Begin typing your search above and press return to search.
വീണ്ടും പ്രതീക്ഷയോടെ നിക്ഷേപകർ; വിദേശികൾ വിൽപന തുടരുന്നു; ലോഹങ്ങളുടെ തിളക്കം മങ്ങുന്നോ? റിലയൻസിൻ്റെ കുതിപ്പിനു പിന്നിൽ?
വിദേശ നിക്ഷേപകരുടെ വിൽപന സമ്മർദത്തിനിടയിലും സൂചികകൾ തിരിച്ചു കയറി. വിപണിയുടെ ട്രെൻഡ് ഒപ്പം മാറിയാേ എന്ന് ഇന്നത്തെ വിപണിഗതി കാണിക്കും. നിഫ്റ്റി 17,300 കടന്നാൽ ബുള്ളുകൾക്കു വിഹരിക്കാൻ അവസരമാകും.
ആഗോള ട്രെൻഡ് പൊതുവേ ബുള്ളിഷ് ആണ്. യൂറോപ്യൻ ഓഹരികൾ ഇന്നലെ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. യുഎസ് വിപണിയിൽ ടെക്നോളജി മേഖലയാണ് ഇടിഞ്ഞത്. നെറ്റ്ഫ്ലിക്സിനു കഴിഞ്ഞ പാദത്തിൽ രണ്ടു ലക്ഷം വരിക്കാർ കുറഞ്ഞത് കമ്പനിയുടെ ഓഹരി 39 ശതമാനം വരെ ഇടിയാൻ കാരണമായി.
സ്ട്രീമിംഗ് കമ്പനികൾക്കും വലിയ തിരിച്ചടിയായി. നാസ്ഡാക് സൂചിക 1.22 ശതമാനം താഴോട്ടു പോയി. എന്നാൽ ഡൗ ജോൺസ് സൂചിക തരക്കേടില്ലാത്ത ഉയർച്ചയിലാണ് അവസാനിച്ചത്. റഷ്യ ആണവവാഹകശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചെങ്കിലും യുക്രെയ്ൻ യുദ്ധം വിപണിയെ അധികം ആശങ്കാകുലമാക്കുന്നില്ല. ക്രൂഡ് ഓയിൽ വില അൽപം കൂടി താഴ്ന്നു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഏഷ്യൻ ഓഹരികളും നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,233 വരെ ഉയർന്നു. ഇന്നു രാവിലെ 17,245 ലേക്കു കയറിയിട്ട് അൽപം താണു. ഇന്ത്യൻ വിപണി നല്ല ഉയർച്ചയോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതിലുള്ളത്.
ഇന്നലെ ഇന്ത്യൻ വിപണി തുടക്കം മുതൽ നേട്ടത്തിലായിരുന്നു. താഴാട്ടു വലിക്കാനുള്ള ശ്രമങ്ങളെ റീട്ടെയിൽ നിക്ഷേപകരും സ്വദേശി ഫണ്ടുകളും കൂടി ചെറുത്തു നിന്നു. മെറ്റൽ കമ്പനികളും ബാങ്കുകളും ധനകാര്യ കമ്പനികളുമാണ് ഇന്നലെ വലിയ താഴ്ച കാണിച്ചത്. വാഹന, ഐടി, ഓയിൽ, എഫ്എംസിജി, ഫാർമ കമ്പനികൾ നല്ല നേട്ടമുണ്ടാക്കി. രണ്ടാഴ്ചയ്ക്കു ശേഷം എച്ച്ഡിഎഫ്സി ദ്വയങ്ങൾ വിപണിയിൽ ഉയർന്നു. ഇൻഫിയും നേട്ടത്തിലാണ്. റിലയൻസ് കുതിപ്പ് തുടർന്നത് മുഖ്യസൂചികകളെ ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.
സെൻസെക്സ് ഇന്നലെ 574.35 പോയിൻ്റ് (1.02%) ഉയർന്ന് 57,037.5 ലും നിഫ്റ്റി 177.9 പോയിൻ്റ് (1.05%) നേട്ടത്തിൽ 17,136.55 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.75 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.18 ശതമാനം താഴ്ന്നു.
