വിദേശത്തു നിന്നു നെഗറ്റീവ് സൂചനകൾ; തിരിച്ചുവരാൻ ബുള്ളുകൾ; പലിശയിലും പണലഭ്യതയിലും ആശങ്കകൾ

ബാങ്ക്, ധനകാര്യ ഓഹരികളിലെ ലാഭമെടുക്കലിനുള്ള വിൽപനയും റിലയൻസ് ഓഹരിയുടെ വീഴ്ചയും ഇന്നലെ വിപണിയെ താഴ്ത്തി. രണ്ടു ദിവസം കൊണ്ടു മൂന്നു ശതമാനത്തിലധികം ഉയർന്ന മുഖ്യസൂചികകൾ അര ശതമാനത്തിലധികം താണു.

ചൊവ്വാഴ്ച ഇന്ത്യൻ വിപണി നേരിയ ബെയറിഷ് സൂചന നൽകിയാണു ക്ലോസ് ചെയ്തത്. എന്നാൽ പിന്നീട് ആഗാേള സംഭവ വികാസങ്ങൾ ഇന്നത്തേക്കു നൽകുന്നതു കൂടുതൽ നെഗറ്റീവ് സൂചനകളാണ്. യുഎസ് കേന്ദ്രബാങ്ക് ഫെഡ് മേയിൽ പലിശനിരക്കു വർധനയുടെ തോതു കൂട്ടുമെന്നും പണലഭ്യത ചുരുക്കാൻ അതിവേഗം നടപടി എടുക്കുമെന്നും ഒരു പ്രമുഖ ഫെഡ് ഗവർണർ പ്രസ്താവിച്ചു.
ക്രൂഡ് ഓയിൽ വില 110 ഡോളറിനു മുകളിൽ നിന്നു താണെങ്കിലും പ്രതീക്ഷയോളം താഴോട്ടു നീങ്ങുന്നില്ല. റഷ്യക്കുമേൽ പുതിയ ധനകാര്യ ഉപരോധങ്ങൾ ഇന്നു യുഎസും യൂറോപ്യൻ യൂണിയനും പ്രഖ്യാപിക്കും.
മൂന്നു കാര്യങ്ങളും ഇന്ത്യൻ വിപണിയുടെ ഉയർച്ചയ്ക്കു തടസമാകാം. റഷ്യയിൽ നിന്നു ക്രൂഡ് വാങ്ങുന്ന രാജ്യങ്ങളെ പരസ്യമായി വിമർശിച്ചപ്പോൾ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇന്ത്യയുടെ പേര് പറയാതിരുന്നത് ഒരു പോസിറ്റീവ് കാര്യമാണ്.
യുഎസ് വിപണി ഇന്നലെ താഴ്ചയിലാണ് അവസാനിച്ചത്. ടെക് ഓഹരികൾക്ക് ആധിപത്യമുള്ള നാസ്ഡാക് സൂചിക 2.26 ശതമാനം താണു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്.
ഓസ്ട്രേലിയയിലും ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ ഒരു ശതമാനത്തോളം താഴ്ന്നാണു തുടങ്ങിയത്. പിന്നീടു കൂടുതൽ താണു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,889 വരെ താണിട്ട് 17,921-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,875 വരെ താഴ്ന്നിട്ട് 17,905 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു താഴ്ചയാേടെ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.

വിപണിയിൽ രണ്ടു പ്രവണതകൾ

ചൊവ്വാഴ്ച ചാഞ്ചാട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണിയിൽ രണ്ടു പ്രവണതകൾ ദൃശ്യമായി. ബാങ്ക്, ധനകാര്യ കമ്പനി ഓഹരികൾ ഉയർന്ന വിലയിൽ ലാഭമെടുക്കാൻ ഒരു ഭാഗത്തു വലിയ സമ്മർദം. റിലയൻസ് ഓഹരികളിലും വിൽപന സമ്മർദമുണ്ടായി. എച്ച്ഡിഎഫ്സി ദ്വയങ്ങളുടെ വില ഗണ്യമായി താണു. ബാങ്ക് നിഫ്റ്റി ആദ്യം ഏറെതാണെങ്കിലും ഒടുവിൽ നഷ്ടം 1.47 ശതമാനത്തിൽ ഒരുക്കി. ധനകാര്യ കമ്പനികളുടെ സൂചിക 1.58 ശതമാനം താഴ്ന്നു.

