ഓഹരി വിപണിയിൽ വിദേശികൾ വീണ്ടും സജീവമായി ; ലാഭമെടുക്കൽ സമ്മർദമുണ്ടാക്കും; വാഹന വിപണി ഉണരാത്തതിനു കാരണം ഇത്

ബുധനാഴ്ചയുടെ നഷ്ടങ്ങൾ നികത്തി ഓഹരികളും സൂചികകളും അടുത്ത കുതിപ്പിനായി ഒരുങ്ങി. അമേരിക്കയിൽ ചില്ലറ വിലക്കയറ്റം കുതിച്ചതും കടപ്പത്രവില കുറഞ്ഞതും അവഗണിക്കാൻ അവിടത്തെ ഓഹരി വിപണി തീരുമാനിച്ചു. ഇന്നു രാവിലെ യുഎസ് സൂചികകളുടെ അവധി വിലകൾ ഉയർന്നാണു നിൽക്കുന്നത്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിക്ഷേപത്തിനു തയാറാവുകയും ചെയ്തു. ക്രൂഡ് ഓയിൽ വില ഉയർന്നു പോകുന്നതാണ് ആശങ്ക ഉണർത്തുന്ന പ്രധാന ഘടകം.

വിപണി കയറും തോറും വിൽപന സമ്മർദം കൂടുമെന്ന് ഉറപ്പാണ്. റിക്കാർഡുകൾ മറികടക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ ശ്രമം ഇന്നുണ്ടായാൽ ലാഭമെടുക്കലുകാർ വലിയ തോതിൽ വിൽക്കും. അതു സൂചികകളെ വലിച്ചു താഴ്ത്തും.
നിഫ്റ്റി 15,775-ലും 15,815-ലും ശക്തമായ തടസം നേരിടുമെന്നു സാങ്കേതിക വിശകലനക്കാർ മുന്നറിയിപ്പ് നൽകുന്നു. ആ തടസങ്ങൾ മറികടന്നാൽ 16,000-16,200 മേഖലയിലേക്കു നിഫ്റ്റിക്കു പ്രവേശനം സുഗമമാകും. നിഫ്റ്റിക്ക് 15,675-ലും 15,610-ലും ശക്തമായ സപ്പോർട്ടും ഉണ്ട്.
ഇന്നലെ യൂറോപ്യൻ ഓഹരികൾ സമ്മിശ്ര സൂചനകളാണു നൽകിയത്. അമേരിക്കൻ സൂചികകൾ ചെറിയ കയറ്റത്തോടെ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 റിക്കാർഡ് നിലവാരത്തിലാണ്.
ഇന്നു രാവിലെ ഏഷ്യൻ സൂചികകൾ ഉണർവോടെ വ്യാപാരം തുടങ്ങിയിട്ട് താമസിയാതെ താഴേക്കു നീങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ നിഫ്റ്റി ഡെറിവേറ്റീവ് (എസ്ജിഎക്സ് നിഫ്റ്റി) വ്യാപാരം ഉയർന്ന നിലയിലാണ്. ഇന്നലെ 15,777-ൽ ക്ലോസ് ചെയ്ത എസ്ജി എക്സ് നിഫ്റ്റി ഇന്നു രാവിലെ അൽപം താണു.

അനുകൂല സാഹചര്യം

വ്യാഴാഴ്ചത്തേതുപോലെ ഉയർന്ന നിരക്കിൽ വ്യാപാരം തുടങ്ങാൻ എല്ലാ അനുകൂല സാഹചര്യങ്ങളും ഒത്തിട്ടുണ്ട്. രാജ്യത്തെ കോവിഡ് നിലവാരവും അനുകൂലം. തുടർച്ചയായ അഞ്ചാം ദിവസവും പ്രതിദിന കോവിഡ് ബാധ ഒരു ലക്ഷത്തിനു താഴെയായി. വാക്സിനേഷൻ്റെ പുതിയ നയത്തിന് ഐഎംഎഫ് അടക്കം പ്രശംസ നൽകി. അടുത്ത മാസത്തോടെ വാക്സിനേഷൻ തോത് ഗണ്യമായി വർധിപ്പിക്കാനാകുമെന്ന് ഉറപ്പായി. രാജ്യത്തെ ഉൽപാദനവും ഇറക്കുമതിയും വർധിക്കും.