വിദേശ നിക്ഷേപകർ ഇന്നലെ ക്വാഷ് വിപണിയിൽ 3009.26 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 2645.82 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശികളുടെ വിൽപന ബാങ്ക്, ധനകാര്യ മേഖലകളിലായിരുന്നു.
കോവിഡ് കേസുകൾ വർധിക്കുന്നത് ഹോട്ടൽ, ടൂറിസം, ഉല്ലാസം മേഖലകളിൽ ലാഭമെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. ചിലർ ഹെൽത്ത് കെയറിൽ നിക്ഷേപ താൽപര്യം കാണിച്ചു.
വിപണി കയറ്റത്തിനുള്ള സൂചനകൾ നൽകുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നു നിഫ്റ്റി 17,215-ലെയും 17,310 ലെയും തടസങ്ങൾ മറികടന്നാലേ ബുൾ മുന്നേറ്റം കരുത്തു നേടൂ. നിഫ്റ്റിക്ക് 17,015-ലും 16,895-ലും സപ്പോർട്ട് ഉണ്ട്.
ക്രൂഡും ലോഹങ്ങളും താഴ്ചയിൽ
ക്രൂഡ് ഓയിൽ ഇന്നലെ അൽപം ഉയർന്നിട്ട് തിരിച്ചിറങ്ങി. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 106.8 ഡോളറിൽ നിന്ന് 107.3 ഡോളറിലേക്കു കയറി. പ്രകൃതിവാതക വില 6.85 ഡോളറിലേക്കു താണു. ആഗോള വളർച്ച മന്ദീഭവിക്കുമ്പോൾ ഡിമാൻഡ് കുറയുമെന്ന നിഗമനത്തിലാണു വില താഴുന്നത്.
വ്യാവസായിക ലോഹങ്ങൾ ചെറിയ തോതിൽ താഴാേട്ടു നീങ്ങുകയാണ്. ഡിമാൻഡ് കുറയുമെന്ന വിലയിരുത്തൽ വിപണിക്കുണ്ടെങ്കിലും വലിയ ഇടിവ് പ്രതീക്ഷിക്കുന്നില്ല. ലോഹങ്ങളുടെ കുതിപ്പ് അവസാനിക്കുന്നു എന്നു മാത്രമാണ് വ്യാപാരികൾ കണക്കാക്കുന്നത്. ചെമ്പ് ഇന്നലെ രണ്ടു ശതമാനത്തോളം താണു. മറ്റു ലോഹങ്ങളിൽ നേരിയ മാറ്റമേ ഉള്ളൂ.
സ്വർണം തലേന്നത്തേക്കാൾ അൽപം ഉയർന്നു. എന്നാൽ തുടർന്നു കയറാനുള്ള സൂചനയില്ല. 1955-1956 ഡോളറിലാണ് ഇന്നു രാവിലെ സ്വർണ വ്യാപാരം. കേരളത്തിൽ ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു.
ഡോളർ വിദേശത്ത് ദുർബലമായത് രൂപയ്ക്കു നേട്ടമായി. ഡോളർ നിരക്ക് 29 പൈസ താഴ്ന്ന് 76.21 രൂപയായി.
എസിസിയും അംബുജയും സ്വന്തമാക്കാൻ ജെഎസ്ഡബ്ള്യുവും
പ്രമുഖ സിമൻ്റ് കമ്പനികളായ എസിസിയും അംബുജ സിമൻ്റ്സും സ്വന്തമാക്കാൻ സജ്ജൻ ജിൻഡലിൻ്റെ ജെഎസ്ഡബ്ള്യു രംഗത്ത്. അഡാനി ഗ്രൂപ്പും ഇവ കൈക്കലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ ആഗോള ഭീമനായ ഹോൾസിമിൻ്റെ കീഴിലാണ് ഈ കമ്പനികൾ.
സ്വിസ് കമ്പനിയായ ലാ ഫാർഷ് ഹോൾസിം ഇന്ത്യയിലെ സിമൻ്റ് ബിസിനസ് വിറ്റൊഴിയാൻ തീരുമാനിച്ചിട്ടുണ്ട്. രണ്ടു കമ്പനികളും കൂടി വാങ്ങാൻ താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ്.
