ഇന്ന് ഓഹരി വിപണി തിരിച്ചു കയറുമോ; കാരണങ്ങൾ ഇതാ, ഈ ആഴ്ചയിൽ എന്തൊക്കെ ശ്രദ്ധിക്കണം? സ്വർണ്ണ വില ഉയരുമോ?

വെള്ളിയാഴ്ച നഷ്ടത്തിൽ അവസാനിച്ച ഓഹരി വിപണി ഇന്നു നല്ലതോതിൽ തിരിച്ചു കയറുമെന്നാണ് ആഗോള സൂചനകൾ. ഏഷ്യൻ ഓഹരികൾ ഇന്നു രാവിലെ കുതിപ്പിലാണ്. ജപ്പാനിലെ നിക്കെെ സൂചിക രാവിലെ രണ്ടു ശതമാനത്തിലേറെ ഉയർന്നു. വെള്ളിയാഴ്ച പാശ്ചാത്യ ഓഹരികൾ നല്ല മുന്നേറ്റം നടത്തിയിരുന്നു.

ചില്ലറ വിലക്കയറ്റം, വ്യവസായ ഉൽപാദനം എന്നിവ സംബന്ധിച്ച് ഇന്നു പുറത്തു വരാനിരിക്കുന്ന കണക്കുകളും കമ്പനികളുടെ ഒന്നാം പാദ ഫലങ്ങളുമാകും ഈ ആഴ്ചത്തെ വിപണിഗതി നിർണയിക്കുക. ചില്ലറ വിലക്കയറ്റം ആശങ്കപ്പെടുന്നതിനേക്കാൾ കൂടുതലായാൽ വിപണി പ്രതികൂലമായി പ്രതികരിക്കും.
വെള്ളിയാഴ്ച സെൻസെക്സ് 0.35 ശതമാനം താണ് 52,386.19 ലും നിഫ്റ്റി 6.24 ശതമാനം കുറഞ്ഞ് 15,689.80 ലും ആണു ക്ലോസ് ചെയ്തത്. അന്ന് മറ്റ് ഏഷ്യൻ വിപണികൾ ഇതിലേറെ താഴോട്ടു പോയി. എന്നാൽ മുഖ്യസൂചികകളുടേതിൽ നിന്നു വ്യത്യസ്തമായിരുന്നു മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളുടെ നീക്കം. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.62 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.54 ശതമാനവും ഉയർന്നു.

പടിഞ്ഞാറു കുതിപ്പ്

വെള്ളിയാഴ്ച യൂറോപ്യൻ, അമേരിക്കൻ വിപണികൾ നല്ല കുതിപ്പുനടത്തി. യു എസ് വിപണിയിലെ പ്രധാന സൂചികകളെല്ലാം ഒരു ശതമാനത്തിലേറെ ഉയർന്ന് റിക്കാർഡ് ഉയരങ്ങളിൽ ക്ലോസ് ചെയ്തു. ഇതിൻ്റെ പ്രതിഫലനം ഇന്ന് ഇന്ത്യൻ വിപണിയിൽ ഉണ്ടാകും. ഈയാഴ്ച പ്രമുഖ അമേരിക്കൻ ബാങ്കിംഗ് കമ്പനികളുടെ രണ്ടാം പാദ (ഏപ്രിൽ - ജൂൺ) റിസൽട്ട് പുറത്തുവരും. ആഗോള മാന്ദ്യത്തിൽ നിന്നു കരകയറിയ 2009 നാലാംപാദത്തിലെ റിസൽട്ടുകളിൽ ഉണ്ടായ വലിയ കുതിപ്പിനെ വെല്ലുന്ന നേട്ടമാണ് ഈ പാദത്തിൽ വിപണി പ്രതീക്ഷിക്കുന്നത്. അതിൻ്റെ ഫലമായാണു വെള്ളിയാഴ്ച സൂചികകൾ കുതിച്ചുയർന്നത്.
എന്നാൽ ജൂലൈ - ഡിസംബർ കാലയളവിൽ യു എസ് വളർച്ച കുറയുമോ എന്ന് വിപണി ആശങ്കപ്പെടുന്നുണ്ട്. കടപ്പത്രങ്ങൾക്കു വില കൂടിയത് അതിൻ്റെ ഫലമാണ്. എങ്കിലും കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയും കണ്ട തോതിലുള്ള ആശങ്ക ഇപ്പോൾ ഇല്ല.