വിശാല വിപണിയും കയറ്റത്തിൽ

ഇന്നലെ സെൻസെക്സ് 358.83 പോയിൻ്റ് (0.69 ശതമാനം) ഉയർന്ന് 52,300.47 ലും നിഫ്റ്റി 102.4 പോയിൻ്റ് (0.65 %) ഉയർന്ന് 15,737.75 ലും ക്ലോസ് ചെയ്തു. ബുധനാഴ്ച വീഴ്ചയിലും അതിനു മുൻപ് ഉയർച്ചയിലും മുമ്പിൽ നിന്ന മിഡ് ക്യാപ്, സമോൾ ക്യാപ് ഓഹരികൾ ഇന്നലെ കുതിച്ചു. മിഡ് ക്യാപ് സൂചികയിൽ 1.57-ഉം സ്മാേൾ ക്യാപ്സൂചികയിൽ 1.61 - ഉം ശതമാനം ഉയർച്ചയുണ്ടായി.

വിദേശികൾ വാങ്ങിക്കൂട്ടി

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ ആവേശപൂർവമാണു വിപണിയിൽ നിക്ഷേപകരായത്. ബാങ്കിംഗ്, ധനകാര്യ, ഫാർമ ഓഹരികളിൽ അവർ പണമിറക്കി. 1329.70 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങി. ഇതോടെ ജൂണിലെ വിദേശ നിക്ഷേപം 4769.39 കോടിയിലെത്തി. അതേ സമയം സ്വദേശി ഫണ്ടുകൾ ഇന്നലെ 575.19 കോടിയുടെ വിൽപനക്കാരായി. ഈ മാസം സ്വദേശി ഫണ്ടുകൾ വിപണിയിൽ നിന്ന് 2471.63 കോടി രൂപ പിൻവലിച്ചിട്ടുണ്ട്.

ക്രൂഡ് ഉയരത്തിൽ

ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കൂടി. ഇന്നലെ ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 72.77 ഡോളർ വരെ കയറിയിട്ട് താണു. ഏഷ്യയിൽ ക്രൂഡ് ആവശ്യം ഉയർന്നതും അമേരിക്കയിലെ ക്രൂഡ് ശേഖരം കുറഞ്ഞതുമാണ് കാരണം. രാവിലെ ബ്രെൻ്റ് ഇനം 72.35 ഡോളറിലാണ്.
സ്വർണ വിപണി തിരിച്ചു കയറിയെങ്കിലും 1900 ഡോളറിലെ തടസം ഭേദിക്കാനായില്ല. രാവിലെ 1897- 1899 മേഖലയിലാണ് സ്വർണം.
ഡോളർ നിരക്ക് അൽപം കുറഞ്ഞു. ഡോളർ സൂചിക 90.06 ലേക്കു താണു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഇന്നലെ താഴോട്ടു പോയി. 73.06 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്.

വാഹനവിപണിയുടെ ക്ഷീണം മാറിയിട്ടില്ല

രാജ്യത്തു വാഹന വിപണി ഇനിയും ക്ഷീണത്തിൽ നിന്നു കയറിയിട്ടില്ല. മേയിലെ വാഹന വിൽപന 2019 മേയിലെ വിൽപനയിൽ നിന്ന് 70 ശതമാനം കുറവാണ്. (2020 മേയ് ലോക്ക് ഡൗൺ കാലമായിരുന്നതിനാൽ അതു കണക്കിലെടുത്തിട്ടില്ല).
ഗൗരവമേറിയ കാര്യം ജൂണിലെ വിൽപനയിൽ പ്രതീക്ഷിച്ച വളർച്ച ഇല്ലാത്തതാണ്. ഈ ജൂണിലെ വിൽപന കഴിഞ്ഞ വർഷം ജൂണിലേതിനൊപ്പമേ വരൂ എന്നാണ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) കരുതുന്നത്. കഴിഞ്ഞ ജൂണിൽ ലോക്ക് ഡൗൺ നീക്കിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ഗ്രാമീണ മേഖലയിൽ വ്യാപാരം ഉണർവിലായിട്ടില്ല എന്നതാണു പ്രധാന കാര്യം. ( വാഹന രജിസ്ട്രേഷൻ ആധാരമാക്കിയുള്ളതാണു ഫാഡയുടെ കണക്ക്.)

