ഒരാഴ്ചക്കിടെ ഓഹരി വില ഉയര്‍ന്നത് 689 രൂപയോളം, ഐആര്‍ടിസിയുടെ നേട്ടത്തിന് കാരണമിതാണ്

ഒരാഴ്ചക്കിടെ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടവുമായി ഇന്ത്യന്‍ റെയ്ല്‍വേ ആന്റ് ടൂറിസം കോര്‍പ്പറേഷന്‍. ഏഴ് ദിവസങ്ങള്‍ക്കകം ഓഹരി വിലയില്‍ 689 രൂപയുടെ വര്‍ധനവാണുണ്ടായത്. ഓഹരി വില 20 ശതമാനത്തോളം വര്‍ധിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കായ 4,482 രൂപയിലാണ് എത്തി നില്‍ക്കുന്നത്. ഇന്‍ട്രാഡേയില്‍ ഇന്നലെ മാത്രം എട്ട് ശതമാനത്തോളമാണ് (316 രൂപ) ഉയര്‍ന്നത്. അതേസമയം, ഒക്ടോബര്‍ 29ന് ഐആര്‍ടിസിയുടെ ഓഹരി വിഭജനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഓഹരി വില കുതിച്ചുയര്‍ന്നത്. 5:1 എന്ന അനുപാതത്തിലാണ് ഓഹരി വിഭജനം നടക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ രണ്ട് രൂപ മുഖവിലയില്‍ അഞ്ച് ഓഹരികളായാണ് വിഭജിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ സെന്‍സെക്‌സ് 2.5 ശതമാനം ഉയര്‍ന്നപ്പോള്‍ ഐആര്‍സിടിസിയുടെ ഓഹരി വില 36 ശതമാനാണ് ഉയര്‍ന്നത്. ആറ് മാസത്തിനിടെ ഓഹരി വില 2,773 രൂപ (162 ശതമാനം) ഉയര്‍ന്നപ്പോള്‍ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 230 ശതമാനത്തിന്റെ നേട്ടമാണ് നല്‍കിയത്. 1,356 രൂപയുണ്ടായിരുന്ന ഓഹരിവിലയാണ് ഒരു വര്‍ഷം കൊണ്ട് കുതിച്ചുയര്‍ന്ന് 4.482 രൂപയിലെത്തി നില്‍ക്കുന്നത്.
വിപണിയിലെ പണലഭ്യത വര്‍ധിപ്പിക്കുന്നതിനും ഓഹരി ഉടമകളുടെ അടിത്തറ വിപുലീകരിക്കുന്നതിനും ചെറുകിട നിക്ഷേപകര്‍ക്ക് താങ്ങാനാവുന്ന തരത്തിലാക്കുന്നതിനും 1:5 എന്ന അനുപാതത്തില്‍ ഓഹരി വിഭജനത്തിന് 2021 ഓഗസ്റ്റ് 12-നാണ് ഐആര്‍ടിസി ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയില്‍വേ, ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റുകള്‍, കാറ്ററിംഗ് സേവനങ്ങള്‍ എന്നിവ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ അംഗീകാരം നല്‍കിയ ഏക സ്ഥാപനമാണ് ഐആര്‍സിടിസി. ഓണ്‍ലൈന്‍ റെയില്‍ ബുക്കിംഗിലും പാക്കേജുചെയ്ത കുടിവെള്ള വിതരണത്തിലും യഥാക്രമം 73 ശതമാനവും 45 ശതമാനം പങ്കാളിത്തമാണ് ഐആര്‍ടിസിക്കുള്ളത്. അതേസമയം, ഐആര്‍ടിസിയുടെ ഓഹരി വില ഇനിയും പോസിറ്റീവായി തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
(ഇന്ന് ഓഹരി വിപണി വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് തയ്യാറാക്കിയത്)


Related Articles
Next Story
Videos
Share it