ഇതേ സമയം വിശാല വിപണി നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 1.38 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.85 ശതമാനവും ഉയർന്നു. വാഹന, എഫ്എംസിജി, കൺസ്യൂമർ ഡ്യുറബിൾസ്, മെറ്റൽ, ഓയിൽ - ഗ്യാസ് കമ്പനികൾ നേട്ടത്തിലായി. മിഡ് ക്യാപ് ഐടി കമ്പനികളും ഉയർന്നു. ഇൻഫോസിസിൻ്റെ ഇടിവാണ് ഐടി സൂചികയെ താഴ്ത്തി നിർത്തിയത്.

റിലയൻസ് 1.42 ശതമാനം ഇടിഞ്ഞത് മുഖ്യസൂചികകളെ നഷ്ടത്തിലാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. റിലയൻസ് വില താണതോടെ റിലയൻസ് ഗ്രൂപ്പിൻ്റെ വിപണി മൂല്യം താഴുകയും ഗൗതം അഡാനി മുകേഷ് അംബാനിയെ പിന്നിലാക്കുകയും ചെയ്തു.

സെൻസെക്സ് 435.24 ശതമാനം (0.72%) താഴ്ന്ന് 60,176.5 ലും നിഫ്റ്റി 96 പോയിൻ്റ് (0.53%) താഴ്ന്ന് 17,957.4 ലും ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപകർ ഇന്നലെ 374.89 കോടി രൂപയും സ്വദേശി ഫണ്ടുകൾ 105.42 കോടി രൂപയും ഓഹരികളിൽ നിക്ഷേപിച്ചു.

വിപണി ബെയറിഷ് സൂചനയോടെയാണ് ക്ലോസ് ചെയ്തതെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,800-നു മുകളിൽ നിഫ്റ്റി തുടരുന്നിടത്തോളം വിപണിക്കു ബുള്ളിഷ് ആയി മാറുന്നതിനു വലിയ തടസമില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 17,900-നു മുകളിൽ സൂചിക നില നിന്നാൽ 18,180-18,350 നിലവാരത്തിലേക്കു വീണ്ടും കുതിക്കാൻ കഴിയുമത്രെ. 17,885ലും 17,820ലുമാണു നിഫ്റ്റിക്കു സപ്പോർട്ട് ഉള്ളത്. 18,065 ഉം 18,165- ഉം തടസ മേഖലകളാണ്.

ക്രൂഡ് അൽപം താണു

ക്രൂഡ് ഓയിൽ വില ഇന്നലെ 112 ഡോളർ വരെ കയറിയിട്ടു താണു. ക്രൂഡ് ഓയിൽ ശേഖരം കുറയുമെന്നു കരുതിയപ്പോൾ വർധിച്ചതാണു കാരണം. 105.6 ഡോളറിലേക്കു ബ്രെൻ്റ് ഇനം താണു. എന്നാൽ കൂടുതൽ താഴ്ച ഉണ്ടായില്ല. ഇറാഖിൽ ഉൽപാദനം കുറഞ്ഞതും കുവൈത്തിലെ രാഷ്ട്രീയ പ്രതിസന്ധിയും ആണു കൂടുതൽ ഇടിവ് തടഞ്ഞത്. ഇതേ സമയം പ്രകൃതി വാതക വില യൂണിറ്റിന് ആറു ഡോളറിനു മുകളിലായി.

വ്യാവസായിക ലോഹങ്ങൾ ഉയർന്ന നിലയിൽ തുടരുന്നു. ചെമ്പ് ടണ്ണിന് 10,426 ഡോളറിലേക്കു കയറി.അലൂമിനിയം 3465 ഡോളറിലായി. ഇരുമ്പയിര് 162 ഡോളറിലേക്ക് ഉയർന്നു.

സ്വർണം ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 1946 ഡോളർ വരെ കയറിയ സ്വർണം 1924-ലേക്കു താണു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1920-1922 ഡോളറിലാണു വ്യാപാരം.

പണനയം സമീപനം മാറ്റുമോ?

