എന്തുകൊണ്ട് നിർമലാ സീതാരാമന്റെ പ്രഖ്യാപനം വിപണിയിൽ ആവേശം പകർന്നില്ല? കോവിഡ് വ്യാപനം വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു. ക്രൂഡ് വില താഴുന്നു

റിക്കാർഡ് കുറിച്ചു തുടങ്ങിയ ശേഷം മുഖ്യ സൂചികകൾ നഷ്ടത്തിൽ അവസാനിച്ചു. എന്നാൽ വിപണിഗതി അത്ര മോശമായിരുന്നില്ല.

സെൻസെക്സ് 0.36 ശതമാനം താണ് 52,735.59 ലും നിഫ്റ്റി 0.29 ശതമാനം താണ് 15,814.7 ലും ക്ലോസ് ചെയ്തു. എന്നാൽ നിഫ്റ്റി മിഡ് ക്യാപ് 0.53 ശതമാനവും സ്മോൾ ക്യാപ് 0.37 ശതമാനവും ഉയർന്നാണു വ്യാപാരം അവസാനിപ്പിച്ചത്. മുഖ്യ സൂചികകളിൽ ഉണ്ടായതു വിൽപന സമ്മർദമാണ്. വിശാല വിപണിയെ അതു സ്വാധീനിച്ചില്ല. ഇന്നലെ സെൻസെക്സ് 53,126.73 ലും നിഫ്റ്റി 15,915.65 ലും എത്തി റിക്കാർഡ് കുറിച്ചിട്ടാണു താഴോട്ടു നീങ്ങിയത്.
മുഖ്യസൂചികകളുടെ ചാർട്ടുകൾ വച്ച് വിപണി ബെയറിഷ് ആയി എന്നു നിഗമനം എടുക്കേണ്ട കാര്യമില്ല. വിപണിയുടെ അന്തർധാര ബുള്ളിഷ് തന്നെയാണ്. ക്രമമായി പുതിയ റിക്കാർഡുകൾ കുറിച്ചാണു മുഖ്യസൂചികകളും നീങ്ങുന്നത്. സൂചിക താഴുന്ന ദിവസങ്ങളിലും നല്ല കയറ്റത്തിനു ശേഷമാണ് അതു സംഭവിക്കുന്നത്. പ്രധാനമായും ലാഭമെടുക്കലിനുള്ള വിൽപന സമ്മർദമാണു വിപണിയിൽ കാണുന്നത്.

വിദേശികളുടെ നീക്കം ഇങ്ങനെ

വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിപണിയിൽ തുടർച്ചയായി വിൽപനക്കാരായിക്കഴിഞ്ഞു. തിങ്കളാഴ്ച അവർ ഓഹരികളിൽ നിന്ന് 1658.72 കോടി രൂപ പിൻവലിച്ചു.ഇതോടെ ജൂണിലെ അവരുടെ ഓഹരി നിക്ഷേപം 1504 കോടി രൂപ മാത്രമായി താണു. സ്വദേശി ഫണ്ടുകൾ ഇന്നലെ 1277.08 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.
വിദേശ നിക്ഷേപകർ കഴിഞ്ഞ 11 വ്യാപാരദിവസങ്ങളിൽ എട്ടിലും വിൽപനക്കാരായിരുന്നു. ശ്രദ്ധിക്കേണ്ട വിഷയമാണത്. വിദേശികൾ ഈ ദിവസങ്ങളിൽ വലിയ തോതിൽ ഓഹരി നിക്ഷേപം നടത്തുന്നതായി ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെങ്കിലും എക്സ്ചേഞ്ചുകളുടെ കണക്കുകൾ മറിച്ചാണു കാണിക്കുന്നത്.
നിഫ്റ്റിക്ക് 15,765- ലും 15,720 ലും ശക്തമായ സപ്പോർട്ട് ഉണ്ടെന്നു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. ഉയർച്ചയിൽ 15890- ലും 15,965 ലും കനത്ത തടസവും ഉണ്ട്.
ഇന്നലെ യൂറോപ്യൻ വിപണികൾ താഴോട്ടു പോയി. വിലക്കയറ്റവും വിവിധ രാജ്യങ്ങളിൽ കോവിഡ് വീണ്ടും വർധിക്കുന്നതും യാത്രാ നിയന്ത്രണങ്ങളുമാണു കാരണങ്ങൾ. അമേരിക്കൻ വിപണി സമ്മിശ്രമായിരുന്നു. ഡൗ ജോൺസ് സൂചിക 151 പോയിൻ്റ് താണപ്പോൾ മറ്റു സൂചികകൾ കയറി. നാസ്ഡാക് പുതിയ റിക്കാർഡ് കുറിച്ചു. ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്.

