Begin typing your search above and press return to search.
കഴിയുന്നത്ര നേരത്തെ ബിസിനസിലേക്ക് ഇറങ്ങുക, ബിസിനസിലെ തിരിച്ചടികള്‍ മൂലധനമാക്കാം
ലോകമെമ്പാടുമുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ പ്രമുഖ സ്ഥാനമുള്ള ഇന്ത്യയുടെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ സ്വന്തമായുള്ളവരില്‍ ഒരു മലയാളിയുണ്ട്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഈ നേട്ടം ആവര്‍ത്തിക്കുന്നു, സംരംഭകനും നിക്ഷേപകനുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍.
കഴിഞ്ഞ വര്‍ഷം പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ മൂന്ന് മലയാളികളിലൊരാള്‍. ബിസിനസിനുമപ്പുറം നീളുന്ന പ്രവൃത്തി മേഖലയാണ് ദുബായ് ആസ്ഥാനമായ ബ്യൂമെര്‍ക് കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനും സിഇഒയുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്റേത്. ദുബായിലെ പ്രശസ്തമായ ഇന്ത്യ ക്ലബിന്റെ ചെയര്‍മാനായ ആദ്യത്തെ മലയാളിയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് സിദ്ധാര്‍ത്ഥ്.
സംരംഭകനും മാനേജ്‌മെന്റ് പ്രൊഫഷണലുമായ എറണാകുളം സ്വദേശി ആര്‍. ബാലചന്ദ്രന്റെയും റിസര്‍വ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥ സബിത വര്‍മ ബാലചന്ദ്രന്റെയും മകനാണ് 48കാരനായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍. ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമയവും പണവും നീക്കിവെച്ചിട്ടുള്ള ഈ നിക്ഷേപകന്‍, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് നിസാരമല്ല.
ആഗോളരംഗത്ത് ഇന്ത്യ ചൈനയേക്കാള്‍ മുന്നിലെത്തും, 2040 ആകുമ്പോഴേക്കും 30 ട്രില്ല്യണ്‍ ഡോളര്‍ ജിഡിപിയെന്ന ലക്ഷ്യം നമ്മള്‍ കൈവരിച്ചേക്കും എന്ന വിശ്വാസം കാത്തുസൂക്ഷിക്കുന്ന സിദ്ധാര്‍ത്ഥ്, യുവസംരംഭകര്‍ക്ക് ഒരു ഉപദേശവും നല്‍കുന്നു- കഴിയുന്നത്ര നേരത്തെ ബിസിനസിലേക്ക് ഇറങ്ങുക, നിങ്ങളുടെ ഇരുപതുകളില്‍ തന്നെയാണെങ്കില്‍ ഏറെ നല്ലത്.
ലോകത്തിലെ മുന്‍നിര കമ്പനികളില്‍ നിക്ഷേപമുള്ള, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 1500 കോടി രൂപയുടെ ഓഹരികളും ബിഎസ്ഇയില്‍ 2300 കോടി രൂപയുടെ ഓഹരികളും സ്വന്തമായുള്ള സിദ്ധാര്‍ത്ഥ് ബാലചന്ദ്രനുമായി ധനം എക്സിക്യൂട്ടിവ് എഡിറ്റര്‍ മരിയ ഏബ്രഹാം നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
നമ്മുടെ രാജ്യം മികച്ച നിലയിലാണെന്ന് ആളുകള്‍ പറയുമ്പോള്‍ ഇവിടത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങളും മികച്ചതാണ് എന്നും അര്‍ത്ഥമുണ്ട്. ഇന്ത്യയും മുന്നോട്ട് കുതിക്കുന്നു എന്നതുപോലെ. അതുകൊണ്ട് എന്റെ രാജ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് എനിക്കിത്. അതോടൊപ്പം സമ്പത്ത് വര്‍ധിപ്പിക്കാനുള്ള വഴികളും സൃഷ്ടിക്കാന്‍ കഴിയും. ഇത് പണത്തിന്റെ കാര്യം മാത്രമല്ല, അതിനുമപ്പുറമാണ്. എനിക്ക് താല്‍പ്പര്യം പണമുണ്ടാക്കുന്നതിലല്ല, സമ്പത്ത് സൃഷ്ടിക്കുന്നതിലാണ്. കാരണം സമ്പത്ത് സുസ്ഥിരമാണ്.
