരെ 'കാത്തിരുന്ന് കാണാം' എന്ന മനഃസ്ഥിതിയിലേക്ക് എത്തിച്ചു. ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേരിയ നഷ്ടം നേരിടാനും ഇത് വഴിയൊരുക്കി. സെന്‍സെക്‌സ് 35.68 പോയിന്റ് (0.06 ശതമാനം) താഴ്ന്ന് 61,904.52ലും നിഫ്റ്റി 18.10 പോയിന്റ് (0.10 ശതമാനം) നഷ്ടത്തോടെ 18,297ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്.ഐ.ഐ) ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ്. കഴിഞ്ഞ 9 വ്യാപാര സെഷനുകളില്‍ നിന്നുമാത്രം ഏകദേശം 27,000 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വാങ്ങിയിട്ടുണ്ട്.
നേട്ടത്തിലേറിയവര്‍
ഒട്ടുമിക്ക ഓഹരി വിഭാഗങ്ങളിലും ഇന്ന് വാങ്ങല്‍ ട്രെന്‍ഡ് ദൃശ്യമായിരുന്നു. നിഫ്റ്റിയില്‍ ലോഹം, ഫാര്‍മ എന്നിവ ഒഴികെയുള്ള വിഭാഗങ്ങളെല്ലാം ഇന്ന് നേട്ടത്തിലാണ്. എന്നാല്‍, ഇതൊന്നും ഇന്ന് നഷ്ടത്തിലേക്ക് വീഴുന്നതില്‍ നിന്ന് ഓഹരി സൂചികകളെ തടയാന്‍ പ്രാപ്തമായില്ല. രാവിലത്തെ സെഷനില്‍ നേട്ടത്തിലേറിയ ശേഷമാണ് വൈകിട്ടോടെ സൂചികകള്‍ നഷ്ടത്തിലേക്ക് വീണത്.
ഗുജറാത്ത് ഗ്യാസ്, വൊഡാഫോണ്‍-ഐഡിയ, അദാനി എന്റര്‍പ്രൈസസ്, എസ്.ബി.ഐ കാര്‍ഡ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്.യു.എല്‍., എന്‍.ടി.പി.സി., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അള്‍ട്രാടെക് സിമന്റ്, മാരുതി സുസുക്കി, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഇന്ന് നേട്ടം കൈവരിച്ച ഓഹരികള്‍. ഓഹരികള്‍ വിറ്റ് പണം സമാഹരിക്കാനുള്ള നീക്കമാണ് അദാനി എന്റര്‍പ്രൈസസിന് നേട്ടമായത്. നാലാംപാദത്തിലെ മികച്ച പ്രകടനം ഏഷ്യന്‍ പെയിന്റ്‌സിനും കരുത്തായി.
നഷ്ടത്തിലേക്ക് വീണവര്‍
എല്‍ ആന്‍ഡ് ടി., ഡോ.റെഡ്ഡീസ് ലാബ്, വണ്‍97 കമ്മ്യൂണിക്കേഷന്‍സ്, ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍, ലോറസ് ലാബ്‌സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
ഐ.ടി.സി., ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടാറ്റാ സ്റ്റീല്‍ എന്നിവയും നഷ്ടത്തിലാണ്. കഴിഞ്ഞപാദത്തിലെ അറ്റാദായം 900 ശതമാനത്തിനുമേല്‍ കുതിച്ചെങ്കിലും ഡോ.റെഡ്ഡീസ് ഓഹരികള്‍ ഇന്ന് നഷ്ടം കുറിക്കുകയായിരുന്നു. അമേരിക്കയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് തിരിച്ചടിയായതെന്ന് കരുതുന്നു.
കുതിപ്പില്ലാതെ കേരള ഓഹരികള്‍
കേരളം ആസ്ഥാനമായുള്ള കമ്പനികളുടെ ഓഹരികളിലും ഇന്ന് വലിയ കുതിപ്പ് ദൃശ്യമായില്ല. പാറ്റ്‌സ്പിന്‍, റബ്ഫില എന്നിവ മൂന്ന് ശതമാനത്തിനുമേല്‍ ഉയര്‍ന്നു. ഇന്ന് നാലാംപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ട സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുള്ളത് 1.37 ശതമാനം നേട്ടത്തോടെ 16.31 രൂപയില്‍.
സൗത്ത് ഇന്ത്യന്‍ ബാങ്ക് മാര്‍ച്ച് 31ന് സമാപിച്ച സാമ്പത്തിക വര്‍ഷത്തില്‍ 1,623 ശതമാനം വളര്‍ച്ചയോടെ 775 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മാര്‍ച്ച്പാദ ലാഭം 225 ശതമാനം മുന്നേറി 334 കോടി രൂപയുമായി. ഈസ്റ്റേണ്‍ ട്രെഡ്‌സ് ഓഹരി ഇന്ന് 7.57 ശതമാനം താഴ്ന്നു. ഫെഡറല്‍ ബാങ്ക്, ഹാരിസണ്‍ മലയാളം, കേരള ആയുര്‍വേദ, കിറ്റെക്‌സ്, വെര്‍ട്ടെക്‌സ് എന്നിവയും നഷ്ടത്തിലാണുള്ളത്.
Next Story
Videos