ബുള്ളുകൾ പിടിമുറുക്കി; വീണ്ടും ആവേശത്തുടക്കം കാത്തു നിക്ഷേപകർ; രൂപ തിരിച്ചുകയറ്റം തുടരുന്നു

തുടർച്ചയായ മൂന്നു ദിവസം ആഗോള വിപണികളും ഇന്ത്യൻ വിപണിയും കുതിച്ചു കയറിയ ഒരാഴ്ചയാണു കടന്നു പോയത്. ജൂലൈ മാസമാകട്ടെ 2020-നു ശേഷം ഓഹരി സൂചികകൾ - ഇന്ത്യയിലും പുറത്തും - ഏറ്റവും മികച്ച നേട്ടം കൈവരിച്ച മാസവും. ഈ നേട്ടങ്ങൾക്കു പിന്നാലെ ഓഗസ്റ്റിൻ്റെ ആദ്യദിനം വിപണി കുതിപ്പ് തുടരുമോ നേട്ടങ്ങൾ സമാഹരിക്കാൻ ശ്രമിക്കുമോ എന്നാണ് അറിയേണ്ടത്.

വെള്ളിയാഴ്ച രണ്ടു ശതമാനത്തോളം കുതിച്ചു യുഎസ് സൂചികകൾ ഇന്നു ഫ്യൂച്ചേഴ്സ് വിപണിയിൽ 0.4 ശതമാനം താഴ്ചയിലാണ്. എന്നാൽ വിപണിഗതിയെ സ്വാധീനിക്കുന്ന മറ്റു സൂചികകൾ ആവേശകരമായ തുടക്കത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. പലിശഭീതി അകന്നതും സാമ്പത്തിക മാന്ദ്യം അത്ര തീവ്രമാകില്ലെന്ന സൂചനകളും വിദേശ നിക്ഷേപകർ തിരിച്ചു വരുന്നതും ഇന്ത്യൻ വിപണിയെ വീണ്ടും ഉയരത്തിലേക്കു നയിക്കാൻ പര്യാപ്തമാണ്. കഴിഞ്ഞ മാസങ്ങളിൽ തിരിച്ചടി നേരിട്ട ഐടി, ബാങ്കിംഗ്, ധനകാര്യ മേഖലകൾ ഇനിയത്തെ മുന്നേറ്റത്തിനു മുന്നിൽ നിൽക്കുമെന്നു കരുതപ്പെടുന്നു.

ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രശ്നങ്ങൾ തുടരുകയാണ്. ചൈനീസ് ബാങ്കുകൾക്കു 30,000 കോടി ഡോളറിൻ്റെ പ്രശ്നങ്ങൾ ഇതു മൂലം ഉണ്ടാകുമെന്നാണു വിലയിരുത്തൽ. റിയൽറ്റി മേഖലയുടെ ഉദ്ധരണത്തിനു വലിയ പദ്ധതികൾ ചൈനീസ് ഗവണ്മെൻ്റ് പ്രഖ്യാപിച്ചെങ്കിലും കാതലായ പ്രശ്നങ്ങൾക്കു പരിഹാരം ഇനിയും അകലെയാണ്. ഈ ആശങ്ക ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചികയെ മാത്രമല്ല ജാപ്പനീസ്, കൊറിയൻ സൂചികകളെയും ഇന്നു രാവിലെ താഴോട്ടു വലിച്ചു. എന്നാൽ പിന്നീടു ജപ്പാനിലും കൊറിയയിലും വിപണികൾ ഉത്സാഹപൂർവ തിരിച്ചു കയറി. ചൈനയിലെ ഷാങ് ഹായ് കോംപസിറ്റ് സൂചിക തുടക്കത്തിലേ ഒരു ശതമാനത്തോളം താഴ്ചയിലായി.

ചൈനീസ് പ്രശ്നങ്ങൾ ഇന്ത്യൻ വിപണിയെ ബാധിക്കണമെന്നില്ല. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി സൂചിപ്പിക്കുന്നത് അതാണ്. വെള്ളിയാഴ്ച രാത്രി 17,280 വരെ കയറിയ സൂചിക ഇന്നു രാവിലെ 17,287-ലേക്ക് ഉയർന്നിട്ട് അൽപം താണു. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

കഴിഞ്ഞയാഴ്ച നിഫ്റ്റി 2.62 ശതമാനവും (438.85 പോയിൻ്റ്) സെൻസെക്സ് 2.67 ശതമാനവും (1498.02 പോയിൻ്റ്) നേട്ടമുണ്ടാക്കി. ഇതോടെ ജൂലൈയിൽ മുഖ്യസൂചികകൾ എട്ടര ശതമാനം ഉയർന്നു. മെറ്റൽ സൂചിക കഴിഞ്ഞയാഴ്ച എട്ടു ശതമാനം കുതിച്ചു. ഐടി സൂചിക മൂന്നര ശതമാനം നേട്ടമുണ്ടാക്കി.