♦ ബാലന്‍സ് ഷീറ്റുകള്‍ പഠിപ്പിച്ച പാഠങ്ങള്‍
പിജി കഴിഞ്ഞ് ഡണ്‍ & ബ്രാഡ്‌സ്ട്രീറ്റ് എന്ന കണ്‍സള്‍ട്ടിംഗ് കമ്പനിയിലാണ് ഞാന്‍ ജോലി തുടങ്ങുന്നത് (1999ല്‍). ദക്ഷിണേന്ത്യയിലെ ബാങ്കുകളുടെയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുടെയും ചുമതലയായിരുന്നു എനിക്ക്. ആ സമയത്ത് ഞാന്‍ ആയിരക്കണക്കിന് ബാലന്‍സ് ഷീറ്റുകള്‍ വായിച്ചിട്ടുണ്ടാകാം. അങ്ങനെയാണ് എനിക്കൊരു കാര്യം മനസിലായത്. ബിസിനസുകളുടെ വിജയത്തിനും പരാജയത്തിനും ഓരോ ക്രമങ്ങളുമുണ്ട്. എനിക്കതില്‍ വലിയ താല്‍പ്പര്യം തോന്നി. ഒരു കമ്പനിയെ നല്ലതാക്കുന്നതും മോശമാക്കുന്നതും എന്തൊക്കെയാണെന്നും ഈ ബാലന്‍സ് ഷീറ്റുകള്‍ എന്നെ പഠിപ്പിച്ചു.
ചെറിയൊരു കാര്യമാണെങ്കില്‍ പോലും പുതിയത് എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞാല്‍ ഒരു ദിവസം സഫലമായെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അവിടെ ജോലി ചെയ്ത മൂന്ന് വര്‍ഷവും എനിക്ക് കിട്ടിയ എല്ലാ ബാലന്‍സ് ഷീറ്റും റിപ്പോര്‍ട്ടുകളും ഞാന്‍ കഥപോലെ വായിച്ചു മനസിലാക്കി. അതൊരു ശീലമായി മാറി. എല്ലാ ദിവസവും രാവിലെ നേരത്തെ ഓഫീസിലെത്തി, അര മണിക്കൂര്‍ ഇതെല്ലാം വായിച്ചിട്ടാണ് എന്റെ സെയില്‍സ് ജോലിക്കിറങ്ങുന്നത്. ഈ അറിവുകള്‍ എന്റെ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു. അങ്ങനെയാണ് ഞങ്ങള്‍ ദുബായില്‍ ഒരു ട്രേഡിംഗ് കമ്പനി ആരംഭിക്കുന്നത്.
എങ്കിലും ഇത് കുറച്ചുനാള്‍ മാത്രമേയുണ്ടാകൂ എന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു. എന്റെ നിക്ഷേപങ്ങള്‍ക്ക് മൂലധനം വേണമല്ലോ, അതുകൊണ്ട് ഒരു ബില്‍ഡിംഗ് മെറ്റീരിയല്‍ ട്രേഡിംഗ് കമ്പനിയും 2004ല്‍ തുടങ്ങി. 2008ല്‍ സാമ്പത്തിക മാന്ദ്യത്തിന് തൊട്ടുമുമ്പ് എക്‌സിറ്റ് ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വളരെ നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞതാണ് എനിക്ക് സഹായകമായത്. അതുകൊണ്ട് വിപണി തകരുമ്പോഴും ഞങ്ങള്‍ക്ക് ആവശ്യമായ ലിക്വിഡിറ്റിയുണ്ടായിരുന്നു. ഒരു നിക്ഷേപ സ്ഥാപനം എന്റെ വലിയൊരാഗ്രഹമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ ബ്യൂമെര്‍ക്് ആരംഭിക്കുന്നത്.