ഡെറിവേറ്റീവിലും നേട്ടം, വിദേശികൾ വിൽപന തുടരുന്നു

സിംഗപ്പുർ എക്സ്ചേഞ്ചിൻ്റെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി കഴിഞ്ഞ ശനിയാഴ്ച നല്ല ഉയരത്തിലാണു (15,799.50) ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 15,820 നു മുകളിലാണു വ്യാപാരം. ഇന്ത്യയിൽ നിഫ്റ്റി മികച്ച ഉണർവോടെ വ്യാപാരം തുടങ്ങുമെന്നാണ് ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
വിദേശികൾ കഴിഞ്ഞ മൂന്നാഴ്ചയായി വിപണിയിൽ വിൽപനക്കാരാണ്. ആ സമീപനം തന്നെ തുടരാനാണു സാധ്യത. വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 1124.65 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസം ഇതു വരെ വിദേശികൾ 4265.45 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചിട്ടുണ്ട്. ഉയർന്ന നിലവാരത്തിൽ വിറ്റു ലാഭമെടുക്കുകയും ഐപിഒകളിൽ നിക്ഷേപിക്കാൻ പണമുണ്ടാക്കുകയുമാണ് അവർ ചെയ്യുന്നതെന്നാണു വിലയിരുത്തൽ. ചില ഫണ്ടുകൾ രാജ്യത്തു നിന്നു പണം പിൻവലിക്കുന്നുമുണ്ട്. രൂപയുടെ ഇടിവ് അതിൻ്റെ ഫലമാണ്. വെള്ളിയാഴ്ച സ്വദേശി ഫണ്ടുകൾ 106.55 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.

ക്രൂഡ്, സ്വർണം ഉയരുന്നു

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർച്ചയിലായി. വിവിധ രാജ്യങ്ങളിൽ ഉപയോഗം വർധിക്കുന്നതാണു കാരണം. വിപണി പ്രതീക്ഷിച്ചതു പോലെ ഒപെക് രാജ്യങ്ങൾ വിൽപനമത്സരം തുടങ്ങിയതുമില്ല. ബ്രെൻറ് ഇനം ഇന്ന് 75.83 ഡോളർ വരെ ഉയർന്നിട്ട് അൽപം താണു. വില ഉയർന്നു പോകുമെന്നാണു സൂചന.
സ്വർണവും ഉയർന്ന നിലയിലേക്കു നീങ്ങി. 1807-1809 ഡോളർ നിലവാരത്തിലാണ് ഇന്നു രാവിലെ വ്യാപാരം. ഡോളർ സൂചിക 92 ന് താഴെ വന്നാൽ വില ഗണ്യമായി കൂടും.
അലൂമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെ വില വെള്ളിയാഴ്ച ഉയർന്നു.
വ്യവസായം വളർന്നോ?
ഇന്ന് മേയിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി), ജൂണിലെ ചില്ലറവില സൂചിക (സിപിഐ) എന്നിവ പുറത്തുവരും.
കഴിഞ്ഞ വർഷം മേയിലെ ഐഐപി വളരെ താഴെയായിരുന്നു. 2019 മേയിൽ 131.9 ആയിരുന്ന സൂചിക 2020 മേയിൽ 106 ആയി ഇടിഞ്ഞിരുന്നു. ലോക്ക് ഡൗൺ ആണു കാരണം. ഇത്തവണ സൂചിക ഉയർന്നു നിൽക്കും. എന്നാൽ 2019 ലെ നിലവാരത്തിൽ എത്തുമോ എന്നതാണു കാതലായ ചോദ്യം. ഏപ്രിലിൽ സൂചിക 126.6 ആയിരുന്നു. ഇതു ലോക്ക് ഡൗൺ കാലമായ 2020 ഏപ്രിലിനെ അപേക്ഷിച്ച് 134.4 ശതമാനം ഉയരത്തിലാണ്.പക്ഷേ 2019 ഏപ്രിലിനേക്കാൾ 0.08 ശതമാനം മാത്രമേ കൂടിയുള്ളു. ഇത്തവണ മേയിൽ പ്രാദേശിക ലോക്ക് ഡൗൺ ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്. കാതൽ മേഖലയുടെ ഉൽപാദനം 2019 മേയിലേതിലും എട്ടു ശതമാനം കുറവായിരുന്നു. ഐഐപി യുടെ 40 ശതമാനം കാതൽ മേഖലയാണ്.
വിലക്കയറ്റം പരിധിയിലേക്കു വരുമോ?
ചില്ലറ വിലക്കയറ്റം മേയിൽ 6.3 ശതമാനത്തിലേക്കു കുതിച്ചിരുന്നു. ഏപ്രിലിൽ 4.23 ശതമാനമായിരുന്നു. ജൂണിൽ വിലക്കയറ്റം കുറയുമെന്നു ഗവണ്മെൻ്റ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ നിക്ഷേപ ബാങ്കുകൾ വിലക്കയറ്റം 6.5 ശതമാനത്തിലേക്കു കയറുമെന്ന് കണക്കാക്കുന്നു. പരമാവധി ആറു ശതമാനം ചില്ലറ വിലക്കയറ്റം എന്നതാണ് ഔദ്യാേഗിക നയം.
ഭക്ഷ്യവസ്തുക്കളുടെ വില താഴുന്നില്ല. അതേസമയം ഫാക്ടറി ഉൽപന്നങ്ങൾക്കു വില കൂടുകയും ചെയ്യുന്നു. ഇന്ധന വിലക്കയറ്റവും ചില്ലറ വില സൂചിക ഉയർന്നു നിൽക്കാൻ കാരണമാകും.
മൊത്തവിലക്കയറ്റ സൂചിക ബുധനാഴ്ച പുറത്തുവിടും. അതിൽ വാഹനങ്ങൾ, ഫാക്ടറി ഉൽപന്നങ്ങൾ, ലോഹങ്ങൾ തുടങ്ങിയവയുടെ വിലകൾക്കു കൂടുതൽ പങ്കുണ്ട്. മേയിൽ മൊത്ത വിലക്കയറ്റം 12.94 ശതമാനമായിരുന്നു. 2020 മേയിൽ ലോക്ക് ഡൗൺ മൂലം വിലകൾ കുറേ ഇടിഞ്ഞതുമൂലമാണ് ഇത്. ഇത്തവണയും ഇരട്ടയക്ക വിലക്കയറ്റം പ്രതീക്ഷിക്കാം.
കയറ്റുമതി കൂടുന്നു
ബുധനാഴ്ച ഇന്ത്യയുടെ ജൂണിലെ കയറ്റിറക്കുമതി കണക്കുകൾ പ്രസിദ്ധീകരിക്കും. ജൂണിൽ റിക്കാർഡ് കയറ്റുമതി ഉണ്ടായെന്നാണു പ്രാരംഭ സൂചന. എൻജിനിയറിംഗ് ഉൽപന്നങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾ, ഔഷധങ്ങൾ എന്നിവയിലാണു വലിയ വർധന.

