ലാഭമെടുപ്പില്‍ തെന്നി വിപണി; 11-ാം നാളിലും ഇടിഞ്ഞ് ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ്, റെയില്‍വേ ഓഹരികളില്‍ ഉണര്‍വ്

തുടര്‍ച്ചയായ മൂന്നുദിവസത്തെ നേട്ടയാത്രയ്ക്ക് ബ്രേക്കിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണു. ലാഭമെടുപ്പ്, ഏഷ്യന്‍ ഓഹരികളിലാകെ അലയടിച്ച വില്‍പനസമ്മര്‍ദ്ദം, വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക്, വ്യാഴാഴ്ച (March 28) അവധിവ്യാപാര (F&O) കരാറുകള്‍ അവസാനിക്കാനിരിക്കേയുള്ള സ്വാഭാവിക ചാഞ്ചാട്ടം എന്നിവയാണ് ഓഹരികളെ തളര്‍ത്തിയത്.
ഇന്ന് വിവിധ ഓഹരി വിഭാഗങ്ങൾ കാഴ്ചവെച്ച പ്രകടനം

ഇന്ന് വ്യാപാര സമയത്തിലൊരിക്കലും നേട്ടത്തിലേറാന്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും കഴിഞ്ഞില്ല. സെന്‍സെക്‌സ് 361.64 പോയിന്റ് (-0.50%) താഴ്ന്ന് 72,470.30ലും നിഫ്റ്റി 92.05 പോയിന്റ് (-0.42%) നഷ്ടവുമായി 22,004.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിരാശപ്പെടുത്തിയവര്‍
വന്‍കിട ഓഹരികളിലാകെ ഇന്ന് വില്‍പനസമ്മര്‍ദ്ദം അലയടിച്ചത് സൂചികകളെ നഷ്ടത്തിലേക്ക് വീഴ്ത്തി. ഐ.ടി., ധനകാര്യ ഓഹരികളുടെ മോശം പ്രകടനവും തിരിച്ചടിയായി. സെന്‍സെക്‌സില്‍ പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, വിപ്രോ, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, അള്‍ട്രടെക് സിമന്റ് എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

നിഫ്റ്റി 200ല്‍ ഫാക്ട്, പതഞ്ജലി ഫുഡ്‌സ്, അദാനി പവര്‍, ഭാരതി എയര്‍ടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയാണ് കൂടുതല്‍ ഇടിവ് നേരിട്ടവര്‍.
വ്യാഴാഴ്ച നിഫ്റ്റി സൂചികയുടെ പുനഃക്രമീകരണം നടക്കാനിരിക്കേയാണ് എച്ച്.ഡി.എഫ്.സി ബാങ്ക്, അദാനി പവര്‍ എന്നിവയുടെ വീഴ്ച. പുനഃക്രമീകരണം വഴി ഏറ്റവുമധികം നേട്ടമുണ്ടാവുക എച്ച്.ഡി.എഫ്.സി ബാങ്ക്, ജിയോ ഫിനാന്‍ഷ്യല്‍, അദാനി പവര്‍ എന്നിവയ്ക്കാണ്. ഇവയിലേക്ക് ഏകദേശം 65 കോടി ഡോളറിന്റെ (6,000 കോടി രൂപ) നിക്ഷേപം അധികമായി എത്തുമെന്ന് കരുതുന്നു.
എന്‍.ടി.പി.സി., പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആര്‍.ഇ.സി., ഐ.ആര്‍.എഫ്.സി., ഭാരതി എയര്‍ടെല്‍ ഓഹരികള്‍ക്കും പുനഃക്രമീകരണം നേട്ടമാകും. എന്നാല്‍ എച്ച്.ഡി.എഫ്.സി., അദാനി പവര്‍ ഓഹരികള്‍ ഇന്ന് ലാഭമെടുപ്പ് സമ്മര്‍ദ്ദത്തില്‍ മുങ്ങുകയായിരുന്നു.
ടാറ്റ ഇന്‍വെസ്റ്റ്‌മെന്റിന്റെ വീഴ്ച
കഴിഞ്ഞ 11 വ്യാപാര സെഷനിലും കനത്ത നഷ്ടം കുറിച്ചിരിക്കുകയാണ് ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഹരി. കഴിഞ്ഞ 10 വ്യാപാര സെഷനിലും ഓഹരി 5 ശതമാനം ഇടിഞ്ഞ് ലോവര്‍-സര്‍കീട്ടിലെത്തി.
കഴിഞ്ഞ 11 ദിവസത്തെ നഷ്ടം 43 ശതമാനമാണ്. 11 ദിവസം മുമ്പ് 9,756 രൂപയെന്ന റെക്കോഡ് ഉയരത്തിലെത്തിയ ഓഹരിവില, ഇന്ന 5,660 രൂപ നിലവാരത്തിലേക്കാണ് താഴ്ന്നത്. വിപണിമൂല്യമാകട്ടെ 11 ദിവസംകൊണ്ട് 20,000 കോടി രൂപയിടിഞ്ഞ് 30,155 കോടി രൂപയിലുമെത്തി.
മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ഐ.പി.ഒ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഈമാസാദ്യം ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് ഓഹരി കുതിപ്പ് നടത്തിയത്. എന്നാല്‍, ഐ.പി.ഒ ഒഴിവാക്കാനാണ് ടാറ്റാ സണ്‍സ് ശ്രമിക്കുന്നതെന്ന് വ്യക്തമായതോടെ ഓഹരിവില കൂപ്പുകുത്തുകയായിരുന്നു.
നേട്ടത്തിലേറിയവര്‍
ബജാജ് ഫിനാന്‍സ്, എന്‍.ടി.പി.സി., എല്‍ ആന്‍ഡ് ടി, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടം കുറിച്ചവര്‍.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

