നാലാംനാളില്‍ നഷ്ടത്തിലായി സൂചികകള്‍; കത്തിക്കയറി ആദിത്യ ബിര്‍ള ഓഹരികള്‍, കുതിച്ച് മുത്തൂറ്റ് മൈക്രോഫിൻ

കഴിഞ്ഞ മൂന്ന് ദിവസം നീണ്ട നേട്ടയാത്രയ്ക്ക് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണു. സെന്‍സെക്‌സ് 110.64 പോയിന്റ് (-0.15%) താഴ്ന്ന് 73,903.91ലും നിഫ്റ്റി 8.70 പോയിന്റ് (-0.04%) നഷ്ടത്തോടെ 22,453.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോളതലത്തില്‍ നിന്നുള്ള സമ്മിശ്ര വാര്‍ത്തകളും ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് ബാങ്ക് എന്നിവയും ഐ.ടി ഓഹരികളും നേരിട്ട വില്‍പന സമ്മര്‍ദ്ദവുമാണ് ഓഹരി സൂചികകളെ ഇന്ന് തളര്‍ത്തിയത്.
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ജൂണ്‍ മുതല്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന് പരക്കേ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍, അമേരിക്കയില്‍ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നേട്ടത്തിലേറിയിരിക്കുകയാണ്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

മാനുഫാക്ചറിംഗ് പി.എം.ഐ ഫെബ്രുവരിയിലെ 47.8ല്‍ നിന്ന് 50.3 ആയാണ് മാര്‍ച്ചില്‍ മെച്ചപ്പെട്ടത്. ഇത് 50ന് മുകളില്‍ വരുമ്പോഴാണ് സ്ഥിതി മെച്ചപ്പെട്ടെന്ന് പറയുക. നിലവില്‍ മാനുഫാക്ചറിംഗ് പി.എം.ഐ ഉയര്‍ന്നതിനാല്‍ പലിശനിരക്ക് ജൂണില്‍ കുറയ്ക്കുന്നത് സംബന്ധിച്ച് ഫെഡറല്‍ റിസര്‍വ് വീണ്ടും ചിന്തിച്ചേക്കും. പലിശനിരക്ക് കുറയാന്‍ കൂടുതല്‍ കാലതാമസമുണ്ടായേക്കുമെന്ന വിലയിരുത്തല്‍ ശക്തമായതോടെ ഐ.ടി ഓഹരികള്‍ വീഴുകയായിരുന്നു. ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ വരുമാനത്തിന്റെ മുഖ്യപങ്കും നേടുന്നത് അമേരിക്കയില്‍ നിന്നാണ്.
റിസര്‍വ് ബാങ്ക് അടുത്തിടെ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളിലെ (AIF) അധികവായ്പയ്ക്ക് കരുതിവയ്‌ക്കേണ്ട പ്രൊവിഷന്‍സ് ചട്ടത്തില്‍ ഇളവ് വരുത്തിയത് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമായിരുന്നു. ഇത് ഈ കമ്പനികളുടെ ഓഹരികള്‍ കുതിക്കാനും വഴിയൊരുക്കി. ഈ ഓഹരികളില്‍ ഇന്നുപക്ഷേ, കണ്ടത് വില്‍പന സമ്മര്‍ദ്ദമാണ്.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി50ല്‍ ഇന്ന് 22 ഓഹരികള്‍ നഷ്ടത്തിലും 28 എണ്ണം നേട്ടത്തിലുമായിരുന്നു. ടാറ്റാ കണ്‍സ്യൂമര്‍ ഓഹരി 4.05 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. 2.82 ശതമാനം നേട്ടമുണ്ടാക്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് തൊട്ടുപിന്നിലുള്ളത്. 2.43 ശതമാനം ഇടിഞ്ഞ് ഹീറോ മോട്ടോകോര്‍പ്പാണ് നഷ്ടത്തില്‍ മുന്നില്‍. കോട്ടക് മഹീന്ദ്ര ബാങ്ക് 1.9 ശതമാനം താഴ്ന്ന് തൊട്ടടുത്തുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്ക് 1.5 ശതമാനം ഇടിവ് നേരിട്ടു.