കഴിഞ്ഞ പതിനാറ് വര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് നിക്ഷേപമുള്ള നാല്-അഞ്ച് കമ്പനികള്‍ക്കപ്പുറത്തേക്ക് ഞാന്‍ ബിസിനസ് വ്യാപിപ്പിച്ചിട്ടില്ല. എന്റെ ശ്രദ്ധ മുഴുവന്‍ ഈ കമ്പനികളിലും അവയുടെ വളര്‍ച്ചയിലും മാത്രമാണ്. ഒരുപാട് മൂലധനം ആവശ്യമുള്ള സംരംഭങ്ങള്‍ എല്ലാ വര്‍ഷവും ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് കഴിയുമെന്ന വിശ്വാസമില്ലാത്തതിനാല്‍ മറ്റൊരിടത്തും മാനുഫാക്ച്ചറിംഗ് ബിസിനസ് തുടങ്ങിയതുമില്ല.
♦ ബിസിനസിലെ തിരിച്ചടികള്‍ നഷ്ടമല്ല
കേരളത്തില്‍ നടത്തിയ ഒരു നിക്ഷേപം എന്റെ തെറ്റായ തീരുമാനങ്ങളിലൊന്നായിരുന്നു. പക്ഷേ, അതൊരു നഷ്ടമായി ഞാന്‍ കണക്കാക്കിയില്ല. ആ കമ്പനിയുടെ ഓഹരികള്‍ ലിക്വിഡേറ്റ് ചെയ്ത് ലഭിച്ച തുക കൊണ്ടാണ് ഞാന്‍ എന്‍എസ്ഇയുടെ ഷെയറുകള്‍ വാങ്ങിയത്. അതിലൂടെ എനിക്ക് ലഭിച്ച നേട്ടം ചെറുതല്ല. നഷ്ടവും ലാഭവും എനിക്ക് ഒരു ചെറിയ കാലയളവിലെ കണക്കുകളല്ല. പത്ത് അഞ്ചായാലും ആ അഞ്ചിനെ ഞാന്‍ നഷ്ടമെന്നല്ല വിളിക്കുന്നത്, അത് എനിക്ക് വേണ്ട പുതിയ മൂലധനമാണ്, പുതിയൊരു നിക്ഷേപമാണ്, അടുത്ത പത്ത് വര്‍ഷത്തില്‍ മികച്ച ലാഭമുണ്ടാക്കുന്ന ഒരു നിക്ഷേപം.
♦ ദി ഇന്ത്യന്‍ ഗ്രോത്ത് സ്റ്റോറി: വികസിത ഭാരതം എന്ന സ്വപ്നം 2040ല്‍ തന്നെ സാധ്യമാക്കാം
അമേരിക്കയെ പുരോഗതിയിലേക്ക് നയിച്ച എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയ്ക്കുണ്ട്. നമ്മുടെ ദൗര്‍ബല്യം എന്നും ഇവിടുത്തെ ജനസംഖ്യയായി
രുന്നു. പക്ഷേ, ഇനിയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യക്കാരാണ് ലോകത്തിന്റെ ജനസംഖ്യയായി മാറാന്‍ പോകുന്നത്. ഏറ്റവും മികച്ച മാനവശേഷിയായിരിക്കും ലോകത്തിന് നമ്മള്‍ നല്‍കുക. ഉദാരവല്‍ക്കരണത്തിന്റെ ഗുണങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ നമുക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു. എങ്കിലും 2047 ആകുമ്പോഴേയ്ക്കും 30ട്രില്ല്യണ്‍ ഡോളര്‍ ജിഡിപി എന്ന സ്വപ്നം സാധ്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഈ ലക്ഷ്യം നമുക്ക് 2040ല്‍ തന്നെ സ്വന്തമാക്കാന്‍ കഴിയും. ശരിയാണ്, നമ്മുടെ വളര്‍ച്ച ചൈനയേക്കാള്‍ പതിയെയാണ്. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നമ്മള്‍ യൂറോപ്പിനേക്കാള്‍ ശക്തരാണ്.
