ഉയർച്ച കാത്തു നിക്ഷേപകർ; വിപണിയിൽ പോസിറ്റീവ് സൂചന; വിദേശികൾ വീണ്ടും നിക്ഷേപകരായി; കയറ്റുമതി റിക്കാർഡിൽ
വിപണി അനിശ്ചിതത്വം മറികടന്ന് ഉയരത്തിലേക്കു നീങ്ങുകയാണെന്ന് പലരും വിലയിരുത്തുന്നു. കഴിഞ്ഞ ആഴ്ചത്തെ ഉയർച്ച അതിലേക്കാണു വിരൽ ചൂണ്ടുന്നത്. 17,400- 17,600 മേഖലയിലെ തടസം നിഫ്റ്റി മറികടന്നെന്നും ഇനി 18,100-18,200-ലേക്ക് ഉയരാനാകുമെന്നുമാണു വിലയിരുത്തൽ. അതിനിടയിലും സമ്മർദമേഖലകൾ (17, 800-17,900) ഉണ്ട്. എന്തായാലും ഇന്ത്യൻ വിപണിയിലേക്കു വിദേശ നിക്ഷേപകർ വീണ്ടും പണമിറക്കുന്നതു നല്ല സൂചനയായി കണക്കാക്കിയാണ് ഇന്നു വിപണി പുതിയ ആഴ്ച തുടങ്ങുക.
ആഗാേള സൂചനകൾ വിപണിക്കു പോസിറ്റീവ് ആണ്. വെള്ളിയാഴ്ച യൂറോപ്യൻ, യുഎസ് വിപണികൾ ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇന്ന് യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്. എന്നാൽ ഏഷ്യൻ വിപണികൾ ചെറിയ നേട്ടത്തോടെയാണു രാവിലെ വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,743 വരെ ഉയർന്നു. ഇന്നു രാവിലെ 17,685 വരെ താഴ്ന്നിട്ട് 17,705 ലേക്കു കയറി. ഇന്ത്യൻ വിപണി ചെറിയ ഉയർച്ചയോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
വെള്ളിയാഴ്ച സെൻസെക്സ് 708.18 പോയിൻ്റ് (1.21%) കുതിച്ച് 59,276.69 ലും നിഫ്റ്റി 205.7 പോയിൻ്റ് (1.18%) കുതിപ്പോടെ 17,670.45 ലും ക്ലോസ് ചെയ്തു. ആഴ്ചയിൽ സെൻസെക്സിന് 3.34 ശതമാനവും നിഫ്റ്റിക്ക് 3.02 ശതമാനവും ഉയർച്ച ഉണ്ടായി. വെള്ളിയാഴ്ച മിഡ് ക്യാപ് സൂചിക 1.39 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.71 ശതമാനവും ഉയർന്നു. ഓയിൽ - ഗ്യാസ്, ബാങ്കുകൾ, എഫ്എംസിജി, മെറ്റൽ, കാപ്പിറ്റൽ ഗുഡ്സ് തുടങ്ങിയ വിഭാഗങ്ങളും നല്ല നേട്ടമുണ്ടാക്കി.
ആഴ്ചയിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് റിയൽറ്റിയാണ്. 6.93 ശതമാനം ഉയർച്ച. ബാങ്ക്, പവർ സൂചികകൾ നാലു ശതമാനം വീതം കയറി.
വിദേശികൾ വീണ്ടും നിക്ഷേപകർ
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 1909.78 കോടി രൂപയ്ക്കു ക്യാഷ് വിപണിയിൽ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 183.79 കോടി രൂപയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞയാഴ്ച മൊത്തത്തിലെടുത്താൽ വിദേശികൾ 425 കോടി രൂപയാണ് ഓഹരികളിൽ നിക്ഷേപിച്ചത്. മാർച്ചിൽ അവർ വിപണിയിൽ നിന്ന് 32,250 കോടി രൂപ പിൻവലിച്ചു. ഇതിൽ ക്യാഷ് വിപണിയിൽ നിന്നു പിൻവലിച്ച 43,281 കോടിയും പെടുന്നു. വിദേശികൾ വിറ്റൊഴിയുന്ന പ്രവണത അവസാനിപ്പിച്ചു എന്നാണു സൂചന. അവർ ഗണ്യമായ തുക ഇങ്ങോട്ടു കൊണ്ടുവരികയാണെങ്കിൽ സൂചികകൾ പുതിയ റിക്കാർഡുകൾ കുറിച്ചേക്കും.
വിപണി ബുളളിഷ് സൂചനകളാണു നൽകുന്നതെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 14,495ലും 17,315 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,775 ഉം 17,880-ഉം തടസങ്ങളാകും.
ക്രൂഡ് വില താഴുന്നില്ല
ക്രൂഡ് ഓയിൽ വില താഴ്ന്നെങ്കിലും ഈയാഴ്ച അതു തുടരുമെന്ന സൂചനയില്ല. ബ്രെൻ്റ് ഇനം 104.5 ഡോളറിലും ഡബ്ള്യുടിഐ ഇനം 99 ഡോളറിലുമാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 103.5 വരെ താണിട്ട് അൽപം കയറി.