നിഫ്റ്റി പുനഃക്രമീകരണ പശ്ചാത്തലം ഉള്‍പ്പെടെയുള്ള അനുകൂലഘടകങ്ങളെ തുടര്‍ന്ന് റെയില്‍വേ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (AAI) നിന്ന് 229.43 കോടി രൂപയുടെ പുതിയ കരാര്‍ ലഭിച്ച റെയില്‍ വികാസ് നിഗം (RVNL) കമ്പനിയുടെ ഓഹരികള്‍ ഇന്ന് 7 ശതമാനം മുന്നേറി. കൊല്‍ക്കത്തയില്‍ എ.എ.ഐയുടെ റെസിഡന്‍ഷ്യല്‍ കോളനിയില്‍ സബ്‌വേ നിര്‍മ്മിക്കാനുള്ള കരാറാണിത്.
ജെഫറീസ്, കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് എന്നിവയില്‍ നിന്ന് മികച്ച റേറ്റിംഗ് ലഭിച്ച പശ്ചാത്തലത്തില്‍ ഇന്‍ഡിഗോ ഓഹരി 4.4 ശതമാനം ഉയര്‍ന്നു. ഒഡീഷയിലെ ഗോപാല്‍പൂര്‍ തുറമുഖം വാങ്ങാനുള്ള ഒരുക്കത്തിലേക്ക് കടന്ന അദാനി പോര്‍ട്‌സ് ഓഹരിയും ഇന്ന് 2 ശതമാനത്തോളം നേട്ടമുണ്ടാക്കി.
ടൊറന്റ് പവര്‍, ഡോ. ലാല്‍ പാത്ത് ലാബ്‌സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ), സൊമാറ്റോ, ഓയില്‍ ഇന്ത്യ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം രേഖപ്പെടുത്തിയവര്‍. കോട്ടക്കില്‍ നിന്ന് ലഭിച്ച മികച്ച റേറ്റിംഗാണ് ഡോ. ലാല്‍ പാത്ത് ലാബ്‌സ് ഓഹരികളെയും ഇന്ന് ഉഷാറാക്കിയത്.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 20 ഓഹരികള്‍ നേട്ടത്തിലും 30 എണ്ണം നഷ്ടത്തിലുമായിരുന്നു. 2.43 ശതമാനം ഉയര്‍ന്ന് ബജാജ് ഫിനാന്‍സും 2.22 ശതമാനം നേട്ടവുമായി ഹിന്‍ഡാല്‍കോയും നിഫ്റ്റി 50ല്‍ കൂടുതല്‍ തിളങ്ങി. 1.97 ശതമാനം താഴ്ന്ന് ഭാരതി എയര്‍ടെല്‍ നഷ്ടത്തില്‍ മുന്നിലെത്തി. 1.9 ശതമാനം താഴ്ന്ന പവര്‍ ഗ്രിഡ് തൊട്ടുപിന്നാലെയുണ്ട്.
ബി.എസ്.ഇയില്‍ 1,369 ഓഹരികള്‍ നേട്ടത്തിലും 2,603 എണ്ണം നഷ്ടത്തിലുമായിരുന്നു. 118 ഓഹരികളുടെ വില മാറിയില്ല. 145 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 102 എണ്ണം താഴ്ചയും കണ്ടു. 305 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും 333 എണ്ണം ലോവര്‍-സര്‍കീട്ടിലുമായിരുന്നു.
കിതച്ച് കേരള ഓഹരികളും
കേരളത്തില്‍ നിന്നുള്ള കമ്പനികളുടെ ഓഹരികളിലും ഇന്ന് അലയടിച്ചത് വില്‍പന സമ്മര്‍ദ്ദമായിരുന്നു. കല്യാണ്‍ ജുവലേഴ്‌സ് 4.07 ശതമാനം ഉയര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സ് (4.04%), നിറ്റ ജെലാറ്റിന്‍ (2.70%), വണ്ടര്‍ലാ (2.33%) എന്നിവയും മികച്ച നേട്ടമുണ്ടാക്കി. ബംഗളൂരുവിലെ പാര്‍ക്കിനോട് അനുബന്ധിച്ച റിസോര്‍ട്ടിന്റെ ഭാഗമായി അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങുന്നതും ആലോചിക്കുന്നുണ്ടെന്ന പ്രസ്താവനയാണ് വണ്ടര്‍ലാ ഓഹരികള്‍ക്ക് ഇന്ന് ആവേശമായത്.
കേരള ഓഹരികളുടെ പ്രകടനം

