റെക്കോഡിട്ടിട്ടും ഓഹരി വിപണിയില്‍ ചാഞ്ചാട്ടം; ഉയിര്‍ത്തെണീറ്റ് ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ്, എന്‍.എല്‍.സി കിതയ്ക്കുന്നു

ഇന്ത്യന്‍ വിപണി ഇന്നു പുതിയ റെക്കോഡിട്ട് വ്യാപാരം തുടങ്ങി. ഒപ്പം ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കുന്നവരുടെ വില്‍പന സമ്മര്‍ദവും അലയടിക്കുന്നുണ്ട്. ഇതുമൂലം, സൂചികകള്‍ പലവട്ടം നഷ്ടത്തിലും നേട്ടത്തിലുമായി ചാഞ്ചാടി. വിപണി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സൂചികകള്‍ ഉയര്‍ന്ന് നീങ്ങുകയാണ്. ബാങ്ക് നിഫ്റ്റിയുടെ ദൗര്‍ബല്യമാണ് മുഖ്യ സൂചികകളെ വലയ്ക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ നടപടി നേരിടുന്ന ജെ.എം ഫിനാന്‍ഷ്യല്‍ ഒന്നര ശതമാനവും ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് പത്ത് ശതമാനവും ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവ കുത്തനെ ഇടിഞ്ഞതാണ്. കാനഡയിലെ പ്രേംവത്സയുടെ ഫെയര്‍ഫാക്‌സ് എന്ന കമ്പനി ഐ.ഐ.എഫ്.എല്ലിന് 20 കോടി ഡോളര്‍ വായ്പ പ്രഖ്യാപിച്ചത് കമ്പനിക്ക് രക്ഷയാകും എന്നു കരുതുന്നു.
എന്‍.എല്‍.സി ഓഹരി വില്‍ക്കാന്‍ കേന്ദ്രം
എന്‍.എല്‍.സി ഇന്ത്യയുടെ ഏഴ് ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാര്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) രീതിയില്‍ വില്‍ക്കും. ഈ വാര്‍ത്തയെ തുടര്‍ന്ന് എന്‍.എല്‍.സി ഓഹരി 3.5 ശതമാനം ഇടിഞ്ഞു.
എസ്.ബി.എഫ്.സി ഫിനാന്‍സ് ഓഹരി രാവിലെ 12 ശതമാനം ഇടിവിലായി. ഏഴുമാസം മുന്‍പ് ലിസ്റ്റ് ചെയ്ത ഈ ധനകാര്യ കമ്പനി സ്വര്‍ണപ്പണയ മേഖലയിലുമുണ്ട്. ഇന്നലെയാണ് കമ്പനിയുടെ ഓഹരി ഏറ്റവും ഉയര്‍ന്ന വിലയായ 91.65 രൂപയില്‍ എത്തിയത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് ഒരു ശതമാനം ഓഹരി വിറ്റതിനെ തുടര്‍ന്ന് ഓഹരിവില മൂന്നര ശതമാനം താഴ്ന്നു. ഫെബ്രുവരിയിലെ വാഹന വില്‍പന 13 ശതമാനം വര്‍ധിച്ചതായി റീറ്റെയ്ല്‍ വാഹന വ്യാപാരികളുടെ സംഘടന (ഫാഡ) അറിയിച്ചു. ടൂവീലറില്‍ 13 ശതമാനവും ത്രീവീലറില്‍ 24 ശതമാനവുമാണ് വര്‍ധന. വിറ്റ ത്രീവീലറില്‍ 53 ശതമാനം ഇലക്ട്രിക് ആണ്.
റെയില്‍വേ ഓഹരി കയറ്റം
കൂടുതല്‍ റെയില്‍ വാഗണുകളുടെ ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്ന് ജുപ്പീറ്റര്‍ വാഗണ്‍സ് ഓഹരി 10 ശതമാനം വരെ കയറി. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുതിപ്പ് നടത്തിയ ടാറ്റാ കെമിക്കല്‍സ് ഓഹരി ഇന്ന് രാവിലെ എട്ട് ശതമാനം ഉയര്‍ന്നു. അഞ്ചുദിവസം കൊണ്ട് ഓഹരി 33 ശതമാനം നേട്ടമുണ്ടാക്കി.
സുസ്‌ലോണ്‍ എനര്‍ജി ഓഹരി ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്നു. ജൂനിപ്പര്‍ ഗ്രീന്‍ എനര്‍ജിയില്‍ നിന്ന് 75 മെഗാവാട്ടിന്റെ ഓര്‍ഡര്‍ ലഭിച്ചതാണ് നേട്ടമായത്. കാറ്റില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന കമ്പനികള്‍ക്ക് നഷ്ടം വരുന്ന ഒരു നയ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സുസ്‌ലോണ്‍ വലിയ ഇടിവിലായിരുന്നു.
രൂപയ്ക്ക് നേട്ടം
രൂപ ഇന്നും നേട്ടത്തിലാണ്. ഡോളറിനെ ഒരു പൈസ താഴ്ന്ന് 82.83ല്‍ ഓപ്പണ്‍ ചെയ്‌തെങ്കിലും താമസിയാതെ 82.74ലേക്ക് ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നു. ബ്രെന്റ് ക്രൂഡിന് വില 82.85 ഡോളറിലേക്കാണ് വീണത്. ഇന്ന് സ്വര്‍ണവില കേരളത്തില്‍ എക്കാലത്തെയും ഉയരംതൊട്ടു. സ്വര്‍ണവിലയുടെ വിശദാംശങ്ങള്‍ അറിയാന്‍ വായിക്കുക - ദേ ഇന്നും തകര്‍ത്തു റെക്കോഡ്, സ്വര്‍ണം തൊട്ടാല്‍ പൊള്ളും; 51,000 രൂപ കൊടുത്താല്‍ പോലും കിട്ടില്ല ഒരു പവന്‍ (Click here to read).
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it