അമേരിക്ക വലിയ അളവിൽ റിസർവ് ക്രൂഡ് വിപണിയിലേക്കു നൽകുന്നതാണു ക്രൂഡ് വില അൽപം കുറച്ചത്. എങ്കിലും. യുഎസ് പ്രസിഡൻ്റ് ആഗ്രഹിച്ചതു പോലെ പെട്രോൾ വില ഗ്യാലന് നാലു ഡോളറിനു താഴോട്ടു പോരാൻ സാഹചര്യമായിട്ടില്ല.
സ്റ്റീൽ ഉയരുന്നു
വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളിലാണ്. ചെമ്പും അലൂമിനിയവും വെള്ളിയാഴ്ച അൽപം താഴ്ന്നെങ്കിലും ആഴ്ചയിൽ നേട്ടമുണ്ടാക്കി. സ്റ്റീൽ വില വാരാന്ത്യത്തിൽ ഉയർന്നു. ഇതേ തുടർന്നു ചൈനയിലെ ഡാലിയൻ വിപണിയിൽ ഇരുമ്പയിര് വില ഏഴു ശതമാനം കുതിച്ച് ടണ്ണിനു 159.8 ഡോളർ ആയി.
സ്വർണം വാരാന്ത്യത്തിലെ താഴ്ന്ന നിലവാരത്തിൽ തുടരുന്നു. വെള്ളിയാഴ്ച 1925 ഡോളറിലേക്കു സ്വർണം ഇടിഞ്ഞതാണ്. ഇന്നു രാവിലെ ഔൺസിന് 1913 ഡോളർ വരെ താഴ്ന്ന ശേഷം 1924-1925 മേഖലയിലേക്കു കയറി.
ഈയാഴ്ച റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി യോഗം ചേരും. തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും. പലിശ നിരക്കുകളിലോ നിലപാടിലോ മാറ്റം ഉണ്ടാവുകയില്ലെന്നാണു സൂചന.
കയറ്റുമതിയിലെ റിക്കാർഡ്
2021-22 ലെ ഉൽപന്ന കയറ്റുമതി 41,800 കോടി ഡോളറിലേക്കു കയറി. രാജ്യം ലക്ഷ്യമിട്ട 40,000 കോടി ഡോളർ മറികടന്നു. തലേവർഷത്തെ അപേക്ഷിച്ച് 40 ശതമാനവും കോവിഡിനു മുൻപത്തെ അപേക്ഷിച്ച് 33.33 ശതമാനവും കൂടുതലാണിത്.
കയറ്റുമതിയുടെ കണക്കു മാത്രമേ ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളു. ഇറക്കുമതിയുടെ കണക്ക് നൽകിയിട്ടില്ല. ഇറക്കുമതി 60,000 കോടി ഡോളറിനടുത്താകും. അതു വഴി വാണിജ്യ കമ്മി 19,000 കോടി ഡോളറിലേക്ക് ഉയരും എന്നാണു നിഗമനം.
കയറ്റുമതിയിലും ഇറക്കുമതിയിലും ഉള്ള വർധനയുടെ ഒരു പങ്ക് വിലക്കയറ്റത്തിനു നൽകണം. ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപന്നങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, ഭക്ഷ്യ എണ്ണ, സ്വർണം, ലോഹങ്ങൾ, ഔഷധങ്ങൾ എന്നിവയുടെ വില വർധന 30 മുതൽ 50 വരെ ശതമാനമായിരുന്നു.
യുക്രെയ്നിൽ പ്രതീക്ഷ
യുക്രെയ്നിലെ റഷ്യൻ സേന പലേടത്തു നിന്നും പിന്മാറുകയാണ്. തലസ്ഥാനമായ കീവും പരിസരങ്ങളും തിരിച്ചു പിടിച്ചെന്നു യുക്രെയ്ൻ ഭരണകൂടം പറയുന്നു. റഷ്യൻ പിന്മാറ്റം ഒത്തുതീർപ്പിനു വഴി തുറന്നേക്കും. അതേ സമയം നൂറുകണക്കിനു പൗരന്മാരുടെ മരണത്തിനു റഷ്യൻ സേന ഉത്തരവാദികളാണെന്നു യുക്രെയ്ൻ ആരോപിച്ചു. ഹംഗറിയിൽ പുടിൻ്റെ മിത്രവും വലതുപക്ഷ യാഥാസ്ഥിതികനുമായ വിക്തോർ ഓർബൻ നാലാംവട്ടവും പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത് യുക്രെയ്ൻകാരുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായി.
യുഎസ് തൊഴിൽ വളർച്ച
മാർച്ചിലെ യുഎസ് തൊഴിൽ കണക്കുകൾ സമ്പദ്ഘടന കരുത്തോടെ പോകുന്നതായി കാണിച്ചു. ശരാശരി വേതനത്തിൽ 0.4 ശതമാനം വർധന ഉണ്ടായി. തൊഴിലില്ലായ്മ രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി. ഇതു പലിശ വർധന 50 ബേസിസ് പോയിൻ്റ് (0.5 ശതമാനം) തോതിൽ ആകാനുള്ള സാധ്യത ഉറപ്പിച്ചു. മേയ് ആദ്യമാണു ഫെഡ് ഇനി നിരക്കു നിശ്ചയിക്കുക.
This section is powered by Muthoot Finance