ക്രിപ്‌റ്റോയില്‍ താല്‍പ്പര്യമുണ്ടോ.. സ്റ്റേബ്ള്‍ കോയിനുകളെ അറിയാം

ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേപങ്ങളില്‍ നിന്ന് പലരെയും അകറ്റി നിര്‍ത്തുന്നത് വിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്. ചിലപ്പോള്‍ വില കുത്തനെ ഉയരാം അല്ലെങ്കില്‍ ഇടിയാം. എന്നാല്‍ ഇത്തരം ഏറ്റക്കുറച്ചിലുകള്‍ അധികം ബാധിക്കാത്ത ക്രിപ്‌റ്റോ കറന്‍സികള്‍ ഉണ്ട്. അവയാണ് സ്റ്റേബ്ള്‍ കോയിനുകള്‍.

എന്താണ് സ്റ്റേബ്ള്‍ കോയിനുകള്‍
മറ്റ് ആസ്ഥികളെ അടിസ്ഥാനപ്പെടുത്തി വില നിശ്ചയിക്കപ്പെടുന്നവയാണ് സ്റ്റേബ്ള്‍ കോയിനുകള്‍. ഉദാഹരണത്തിന് ടെഥര്‍ ഒരു സ്റ്റേബ്ള്‍ കോയിനാണ്. കാരണം അവയുടെ വില നിശ്ചയിക്കുന്നത് യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയാണ്. ഓരോ ടെഥറിനും തുല്യമായി ഒരു ഡോളര്‍ റിസര്‍വ്വ് ആയി സൂക്ഷിക്കും. അതായത് ഒരിക്കലും ഇവയുടെ മൂല്യം ഒരു ഡോളറില്‍ താഴെ പോകില്ല എന്നര്‍ത്ഥം.
സ്റ്റേബ്ള്‍ കോയിനുകളിലെ റിസ്‌ക്
സ്റ്റേബ്ള്‍ കോയിനുകളിലെ നിക്ഷേപത്തിനും റിസ്‌ക് ഉണ്ട്. കറന്‍സികള്‍, ക്രിപ്‌റ്റോകള്‍, മറ്റുള്ള ആസ്ഥികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി ആണ് ഇവയുടെ മൂല്യം നില നില്‍ക്കുക. അടിസ്ഥാനമാകുന്ന ആസ്ഥിയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും സ്റ്റേബ്ള്‍ കോയിനുകളിലും പ്രതിഭലിക്കും. ടെഥറ് തന്ന ഉദാഹരണമായി എടുക്കാം. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം ടെഥറിന്റെ വിലയിലും മാറ്റമുണ്ടാക്കും.
പ്രമുഖ സ്റ്റേബ്ള്‍ കോയിനുകളെ അറിയാം
പ്രധാനമായും
സ്റ്റേബ്ള്‍
കോയിനുകളെ മൂന്നായി തിരിക്കാം. fiat- collateralized stable coins ഡോളര്‍ ഉള്‍പ്പടെയുള്ള കറന്‍സികളെ റിസര്‍വ് ആയി ഉപയോഗിക്കുന്നു. crypto-collaterlized stable coins സാധാരണ കറന്‍സികള്‍ക്ക് പകരം ക്രിപ്‌റ്റോ കറന്‍സകള്‍ തന്നെ റിസര്‍വ് ആയി നിലനിര്‍ത്തുന്നു.
സ്റ്റേബ്ള്‍ കോയിനുകളിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് non-collateralized stable coins . ഇവ സ്വതന്ത്രമായാണ് നില്‍ക്കുന്നത്. അതായത് മൂല്യം നിലനിര്‍ത്താന്‍ മറ്റ് ആസ്ഥികളെ ആശ്രയിക്കുന്നില്ല. പകരം കോയിനുകളുടെ വിതരണത്തെ നിയന്ത്രിച്ച് മുല്യം നിലനിര്‍ത്തും.
Tether (USDT)
പ്രചാരത്തില്‍ മുന്നിലുള്ള സ്റ്റേബ്ള്‍ കോയിനായ ടെഥര്‍ 2014ല്‍ ആണ് അവതരിപ്പിച്ചത്. ഡോളറിനെ അടിസ്ഥാനമാക്കിയുള്ള ടെഥറിന്റെ ഇപ്പോഴത്തെ വില 75.05 രൂപയാണ്. ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെഥര്‍ ആണ് സ്ഥാപനത്തിന്റെ അതേ പേരില്‍ കോയിന്‍ പുറത്തിറക്കുന്നത്.
USD coin (USDC)
ഡോളര്‍ റിസര്‍വ് ആയുള്ള മറ്റൊരു കോയിനാണ് USD coin. 1:1 എന്ന അനുപാതത്തില്‍ ഓരോ കോയിനും തുല്യമായി ഡോളര്‍ സൂക്ഷിക്കും. ഇവ കറന്‍സിയും ഇടക്കാല യുഎസ് ട്രെഷറി ബോണ്ടുകളും സമ്മിശ്രമായാണ് റിസര്‍വ്. 2018ല്‍ ആണ് USD coin പുറത്തിറക്കിയത്.
Binance USD(BUSD)
ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആയ ബിനാന്‍സിന്റെ പിന്തുണയോടെ 2019ല്‍ എത്തിയ സ്റ്റേബ്ള്‍ കോയിനാണ് Binance USD. 1:1 നിരക്കില്‍ ഡോളര്‍ തന്നെയാണ് അടിസ്ഥാനം. കോയിന്‍മാര്‍ക്കെറ്റ്ക്യാപ് വെബ്‌സൈറ്റിലെ വിവരം അനുസരിച്ച് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അനുമതി Binance USDക്ക് ലഭിച്ചിട്ടുണ്ട്.
dai (DAI), Terra USD (UST), TrueUSD (TUSD)
ഒരു മള്‍ട്ടി കൊളാറ്റെറല്‍ കോയിനാണ് dai .യുഎസ് ഡോളറും മറ്റ് ക്രിപ്‌റ്റോ കറന്‍സികളും അടങ്ങിയ സമ്മിശ്ര റിസര്‍വ് ആണ് ഈ കോയിന് ഉള്ളത്.
2020ല്‍ പുറത്തിറങ്ങിയ സ്റ്റേബ്ള്‍ കോയിനാണ് Terra. മറ്റ് പ്രമുഖ കോയിനുകള്‍ക്ക് സമാനമായി ഡോളറാണ് അടിസ്ഥാനം. 2018ല്‍ അവതരിപ്പിച്ച ഡോളര്‍ റിസര്‍വ് ആയുള്ള മറ്റൊരു കോയിനാണ് TrueUSD. കൃത്യമായ ഓഡിറ്റ് നടക്കുന്ന, പൂര്‍ണമായും ഡോളറിന്റെ പിന്തുണയുള്ള ആദ്യ കോയിനെന്നാണ് അവകാശ വാദം.


Related Articles
Next Story
Videos
Share it