പോപ്പുലര്‍ വെഹിക്കിള്‍സ് (4.73%), ആസ്പിന്‍വോള്‍ (4.34%), സെല്ല സ്‌പേസ് (4.93%), ധനലക്ഷ്മി ബാങ്ക് (3.06%), ഇസാഫ് (3.34%), ഫാക്ട് (2.67%), ജിയോജിത് (3.56%), കേരള ആയുര്‍വേദ (2.61%) എന്നിങ്ങനെ ഇടിഞ്ഞു.
കിറ്റെക്‌സിന്റെ വീഴ്ച 5.35 ശതമാനമാണ്. മുത്തൂറ്റ് കാപ്പിറ്റല്‍ 2.52 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 1.9 ശതമാനവും താഴ്ന്നു.
രൂപയ്ക്ക് കുതിപ്പ്
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റംവരുത്താതിരിക്കുകയും ജൂണ്‍മുതല്‍ പലിശഭാരം കുറയ്ക്കാന്‍ ശ്രമിച്ചേക്കുമെന്ന് സൂചിപ്പിച്ചതും ഡോളറിനെയും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്ര ആദായനിരക്കിനെയും (Bond Yield) തളര്‍ത്തുകയാണ്.
യൂറോ, പൗണ്ട് തുടങ്ങിയ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സ് 0.12 ശതമാനം താഴ്ന്ന് 104.10ലെത്തി. ഇതോടെ രൂപ കാഴ്ചവയ്ക്കുന്ന കുതിപ്പ് ഇന്നും തുടര്‍ന്നു. ഡോളറിനെതിരെ വ്യാപാരാന്ത്യത്തില്‍ 33 പൈസയുടെ നേട്ടവുമായി 83.28ലാണ് രൂപയുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയും രൂപ ഡോളറിനെതിരെ 48 പൈസയുടെ മുന്നേറ്റം നടത്തിയിരുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it