ഓപ്പൺ ഓഫർ അടക്കം 80,000 കോടിയോളം രൂപ വേണ്ടി വരും ഇവ സ്വന്തമാക്കാൻ. ജിൻഡൽ ധനസമാഹരണത്തിനായി കാർലൈൽ, അപ്പോളോ ഗ്ലോബൽ തുടങ്ങിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായി ചർച്ചയിലാണ്.
എസിസി ഓഹരി ഇന്നലെ 7.37 ശതമാനവും അംബുജ 5.86 ശതമാനവും ഉയർന്നു. കമ്പനികളെ വാങ്ങാൻ മത്സരമായതോടെ വില ഇനിയും കയറുമെന്നാണു നിരീക്ഷണം.
റിലയൻസിൻ്റെ കുതിപ്പിനു പിന്നിൽ ഇക്കാര്യം
രണ്ടാം ദിവസവും നല്ല നേട്ടമുണ്ടാക്കിയ റിലയൻസ് ഇൻഡസ്ട്രീസ് 52 ആഴ്ചയിലെ ഉയർന്ന വിലയുടെ അടുത്തെത്തി. രണ്ടു ദിവസം കൊണ്ട് ഓഹരി ഏഴു ശതമാനം ഉയർന്നു. ഇപ്പോഴത്തെ കുതിപ്പ് തുടർന്നാൽ ആ റിക്കാർഡ് തിരുത്താനാകും. റിലയൻസിൻ്റെ ജനുവരി-മാർച്ച് പാദത്തിലെ പ്രവർത്തനലാഭം 66 ശതമാനത്തിലധികം വർധിക്കുമെന്ന് ബ്രോക്കറേജുകൾ വിലയിരുത്തി.
ഓരോ വീപ്പ ക്രൂഡ് ഓയിൽ സംസ്‌കരിക്കുമ്പോഴും 12.1 ഡോളർ ലാഭം കമ്പനിക്കു കിട്ടിയെന്നാണു നിഗമനം. കഴിഞ്ഞ വർഷം ഇതേ സമയം ഏഴു ഡോളറായിരുന്നു ലാഭം. ഓയിൽ ടു കെമിക്കൽസ് ബിസിനസിൽ 64 ശതമാനം ലാഭ വർധന പ്രതീക്ഷിക്കുന്നു. എണ്ണ-വാതക പര്യവേക്ഷണവും ഖനനവും മേഖല ലാഭം മൂന്നിരട്ടിയാക്കി എന്നു കണക്കാക്കുന്നു.
റിലയൻസ് ജിയോയുടെ വരിക്കാരിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) ആറു ശതമാനം വർധിച്ചു. ഇതു ലാഭം 22 ശതമാനം കൂട്ടും. റീട്ടെയിൽ മേഖലയുടെ ലാഭം 23 ശതമാനം വർധിച്ചെന്നാണു നിഗമനം.
റിലയൻസ് ജിയോയുടെ വരിക്കാർ കൂടുന്നതും ക്രൂഡ് ഓയിലിൻ്റെ റിഫൈനിംഗ് മാർജിൻ കുതിച്ചു കയറിയതും റീട്ടെയിലിൽ കൂടുതൽ ബ്രാൻഡുകൾ സ്വന്തമാക്കിയതും കമ്പനിക്കു കരുത്തായി.
ഫ്യൂച്ചർ റീട്ടെയിലിനു വായ്പ നൽകിയ ബാങ്കുകളും റിലയൻസും തമ്മിൽ ധാരണയിൽ എത്തുമെന്നു സൂചനയുണ്ട്. അതു സാധിച്ചാൽ ആമസോണുമായുള്ള പോരിൽ നിർണായക നേട്ടമാകും. അതും ഓഹരിയെ സഹായിക്കും. റ റ റിലയൻസിനു റീട്ടെയിൽ വിഭാഗം വിൽക്കാനുള്ള നിർദേശത്തിൽ ഫ്യൂച്ചർ ഗ്രൂപ്പ് ഓഹരി ഉടമകൾ ഇന്നലെ വോട്ട് ചെയ്തു. വോട്ടിംഗ് ഇന്നു സമാപിക്കും.
This section is powered by Muthoot Finance
Next Story
Videos