ഓഹരി വിപണിയിൽ 10 വർഷത്തെ ഏറ്റവും വലിയ നേട്ടം 

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിന്റെ ദിനം. എൻഡിഎയ്ക്ക് മുൻ‌തൂക്കം ലഭിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ 10 വർഷത്തെ ഏറ്റവും ഉയർന്ന നേട്ടമാണ് തിങ്കളാഴ്ച സെൻസെക്സ് രേഖപ്പെടുത്തിയത്.

രാവിലെ 950 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സെൻസെക്സ് 1,421 പോയ്ന്റ് ഉയർന്ന് 39,352 ലും നിഫ്റ്റി 3.7 ശതമാനം ഉയർന്ന് റെക്കോർഡ് നിലയായ 11,828 ലുമാണ് ക്ലോസ് ചെയ്തത്. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക .

ബാങ്കിംഗ്, ഓട്ടോ സ്റ്റോക്കുകളിലാണ് മുന്നേറ്റം ഏറ്റവും പ്രകടം.

എസ്ബിഐ, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എൽ & ടി, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഒഎൻജിസി, മാരുതി, എം & എം, ആക്സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോ കോർപ്, എച്ച്ഡിഎഫ്സി, വേദാന്ത, ഏഷ്യൻ പെയ്ൻറ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ് എന്നിവരാണ് ഏറ്റവും നേട്ടം കൊയ്തത്.

നിഫ്റ്റി ബാങ്ക് സൂചിക 4 ശതമാനം ഉയർന്ന റെക്കോർഡ് നിലയിൽ ക്ലോസ് ചെയ്തു.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൻ.ഡി.എ. കേന്ദ്രഭരണം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഇക്കുറി മുന്നണിക്ക് 242 മുതൽ 336 വരെ സീറ്റാണ് പ്രവചിക്കുന്നത്. ആറാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പിന്റെ അവസാന ദിനമായ ഞായറാഴ്ചയാണ് എക്സിറ്റ് ഫലങ്ങൾ പുറത്തുവന്നത്.

ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്കാണു ഭൂരിപക്ഷം. മുന്നണി 300 ലധികം സീറ്റുകൾ നേടുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുമെന്നാണ് അനുമാനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it