ബി.എസ്.ഇയില്‍ 2,848 ഓഹരികള്‍ നേട്ടത്തിലും 1,004 എണ്ണം നഷ്ടത്തിലുമായിരുന്നു. 107 ഓഹരികളുടെ വില മാറിയില്ല. 174 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 20 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് കാലിയായിരുന്നു. മൂന്ന് കമ്പനികള്‍ ലോവര്‍-സര്‍കീട്ടിയുണ്ടായിരുന്നു.
സൂചിക ഇടിവാണ് നേരിട്ടതെങ്കിലും ബി.എസ്.ഇയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത വിപണിമൂല്യം ഇന്നുപക്ഷേ ഉയരുകയാണുണ്ടായത്. 2.42 ലക്ഷം കോടി രൂപ വര്‍ധിച്ച് 395.58 ലക്ഷം കോടി രൂപയാണ് മൂല്യം. 400 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലിലേക്ക് 4.42 ലക്ഷം കോടി രൂപയുടെ മാത്രം ദൂരം.
നേട്ടത്തിലേറിയവരും തളര്‍ന്നവരും
സെന്‍സെക്‌സില്‍ കോട്ടക് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ വില്‍പന സമ്മര്‍ദ്ദത്തില്‍പ്പെട്ടു. എച്ച്.സി.എല്‍ ടെക്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് എന്നിവയും നഷ്ടം നേരിട്ടവരില്‍ മുന്നിലാണ്.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ


നിഫ്റ്റി 200ല്‍ വോഡഫോണ്‍ ഐഡിയ, ഇന്‍ഡസ് ടവേഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ്, സുപ്രീം ഇന്‍ഡസ്ട്രീസ്, കോട്ടക് ബാങ്ക് എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടവ. സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ ഓഹരി വില്‍പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനായി വോഡഫോണ്‍ ഐഡിയയുടെ ഇന്നുചേര്‍ന്ന അസാധാരണ പൊതുയോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് നിക്ഷേപകരുടെ അനുമതി ചോദിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഓഹരികളുടെ വീഴ്ച.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ്‌ലെ, ടാറ്റാ മോട്ടോഴ്‌സ്, എസ്.ബി.ഐ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നേട്ടത്തിലേറിയ പ്രമുഖര്‍. ആദിത്യ ബിര്‍ള ഫാഷന്‍, ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍ എന്നിവ 10-12 ശതമാനം മുന്നേറി നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നിലെത്തി. ഓയില്‍ ഇന്ത്യ 6.63 ശതമാനവും എസ്.ജെ.വി.എന്‍ 5.66 ശതമാനവും സെയില്‍ 5.01 ശതമാനവും ഉയര്‍ന്നു.
ഫാഷന്‍ ആന്‍ഡ് റീറ്റെയ്ല്‍ വിഭാഗമായ ഉപകമ്പനി മധുര ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈലിനെ വിഭജിച്ച് പ്രത്യേക കമ്പനിയാക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് ആദിത്യ ബിര്‍ള ഫാഷന്‍ ഓഹരികള്‍ ഇന്ന് കുതിച്ചത്. ബ്രോക്കറേജ് സ്ഥാപനമായ മക്വയറീ 'ഔട്ട്‌പെര്‍ഫോം' (മികച്ച പ്രകടനം) നടത്തുമെന്ന റേറ്റിംഗ് ചാര്‍ത്തിനല്‍കിയത് ആദിത്യ ബിര്‍ള കാപ്പിറ്റല്‍ ഓഹരിക്കും ഊര്‍ജമായി.