ചെലവാക്കാൻ മടിയും ഭയവും

കഴിഞ്ഞ വർഷം ലോക്ക്ഡൗണിനു ശേഷം അടക്കി വച്ചിരുന്ന (Pent up) ആവശ്യം വ്യാപാര വർധനയ്ക്കു സഹായിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ കോവിഡ് തരംഗം ജനങ്ങൾക്കു കൂടുതൽ ചികിത്സച്ചെലവ് വരുത്തി. രണ്ടാമതും വരുമാന നഷ്ടം വന്നത് സമ്പാദ്യം ശുഷ്കമാക്കി. പോരാത്തതിനു ചെലവു ചെയ്യാൻ ആശങ്കയും വളർന്നു. വീണ്ടും കോവിഡ് പടർന്നാൽ വരുമാനം നഷ്ടപ്പെടുന്നതിനെപ്പറ്റി ഭയം ഉണ്ട്. അതിനാൽ വാഹനം വാങ്ങൽ പോലുള്ള തീരുമാനങ്ങൾ നീട്ടി വയ്ക്കുന്നു. (റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഇതേ പ്രവണത ദൃശ്യമാണ്). അതാണു ജൂണിൽ ബുക്കിംഗുകൾ കാൻസൽ ചെയ്യുന്നതു വർധിക്കാനും പുതിയ ബുക്കിംഗ് കുറയാനും കാരണം.

ഏറ്റവും തളർച്ച ത്രീവീലർ വിൽപനയിൽ

മേയിലെ വാഹന വില്പനയിലെ തളർച്ച ഏറ്റവുമധികം ബാധിച്ചത് ത്രീവീലർ വിൽപനയിലാണ്. ഓട്ടാേറിക്ഷ സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളുടെ തൊഴിലുപാധിയും യാത്രാ വാഹനവുമാണ്.ഈ മേയിൽ 2009 മേയിലെ വിൽപനയിൽ നിന്നു 90 ശതമാനം കുറവായി ഓട്ടോറിക്ഷ രണ്ടിസ്ട്രേഷൻ. തലേമാസത്തേതിൽ നിന്ന് 75.9 ശതമാനം കുറവും. ലോറി വിൽപന 2009 നെ അപക്ഷിച്ച് 76.6 ശതമാനവും ഏപ്രിലിനെ അംപക്ഷിച്ച് 66 ശതമാനവും കുറഞ്ഞു. ടൂ വീലർ വിൽപന 2019 - ൽ നിന്ന് 71 ശതമാനം ഇടിഞ്ഞപ്പോൾ ഏപ്രിലിൽ നിന്ന് 52.52 ശതമാനം കുറവായി.
കാർ -എസ് യു വി വിൽപന 2009-ൽ നിന്ന് 64 ശതമാനവും ത60 മാസത്തിൽ നിന്ന് 59 ശതമാനവും ഇടിഞ്ഞു. ട്രാക്ടർ വിൽപന 58 ശതമാനമാണ് താഴോട്ടു പോയത്.

വിലക്കയറ്റം റിക്കാർഡ്, പക്ഷേ ആശങ്കയില്ല

അമേരിക്കയിലെ ചില്ലറ വിലക്കയറ്റം മേയിൽ അഞ്ചു ശതമാനമായി. ഏപ്രിലിൽ 4.2 ശതമാനമായിരുന്നു. 2008-ൽ ക്രൂഡ് ഓയിൽ വില 140 ഡോളറിനു മുകളിൽ നിന്നപ്പോൾ മാത്രമേ ഇതിൽ കൂടിയ വിലക്കയറ്റം ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടുള്ളു. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 1991-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 3.8 ശതമാനമായി.
പക്ഷേ ഇതിൽ വിഷമം വേണ്ടെന്നും താമസിയാതെ വിലക്കയറ്റം താഴുമെന്നും അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് (ഫെഡ്) പറയുന്നു. പക്ഷേ കടപ്പത്രവിപണി അതു വിശ്വസിക്കുന്നില്ല. യു എസ് സർക്കാർ കടപ്പത്രങ്ങളുടെ വില താണു. 10 വർഷ കടപ്പത്രങ്ങൾക്കു നിക്ഷേപനേട്ടം (Yield) 1.52 ശതമാനത്തലേക്കു കുതിച്ചു. തലേന്ന് 1.49 ശതമാനമായിരുന്നു. വരും ദിവസങ്ങളിൽ നിക്ഷേപനേട്ടം ഉയർന്നാൽ വിപണിയിൽ കോളിളക്കം ഉണ്ടാകും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it