♦ ഇന്ത്യയും ദുബായിയും പിന്നെ ചൈനയും
ലേമാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചയുടെ കാലത്ത് പാശ്ചാത്യ മാധ്യമങ്ങളെല്ലാം ദുബായിയെ എഴുതിത്തള്ളിയതാണ്. അന്ന്, എല്ലാവരും കൂട്ടത്തോടെ സ്ഥലം വിടുമ്പോഴാണ് അവിടത്തെ ഭരണാധികാരികള്‍ക്ക് മനസിലായത്, അവര്‍ക്കൊപ്പം നില്‍ക്കുന്നത് ഇന്ത്യക്കാര്‍ മാത്രമാണ്. ഈ നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ പാകുന്നത് യുഎഇയിലെ ഇന്ത്യക്കാരാണെന്ന തിരിച്ചറിവുണ്ടായതും അപ്പോഴാണ്. ഇന്ത്യയും ദുബായിയും തമ്മിലുള്ള സൗഹൃദവും ബന്ധവും ഏറ്റവും ഉയര്‍ച്ചയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. എങ്കിലും അതിന്റെ അഞ്ച് ശതമാനം മാത്രമേ നമ്മള്‍ ഉപയോഗപ്പെടുത്തുന്നുള്ളൂ. ഇങ്ങനെയൊരു സൗഹൃദത്തിന്റെ ആനുകൂല്യം ചൈനയ്ക്കില്ല.
♦ ബിസിനസ് രംഗം മെച്ചപ്പെടുത്താന്‍ കേരളത്തിന് ചെയ്യാവുന്ന ഒരു കാര്യം
നാടിനോടുള്ള പ്രത്യേക താല്‍പ്പര്യം കൊണ്ടാണോ എന്നറിയില്ല. പക്ഷേ, ഒരു ശരാശരി മലയാളിയുടെ ബ്രെയിന്‍ കുറച്ച് വ്യത്യസ്തമായി നിര്‍മിക്കപ്പെട്ടതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നമ്മള്‍ എപ്പോഴും ഇന്നൊവേഷന് തയാറാണ്. അതിന് ചേരുന്ന സംവിധാനങ്ങള്‍ വേണമെന്ന് മാത്രം. മദ്രാസ് ഐഐടി ഇപ്പോള്‍ അവരുടെ ഇന്‍ക്യുബേഷന്‍ ഹബ് ആഗോളതലത്തില്‍ വ്യാപിപ്പിക്കുകയാണ്. പൂര്‍വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെ. ദുബായില്‍ ഒരു പ്ലാറ്റ്‌ഫോം തുടങ്ങുന്നു, അമേരിക്കയില്‍ മറ്റൊന്ന്. കേരളത്തിന് ഇങ്ങനെയൊരു ആശയം നടപ്പിലാക്കാവുന്നതാണ്. കേരളത്തിന് വേണ്ടിയുള്ള ഇന്‍വെസ്റ്റ്‌മെന്റ് സെന്ററുകള്‍ രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും തുടങ്ങാം.
♦ ഇനി എന്ത്?