ജൂൺ 16-ലെ താഴ്ന്ന നിലവാരത്തിൽ നിന്നു മുഖ്യസൂചികകൾ 11 ശതമാനത്തിലധികം തിരിച്ചു കയറിയിട്ടുണ്ട്. നിഫ്റ്റി 15,4509-ൽ നിന്ന് 11.05 ശതമാനവും സെൻസെക്സ് 51,495.79 ൽ നിന്ന് 11.89 ശതമാനവും കുതിച്ചു.

വെള്ളിയാഴ്ച സെൻസെക്സ് 712.46 പോയിൻ്റ് (1.25%) കയറി 57,570.25 ലും നിഫ്റ്റി 228.65 പോയിൻ്റ് (1.35%) കയറി 17,158.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.42 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.7 ശതമാനവും നേട്ടമുണ്ടാക്കി.

വിപണി വളരെ ബുള്ളിഷ് ആണ്. ഇന്നു നിഫ്റ്റി നേട്ടത്തിലായാൽ 17,400 - 14,550 മേഖലയിലെ തടസം കടന്ന് 17,800- 17,950 മേഖലയിലേക്ക് വരുന്ന ആഴ്ചകളിൽ ഉയരുന്നതിനെപ്പറ്റിയാണ് സാങ്കേതിക വിശകലന വിദഗ്ധർ സംസാരിക്കുന്നത്. സെൻസെക്സ് 60,000നു മുകളിലേക്കു കയറും എന്നാണു നിഗമനം. റിസർവ് ബാങ്ക് പലിശ നിരക്കിൽ അമിത വർധന വരുത്തുന്നില്ലെങ്കിൽ ഇപ്പോഴത്തെ റാലി തടസമില്ലാതെ തുടരും. വിദേശ വിപണികളും കുതിപ്പിലാണ്.

വിദേശികൾ വീണ്ടും നിക്ഷേപകർ

വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നു പണം പിൻവലിക്കുന്നതു നിർത്തി വീണ്ടും നിക്ഷേപകരാകുന്നതിനു ജൂലൈ സാക്ഷ്യം വഹിച്ചു. കഴിഞ്ഞയാഴ്ച ഓഹരികളുടെ ക്യാഷ് വിപണിയിൽ വിദേശികൾ 48.8 കോടി ഡോളറിൻ്റെ ഓഹരികൾ വാങ്ങി. ജൂലൈയിൽ വിദേശികൾ മൊത്തം 57.9 കോടി ഡോളറാണ് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം വിദേശികൾ 3300 കോടി ഡോളർ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചതാണ്.

വെള്ളിയാഴ്ച വിദേശികൾ ക്യാഷ് വിപണിയിൽ 1046.32 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 0.91 കോടിയുടെ വിൽപന നടത്തി.

ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നു. മൂന്നു മാസ അവധി വ്യാപാരത്തിലെ വില ബ്രെൻ്റ് ഇനത്തിന് 110 ഡോളർ ആണ്. എന്നാൽ സ്പോട്ട് വില 104 ഡോളറും. ഈയാഴ്ച ഒപെകും ഒപെക് പ്ളസും യോഗം ചേരുന്നുണ്ട്. സെപ്റ്റംബറിലേക്ക് അവർ ഉൽപാദനം കൂട്ടുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. ഉൽപാദനം കൂട്ടുന്നില്ലെങ്കിൽ വില വീണ്ടും കൂടും. ഇന്നു രാവിലെ ബ്രെൻ്റ് ക്രൂഡ് 103 (763-ഡോളറിലേക്കു താഴ്ന്നു. പ്രകൃതിവാതക വില 7.9 ഡോളറായി കുറഞ്ഞിട്ടുണ്ട്.

വ്യാവസായിക ലോഹങ്ങൾ വാരാന്ത്യത്തിലേക്ക് ഉയർന്നു. ചെമ്പ് ടണ്ണിന് 7800 ഡാേളർ കടന്നു. മറ്റു ലാേഹങ്ങളും ഉയർച്ചയിലാണ്. ഈയാഴ്ച ലോഹങ്ങൾ നേട്ടത്തിലാകുമെന്ന് വാരാന്ത്യ ന്യൂസ് ലെറ്ററുകൾ പ്രവചിച്ചു. എന്നാൽ ചൈനയുടെ ജൂലൈയിലെ വ്യാവസായിക ഉൽപാദനം അപ്രതീക്ഷിതമായി കുറഞ്ഞതു വിപണിയിൽ എന്തു ചലനം ഉണ്ടാക്കുമെന്നു വ്യക്തമല്ല. ചൈനീസ് റിയൽറ്റി മേഖലയുടെ പ്രശ്നങ്ങളും ചില്ലറയല്ല.

സ്വർണം 1780-നു മുകളിൽ കയറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞയാഴ്ച സാധിച്ചില്ല. ഈയാഴ്ച വീണ്ടും ശ്രമിക്കാതിരിക്കില്ല. ഡോളർ സൂചിക 105-നു താഴാേട്ടു നീങ്ങിയാൽ ആ കടമ്പ കടന്നേക്കും. വെള്ളിയാഴ്ച 1769 വരെ കയറിയ സ്വർണം 1767 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1764- 1766 ഡോളറിലാണു വ്യാപാരം.