വിശാല വിപണി സമ്മിശ്രം
ഇന്നലെ പച്ചപുതച്ച വിശാലവിപണി ഇന്ന് നടത്തിയത് സമ്മിശ്ര പ്രകടനമാണ്. നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.86 ശതമാനവും മീഡിയ 1.85 ശതമാനവും ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. നിഫ്റ്റി ഐ.ടി 0.71 ശതമാനം താഴ്ന്നു.
നിഫ്റ്റി മിഡ്ക്യാപ്പ് 1.16 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.22 ശതമാനവും ഉയര്‍ന്നു. ബാങ്ക് നിഫ്റ്റി 0.07 ശതമാനം നഷ്ടം നേരിട്ടു. നിഫ്റ്റി മെറ്റല്‍ 1.50 ശതമാനം ഉയര്‍ന്ന് ഇന്നലെ കാഴ്ചവച്ച നേട്ടം ഇന്നും തുടര്‍ന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.30 ശതമാനവും നേട്ടത്തിലേറി.
ജിയോജിത്തിന്റെ തിളക്കം
കേരളത്തില്‍ നിന്നുള്ള ഓഹരികളില്‍ ജിയോജിത് കഴിഞ്ഞ ദിവസങ്ങളില്‍ കുറിച്ച മികച്ച പ്രകടനം ഇന്നും ആവര്‍ത്തിച്ചു; ഓഹരി ഇന്ന് 9.24 ശതമാനം ഉയര്‍ന്നു.
കഴിഞ്ഞപാദത്തിലെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക കണക്കുകള്‍ പുറത്തുവിട്ട ധനലക്ഷ്മി ബാങ്കിന്റെ ഓഹരി ഇന്ന് 4.44 ശതമാനവും സി.എസ്.ബി ബാങ്കിന്റേത് 2.76 ശതമാനവും ഉയര്‍ന്നു. ഗോള്‍ഡ് ലോണില്‍ 28.45 ശതമാനം വര്‍ധനയാണ് ധനലക്ഷ്മി ബാങ്ക് കുറിച്ചത്. കാസ ഉള്‍പ്പെടെ മറ്റ് പ്രധാന വിഭാഗങ്ങളിലും വളര്‍ച്ച പോസിറ്റീവാണ്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കാസയിലും വായ്പകളിലും മികച്ച വളര്‍ച്ചയാണ് സി.എസ്.ബി ബാങ്കും കുറിച്ചത്. അതേസമയം, കഴിഞ്ഞപാദ പ്രാഥമിക കണക്ക് പുറത്തുവിട്ട സൗത്ത് ഇന്ത്യന്‍
ബാങ്കിന്റെ
ഓഹരി ഇന്ന് 3.95 ശതമാനം താഴ്ന്നു. കഴിഞ്ഞപാദത്തില്‍ കാസ അനുപാതം 0.94 ശതമാനം കുറഞ്ഞത് ബാങ്കിന്റെ ഓഹരികളെ നിരാശപ്പെടുത്തുകയായിരുന്നു. 32.98 ശതമാനത്തില്‍ നിന്ന് 32.04 ശതമാനത്തിലേക്കാണ് വാര്‍ഷികാടിസ്ഥാനത്തില്‍ കാസ റേഷ്യോ താഴ്ന്നത്.
കടപ്പത്ര വില്‍പനയിലൂടെ 75 മില്യണ്‍ ഡോളര്‍ സമാഹരിച്ച (ഏകദേശം 625 കോടി രൂപ) പശ്ചാത്തലത്തില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി ഇന്ന് 7.13 ശതമാനം ഉയര്‍ന്നു. ബി.പി.എല്‍ 12.10 ശതമാനം, മുത്തൂറ്റ് കാപ്പിറ്റല്‍ 5.53 ശതമാനം, നിറ്റ ജെലാറ്റിന്‍ 3.11 ശതമാനം, പാറ്റ്‌സ്പിന്‍ 8.47 ശതമാനം എന്നിങ്ങനെയും ഇന്നുയര്‍ന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it