നിക്ഷേപത്തിന്റെ കാര്യം ആലോചിക്കുമ്പോള്‍ ഏത് രാജ്യം എന്നാണ് ആദ്യം ചിന്തിക്കുന്നത്. പിന്നീട് ആ രാജ്യവുമായി ചേര്‍ന്നുപോകുന്ന ഒരു സ്ഥാപനം തിരഞ്ഞെടുക്കും. ചെയ്യുന്ന ബിസിനസുകള്‍ പലതായിരിക്കുമെങ്കിലും ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സുസ്ഥിരത എന്നിവയ്ക്കാണ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈവിധ്യവല്‍ക്കരണമായിരുന്നു എല്ലാവരുടെയും ശ്രദ്ധ. കഴിഞ്ഞ 10-15 വര്‍ഷങ്ങളില്‍ ഇത് core competence ആയിമാറി. പക്ഷേ, ഇത് രണ്ടും ഒന്നിക്കുന്ന കമ്പനികളിലാണ് എന്റെ നോട്ടം. സെബി, ഇന്‍കം ടാക്‌സ് എന്നിങ്ങനെയുള്ള ഇന്ത്യന്‍ റെഗുലേറ്ററി സംവിധാനങ്ങളില്‍ എനിക്ക് വലിയ വിശ്വാസമാണ്. അവയുടെ മികവ് എന്‍എസ്ഇയിലും ബിഎസ്ഇയിലും പ്രതിഫലിക്കുന്നുണ്ട്. ഏറ്റവും മികച്ച ഭരണ സംവിധാനങ്ങളാണ് ഇവയ്ക്കുള്ളത്, ഈ രണ്ട് സ്ഥാപനങ്ങളിലൂടെയും വളരെ നല്ല മാറ്റങ്ങള്‍ അതിവേഗത്തിലാണ് നടക്കുന്നത്.
നിയമങ്ങളും നിയന്ത്രണങ്ങളും എല്ലായിടത്തും ആവശ്യമാണ്. എളുപ്പമാകും എന്നുകരുതി ആരും ബിസിനസ് തുടങ്ങരുത്. സംരംഭകന്റെ ചോരയും വിയര്‍പ്പും അതിന് നല്‍കേണ്ടിവരും. വളരെ പരിശുദ്ധമായ ഒരിടമാണ് ഒരു സംരംഭം, ആരാധനാലയം പോലെ. അതിന്റെ എല്ലാ ഉത്തരവാദിത്തവും ആത്മാര്‍ത്ഥതയും ബിസിനസ് നടത്തുന്നവര്‍ക്ക് വേണം. റെഗുലേറ്ററി സംവിധാനങ്ങളിലൂടെ അത് കൂടുതല്‍ ദൃഢമാക്കുകയും വേണം. ഇത് ഇനി ഇന്ത്യയില്‍ തുടര്‍ച്ചയായി നടക്കാന്‍ പോകുന്ന, നമ്മുടെ രാജ്യത്തെ കൂടുതല്‍ ശാക്തീകരിക്കാന്‍ പോകുന്ന ഒരു ഒരു കാര്യമാണ്. എനിക്ക് എന്നും ശുഭാപ്തി വിശ്വാസമാണ് - ഇന്ത്യ ഇനിയും വളരും. കൂടുതല്‍ കരുത്തോടെ.
♦ യുവതലമുറയിലെ സംരംഭകരോട് പറയാനുള്ളത്
. നിങ്ങളുടെ കാഴ്ചപ്പാട് 'ഗ്ലോബലാകണം'.
. ബിസിനസിലൂടെ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരിക്കണം. എന്തിന് ഈ സംരംഭം തുടങ്ങണം എന്ന, വളരെ പ്രധാനപ്പെട്ട ചോദ്യം ആദ്യം സ്വയം ചോദിക്കാന്‍ മറക്കരുത്.
. സുസ്ഥിരത ഒരു ബിസിനസ് ലക്ഷ്യമായി മുന്നില്‍ കാണുക.
. മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. നിങ്ങളുടെ സംരംഭത്തിലൂടെ ഈ ലോകത്തെ, മറ്റുള്ള ജീവിതങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ കഴിയണം.
.കഴിയുമെങ്കില്‍ നിങ്ങളുടെ ഇരുപതുകളില്‍ തന്നെ സംരംഭകരാകുക. ഈ പ്രായത്തില്‍ തിരിച്ചടികളുണ്ടായാലും അവ സൃഷ്ടിക്കുന്ന ആഘാതത്തിന്റെ കാലയളവ് കുറവായിരിക്കും.
Next Story
Videos