വെള്ളിയാഴ്ച പവന് 80 രൂപ വർധിച്ച് 37,760 രൂപയിൽ എത്തിയിരുന്നു. ശനിയാഴ്ച കേരളത്തിൽ പവൻ വില മാറ്റമില്ലാതെ തുടർന്നു.

ഡോളർ സൂചിക താഴ്ന്നതും വിദേശ നിക്ഷേപകർ തിരിച്ചു വന്നതും രൂപയ്ക്ക് കരുത്തു പകർന്നു. വെള്ളിയാഴ്ച ഡോളർ 60 പൈസ നഷ്ടപ്പെടുത്തി 79.25 രൂപയിലേക്കു താണു. ഇന്നും രൂപ നേട്ടത്തിലാകുമെന്നാണു സൂചന. ഡോളറിൻ്റെ കയറ്റം തീർന്നെന്നു വ്യക്തമായതോടെ കയറ്റുമതിക്കാർ ഡോളർ വിൽക്കാനും ശ്രമം തുടങ്ങി. ഇന്ന് 79 രൂപയുടെ താഴേക്കു ഡോളർ എത്തുമെന്നു പലരും കരുതുന്നു. ഡോളർ സൂചിക ഇന്നു രാവിലെ 105.9 ൽ നിന്ന് 105.5 ലേക്കു താഴ്ന്നു.

പണനയത്തിൽ ശ്രദ്ധിച്ചു വിപണി

വെള്ളിയാഴ്ച പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിൻ്റെ പണനയ അവലോകനത്തിലാണ് ഈയാഴ്ച വിപണി പ്രധാനമായും ശ്രദ്ധിക്കുക. റീപോ നിരക്ക് കൂട്ടും എന്നതിൽ ആർക്കും സംശയമില്ല. 20 മുതൽ 50 വരെ ബേസിസ് പോയിൻ്റ് വർധനയെപ്പറ്റി വിവിധ നിരീക്ഷകർ പറയുന്നു. ഈ സീസണിൽ ഇതുവരെ 90 ബേസിസ് പോയിൻ്റ് വർധനയാണു റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതാേടെ റീപോ നിരക്ക് നാലിൽ നിന്നു 4.90 ശതമാനമായി. അമേരിക്ക പൂജ്യത്തിൽ നിന്നു 2.25 ശതമാനത്തിലേക്കു പലിശ നിരക്ക് വർധിപ്പിച്ച സമയത്താണ് ഇന്ത്യ കുറഞ്ഞ തോതിൽ മാത്രം പലിശ കൂട്ടിയത്. സാമ്പത്തിക വളർച്ചയ്ക്കു പലിശ വിഘാതമാകരുത് എന്ന കാഴ്ചപ്പാടാണു റിസർവ് ബാങ്കിനെ നയിക്കുന്നത്. ഗവണ്മെൻ്റിൻ്റെ താൽപര്യവും അതാണ്. എന്നാൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ ഈ നയം വിജയിക്കുമോ എന്നു സംശയിക്കുന്ന നിരീക്ഷകരും ഉണ്ട്.

അമേരിക്കയെപ്പോലെ മൂലധനം പെട്ടെന്നു ലാഭകരമായ വിപണികൾ തേടിപ്പോകുന്നത് ഇന്ത്യക്കു ഭയപ്പെടേണ്ടതില്ല എന്നതാണു കുറഞ്ഞ പലിശ വർധനയ്‌ക്കുള്ള ഒരു ന്യായം.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച പലിശ നിരക്ക് കൂട്ടും. കഴിഞ്ഞ മാസങ്ങളിൽ 25 ബേസിസ് പോയിൻ്റ് വീതം വർധിപ്പിച്ച് അവർ കുറഞ്ഞ പലിശ 1.25 ശതമാനം ആക്കിയിരുന്നു. ഇത്തവണയും 25 ബേസിസ് പോയിൻ്റ് വർധനയാണു പ്രതീക്ഷിക്കുന്നത്.

ടൂ വീലറുകൾക്കു പ്രശ്നം

നൈജീരിയയിൽ ബൈക്ക് ടാക്സികൾ നിരോധിക്കാൻ നീക്കം നടക്കുന്നത് അങ്ങോട്ടു ഗണ്യമായ കയറ്റുമതി നടത്തുന്ന ബജാജ് ഓട്ടോ, ഹീറോ, ടിവിഎസ് മോട്ടാേർ എന്നിവയ്ക്കു ക്ഷീണമാകും.

ജൂണിൽ കാതൽ വ്യവസായ മേഖലയുടെ വളർച്ച തലേ മാസത്തെ അപേക്ഷിച്ചു കുറവായത് വ്യവസായ വളർച്ചയെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നു. വ്യവസായ ഉൽപാദന സൂചികയിൽ 40 ശതമാനത്തിലധികം കാതൽ മേഖലയുടെ സംഭാവനയാണ്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it