റിസൽട്ടുകൾ

അദാനി ഗ്രൂപ്പിലെ പ്രമുഖ കമ്പനികളായ അദാനി എൻ്റർപ്രൈസസ്, അദാനി പോർട്സ്, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയവയുടെ ഒന്നാം പാദ ഫലങ്ങൾ ഇന്നു പുറത്തുവരും. മറ്റു രണ്ടു ഗ്രൂപ്പ് കമ്പനികളുടേത് നാളെ പ്രഖ്യാപിക്കും.
നാളെ മൈൻഡ് ട്രീയും ബുധനാഴ്ച ഇൻഫോസിസും വ്യാഴാഴ്ച വിപ്രോയും റിസൽട്ട് പുറത്തുവിടും. ടിസിഎസ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിസൽട്ട് വിപണിയുടെ പ്രതീക്ഷയോളം വന്നില്ല. മറ്റു ടെക് ഭീമന്മാരുടെ ലാഭ മാർജിനുകളും കാര്യമായി വർധിക്കുമെന്ന പ്രതീക്ഷയില്ല. ടിസിഎസ് ഓഹരി വില റിസൽട്ടിനെ തുടർന്ന് ആദ്യം താണെങ്കിലും ബ്രോക്കറേജുകൾ വില കൂടുമെന്ന വിലയിരുത്തലിലാണ്.

പിടിച്ചുനിൽക്കാൻ വോഡഫോൺ

വോഡഫോൺ ഐഡിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബിൽ നിന്നു പണം സമാഹരിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. 1.8 ലക്ഷം കോടി രൂപയുടെ കടവും സർക്കാരിനു ഭീമമായ കുടിശികയും ഉള്ള കമ്പനി പിടിച്ചു നിൽക്കാൻ തരപ്പെടുകയാണ്. ഓഹരിയും കടവുമായി 300 കോടി ഡോളർ സമാഹരിക്കാനാണു ശ്രമം. മൂന്നു മാസത്തിനുള്ളിൽ ബാധ്യതകളുടെ ഗഡു അടയക്കാൻ അത്രയും തുക വേണം. പ്രൊമോട്ടർമാർ കുറേ പണം കൂടി ഇറക്കാൻ തയാറായാലേ അപ്പാേളോ ഗ്ലോബൽ പണം നൽകൂ. ആദിത്യ ബിർല ഗ്രൂപ്പും ബ്രിട്ടനിലെ വോഡഫോണും ആണു പ്രൊമോട്ടർമാർ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it