ചാഞ്ചാട്ടം, ഒടുവില്‍ നേട്ടം; 18,300 പോയിന്റ് കടന്ന് നിഫ്റ്റി

അമേരിക്കയുടെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക് ഇന്ന് വൈകിട്ട് പുറത്തുവരാനിരിക്കേ, ആശങ്ക ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഇന്ന് ആഗോള ഓഹരിവിപണികളില്‍ ദൃശ്യമായത് വന്‍ ചാഞ്ചാട്ടം. ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് കൂടുതല്‍ സമയവും കയറ്റിറക്കം അഭിമുഖീകരിച്ചെങ്കിലും വൈകിട്ട് നേട്ടത്തിലേറി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം


സെന്‍സെക്‌സ് 178.87 പോയിന്റ് (0.29 ശതമാനം) ഉയര്‍ന്ന് 61,940.20ലും നിഫ്റ്റി 49.15 പോയിന്റ് നേട്ടത്തോടെ (0.27 ശതമാനം) 18,315.10ലുമാണുള്ളത്. രൂപ ഡോളറിനെതിരെ 0.07 ശതമാനം നേട്ടവുമായി 81.99ലെത്തി. 10-വര്‍ഷ കടപ്പത്ര യീല്‍ഡ് 0.01 താഴ്ന്ന് 7.043 ശതമാനമായി. പണപ്പെരുപ്പം ഉയര്‍ന്ന ട്രെന്‍ഡാണ് കാഴ്ചവയ്ക്കുന്നതെങ്കില്‍ അടിസ്ഥാന പലിശനിരക്ക് വീണ്ടും ഉയരും. ഇത് ഇന്ത്യയിലെ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ ആഗോളതലത്തില്‍ ഒട്ടുമിക്ക കേന്ദ്രബാങ്കുകളും ഏറ്റുപിടിക്കാനും സാദ്ധ്യതയുണ്ട്. ഈ ആശങ്കയാണ് ആഗോള ഓഹരികളില്‍ ഇന്ന് ചാഞ്ചാട്ടത്തിന് വഴിവച്ചത്.

നേട്ടത്തിലേറിയവര്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി ബജാജ് ഫിന്‍സെര്‍വ് എന്നിവ കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇന്ന് ഓഹരി വിപണിക്ക് കരുത്തായത്. വരുണ്‍ ബീവറേജസ്, സോന ബി.എല്‍.ഡബ്ല്യു., സംവര്‍ദ്ധന മദേഴ്‌സണ്‍, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചത്.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

ബി.എസ്.ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 0.3 ശതമാനം വീതം ഉയര്‍ന്നു. നിഫ്റ്റിയില്‍ ഐ.ടി., ലോഹം, പി.എസ്.യു ബാങ്ക് എന്നിവ ഒഴികെയുള്ള വിഭാഗങ്ങള്‍ ഇന്ന് നേട്ടത്തിലാണ്.
നഷ്ടം കുറിച്ചവര്‍
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവ

ഇന്‍ഫോസിസ്, എസ്.ബി.ഐ., സണ്‍ഫാര്‍മ, എല്‍ ആന്‍ഡ് ടി., ടാറ്റാ സ്റ്റീല്‍, ടൈറ്റന്‍ എന്നിവയാണ് ഇന്ന് നഷ്ടം നേരിട്ട പ്രമുഖര്‍. ഓഹരി വിപണിയിലെ പുതുമുഖമായ മാന്‍കൈന്‍ഡ് ഫാര്‍മ രണ്ടാമത്തെ വ്യാപാരദിനത്തില്‍ മൂന്ന് ശതമാനം നഷ്ടം രുചിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ആബട്ട് ഇന്ത്യ, ആദിത്യ ബിര്‍ള ഫാഷന്‍, കേരളം ആസ്ഥാനമായ അപ്പോളോ ടയേഴ്‌സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം കുറിച്ചത്.
നേട്ടവും കോട്ടവുമായി കേരള ഓഹരികള്‍
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

കേരള ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. അപ്പോളോ ടയേഴ്‌സ് 3.45 ശതമാനം നഷ്ടം നേരിട്ടു. സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഈസ്‌റ്റേണ്‍, നിറ്റ ജെലാറ്റിന്‍, വണ്ടര്‍ല എന്നിവയും നഷ്ടം നേരിട്ടവയുടെ കൂട്ടത്തിലാണ്. എ.വി.ടി 4.37 ശതമാനവും ഇന്‍ഡിട്രേഡ് 8.07 ശതമാനവും ഹാരിസണ്‍ മലയാളം 5.08 ശതമാനവും നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദ 5.74 ശതമാനവും മുത്തൂറ്റ് കാപ്പിറ്റല്‍ 3.81 ശതമാനവും വെര്‍ട്ടെക്‌സ് 4.89 ശതമാനവും നേട്ടം കുറിച്ചു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it