ജിയോ ഫൈനാൻഷ്യൽ സർവീസസ് റിലയൻസിൽ നിന്നും വേർപെട്ടത് വിപണിയെ താഴ്ത്തി; പിന്നീടു നഷ്ടം കുറച്ചു
മെഗാ ഓഹരി റിലയൻസിൽ നിന്ന് ധനകാര്യ സേവന വിഭാഗം വേർതിരിച്ചതടക്കമുളള കാര്യങ്ങൾ നടന്ന ഇന്നു രാവിലെ ഓഹരി വിപണി താഴോട്ടു നീങ്ങി. നിഫ്റ്റി 70 പോയിന്റിനടുത്തും സെൻസെക്സ് 250 പോയിന്റിനടുത്തും താണു. പിന്നീടു നഷ്ടം കുറച്ചു. ബാങ്ക്, മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ തിരിച്ചു കയറി.
ധനകാര്യ സർവീസ് വിഭാഗം ജിയോ ഫൈനാൻഷ്യൽ സർവീസസ് എന്ന പേരിൽ വേർതിരിച്ച ശേഷം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 2,580 രൂപയായി. ജിയോയുടേത് 261.85 രൂപയും. ഇന്നു രാവിലെ വിലനിർണയത്തിനായി എൻ.എസ്. ഇയിൽ നടത്തിയ വ്യാപാരത്തിലാണിത്.
ബിഎസ്ഇയിൽ 2,589 രൂപയിലാണു റിലയൻസ്. ഇന്നലത്തെ ക്ലോസിംഗ് വിലയിൽ നിന്ന് 9.21 ശതമാനം താഴ്ചയിലായി അവശിഷ്ട റിലയൻസ് ഓഹരി. വിലനിർണയത്തിനു ശേഷം നടന്ന വ്യാപാരത്തിൽ അവശിഷ്ട റിലയൻസ് ഒരു ശതമാനത്തിലധികം ഉയർന്ന് 2610 രൂപയിലെത്തി.
മൂലധനഫണ്ട് സമാഹരണത്തിനായി ക്യു.ഐ.പി ആരംഭിച്ച ഫെഡറൽ ബാങ്കിന്റെ ഓഹരി ഇന്നു 137.65 രൂപയിലേക്കു കയറി. ബാങ്ക് ഓഹരിക്ക് 132.59 രൂപയാണു ക്യുഐപിയിൽ തറവില നിശ്ചയിച്ചിട്ടുള്ളത്.
റിസൾട്ടുകൾ കാത്ത് ഓഹരികൾ
ഇന്നു റിസൾട്ട് പ്രഖ്യാപിക്കാനിരിക്കുന്ന ഇൻഫോസിസ് ടെക്നോളജീസ്, ഹിന്ദുസ്ഥാൻ യൂണിലീവർ എന്നിവ രാവിലെ താഴ്ചയിലാണ്. കോഫോർജ്, പെർസിസ്റ്റന്റ് സിസ്റ്റംസ് എന്നിവയുടെ റിസൾട്ടും ഇന്നു വരും. രണ്ട് ഓഹരികളും രാവിലെ നഷ്ടത്തിലാണ്.
എക്സ് ഡിവിഡൻഡ് ആയ ടിസിഎസും എച്ച്സിഎൽ ടെക്നോളജീസും ഒന്നര ശതമാനം വരെ താഴ്ന്നു. മികച്ച ഒന്നും പാദ റിസൽട്ട് പുറത്തുവിട്ട ന്യൂജൻ സോഫ്റ്റ് വേർ ഇന്നും നേട്ടത്തിലാണ്. ഓഹരിവില 10 ശതമാനത്തോളം കയറി.
റിസൾട്ട് പ്രതീക്ഷയോളം വരാത്തതിനാൽ ടാറ്റാ കമ്യൂണിക്കേഷൻസും കാൻ ഫിൻ ഹോംസും എൽ ആൻഡ് ടി ഫിനാൻഷ്യൽ ഹോൾസിംഗ്സും താണു. ടാറ്റാ കമ്യൂണിക്കേഷൻസ് പിന്നീട് നേട്ടത്തിലായി.
അറ്റാദായം 54 ശതമാനം വർധിപ്പിച്ച് 80 കോടിയിൽ എത്തിച്ച ഹാറ്റ്സൺ അഗ്രോ ഓഹരി ഒൻപതു ശതമാനം ഉയർന്ന് 1060 രൂപയ്ക്കു മുകളിലായി.
രൂപ, ഡോളർ, സ്വർണം
രൂപ ഇന്നു ചെറിയ നേട്ടത്തിൽ ആരംഭിച്ചു. ഡോളർ നാലു പെെസ താണ് 82.04 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 82.02 രൂപയിലേക്കു താഴ്ന്നു.
ലോകവിപണിയിൽ സ്വർണം ഇന്നു രാവിലെ കുതിച്ചു. ഔൺസിന് 1985 ഡോളറിലായി സ്വർണം. യുഎസ് ഫെഡ് 26-നു പലിശ തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് 2000 ഡോളറിനു മുകളിൽ സ്വർണം എത്തുമെന്നാണ് സൂചന.
കേരളത്തിൽ സ്വർണം പവന് 80 രൂപ കൂടി 44,560 രൂപ ആയി.