ഇന്നാരംഭിക്കുന്ന റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി തീരുമാനം വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിക്കും. റീപോ നിരക്കിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നാൽ 'ഉദാരമായ' പണനയസമീപനം മാറ്റുമെന്നു സൂചനയുണ്ട്. രണ്ടു വർഷമായി പണലഭ്യത എത്ര വേണമെങ്കിലും ആകാം (Accommodative) എന്നതായിരുന്നു നയം. അതു മാറും. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നത് വിലകൾ താഴാൻ സഹായിക്കുന്നതിനൊപ്പം വളർച്ചയ്ക്കു വേഗം കുറയ്ക്കും എന്ന് ആശങ്കയുണ്ട്.

പണലഭ്യത കുറയ്ക്കാൻ യുഎസ് ഫെഡും

യുഎസ് ഫെഡ് ഗവർണർ ലയൽ ബ്രെയ്നാർഡ് ഇന്നലെ പറഞ്ഞതു വിപണിയിലെ അധിക പണം കുറയ്ക്കുകയും ഫെഡ് ബാലൻസ് ഷീറ്റിൻ്റെ വലുപ്പം ചുരുക്കുകയും വേണമെന്നാണ്. ബാലൻസ് ഷീറ്റ് ചുരുക്കുക എന്നാൽ ഫെഡ് വാങ്ങി വച്ചിട്ടുള്ള കടപ്പത്രങ്ങൾ വിപണിയിലിറക്കുകയാണ്. അപ്പോൾ വിപണിയിൽ നിന്നു ഡോളർ ഫെഡിലേക്കു നീങ്ങും. വിപണിയിൽ പണലഭ്യത കുറയുമ്പോൾ ഓഹരികൾ അടക്കം ആസ്തികൾക്കു വില കുറഞ്ഞേക്കാം. പലിശ നിരക്ക് കൂട്ടലും പണലഭ്യത ചുരുക്കലും ഒന്നിച്ചു നടക്കുമ്പോൾ വിപണികൾ വല്ലാത്ത പരുവത്തിലാകും. ഫെഡ് ചെയർമാൻ സ്ഥാനത്തേക്ക് ഈയിടെ പരിഗണിക്കപ്പെട്ട ആളാണ് ബ്രെയ്നാർഡ്.

യുഎസ് മാന്ദ്യത്തിലേക്ക്?

ഏഴു ശതമാനത്തിനു മുകളിലേക്കു ചില്ലറ വിലക്കയറ്റം ഉയർന്ന സാഹചര്യത്തിൽ ഫെഡിന് ഇതല്ലാതെ മാർഗമില്ല. ഇതിൻ്റെ തുടർഫലം മാന്ദ്യമാണ്. ഡോയിഷ് ബാങ്ക് ധനശാസ്ത്രജ്ഞർ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് 2023-ൽ യുഎസ് മാന്ദ്യത്തിലാകുമെന്നാണ്. ഫെഡിൻ്റെ സഹനസീമയ്ക്കു മുകളിലാണ് വിലക്കയറ്റം. ഇതു വരുതിയിലാക്കാനുള്ള ശ്രമം സ്വാഭാവികമായും ജനങ്ങളുടെ വാങ്ങൽ (ക്രയ) ശേഷി കുറയ്ക്കും. ജനം വാങ്ങൽ കുറച്ചാൽ വിൽപനയും തുടർന്ന് ഉൽപാദനവും കുറയും.

ഡോയിഷ് ബാങ്കിൻ്റെ നിഗമനം 2023 ൻ്റെ അവസാന ത്രൈമാസത്തിലും 2024 ൻ്റെ ആദ്യ പാദത്തിലും മാന്ദ്യം ആയിരിക്കുമെന്നാണ്. തൊഴിലില്ലായ്മ അഞ്ചു ശതമാനമാകും. ഇപ്പോൾ മൂന്നു ശതമാനമാണ്.

ഒറ്റപ്പെട്ട ധനശാസ്ത്രജ്ഞർ മാന്ദ്യത്തെപ്പറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഒരു പ്രമുഖ ബാങ്ക് ഇതു പറയുന്നത് ആദ്യമാണ്. ജെപി മോർഗൻ ചേസ് സിഇഒ ജാമീ ഡൈമണും മാന്ദ്യത്തിലേക്കാണു പോക്ക് എന്നു പറഞ്ഞിട്ടുണ്ട്.

This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it