വൈറസ് ആശങ്ക

ഇന്നു രാവിലെ ജപ്പാനിലടക്കം ഏഷ്യൻ ഓഹരികൾ താഴ്ചയിലാണ്. നിക്കെെ സൂചിക ഒരു ശതമാനത്താേളം താണു. ഇൻഡോനീഷ്യയിലും ബംഗ്ലാദേശിലും കോവിഡ് വ്യാപനം വർധിച്ചതും പല രാജ്യങ്ങളിലും വീണ്ടും ഭാഗിക നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതും ഇടിവിനു കാരണമായി. കൂടുതൽ വ്യാപന ശേഷിയുള്ള ഇനം വൈറസ് മിക്ക രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റാ ഇനത്തിൽ നിന്നു വകഭേദം സംഭവിച്ചവയാണ് ഇവ.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ നിഫ്റ്റി ഇന്നലെ 15,906 ലാണു ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ വ്യാപാരം 15,885-ലേക്കു താണു. പൊതുവേ ഏഷ്യൻ വിപണികൾ താഴുന്നതിൻ്റെ ഫലമാണത്.

ക്രൂഡിന് ഇടിവ്

ക്രൂഡ് ഓയിൽ വില ഇന്നലെ രണ്ടു ശതമാനത്തിലധികം താണു. വിവിധ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ വീണ്ടും ചുമത്തുന്നതു വളർച്ചയെ ബാധിക്കുമെന്നും അതു ഡിമാൻഡ് കുറയ്ക്കുമെന്നും ആശങ്കയുണ്ട്. വ്യാഴാഴ്ച ഒപെക് പ്ലസ് യോഗമുണ്ട്. ഉൽപാദനം പ്രതിദിനം അഞ്ചുലക്ഷം വീപ്പ കണ്ടു വർധിപ്പിക്കാൻ അതിൽ തീരുമാനമെടുക്കും എന്നാണു റിപ്പോർട്ട്. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 74.68 ഡോളറിലേക്കു താണു.
സ്വർണത്തിനും മങ്ങലേറ്റു. ഇന്നലെ 1773-1778 ഡോളർ മേഖലയിൽ കയറിയിറങ്ങിയ സ്വർണം ഇന്നു രാവിലെ 1776 ലാണ്. ചൈനയുടെ സ്വർണ ഇറക്കുമതി കുറയുന്നെന്ന റിപ്പോർട്ടും ഡോളറിൻ്റെ കരുത്തും സ്വർണത്തിനു ക്ഷീണമായി.

വമ്പൻ ആശ്വാസ- ഉത്തേജക പദ്ധതി ആവേശമായില്ല

ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ 6.29 ലക്ഷം കോടി രൂപയുടെ കോവിഡ് ആശ്വാസ-ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. വിപണി ക്ലോസ് ചെയ്യുന്നതിന് അര മണിക്കൂർ മുമ്പാണ് പ്രഖ്യാപനം തുടങ്ങിയത്. അവ പക്ഷേ, വിപണിയെ സ്വാധീനിച്ചതായി കണ്ടില്ല. പാക്കേജിൻ്റെ വിശദാംശങ്ങൾ പഠിച്ച ശേഷം ഇന്നു വിപണി പ്രതികരിച്ചേക്കാം.
ഒറ്റനോട്ടത്തിൽ വലിയ തുക പ്രഖ്യാപിച്ചെങ്കിലും പുതിയ കാര്യങ്ങൾ കുറവാണ്. ബജറ്റിൽ നിന്നു പുതിയ ചെലവ് വരുന്ന ഇനങ്ങൾ 50,000 കോടിയിൽപരം രൂപയുടേതേ ഉള്ളു എന്നാണു റേറ്റിംഗ് ഏജൻസികൾ കണക്കാക്കുന്നത്.

സർക്കാർ ഗാരൻ്റിയുടെ നേട്ടം

വായ്പകൾക്കു സർക്കാർ ഗാരൻ്റി നൽകുന്നതാണു പ്രധാന ആശ്വാസ പദ്ധതി. ഈ ഗാരൻ്റി ബാങ്കുകൾക്കു സഹായകമാണ്. വായ്പയുടെ 75 ശതമാനത്തിനു കേന്ദ്ര സർക്കാർ ഗാരൻ്റി നൽകുമ്പോൾ അത്രയും തുകയുടെ റിസ്ക് ഒഴിവായി.അവയ്ക്കു വേണ്ടി കരുതൽ ആവശ്യമില്ല. അതിനാൽ ആ വായ്പകളുടെ പലിശ കുറയ്ക്കാം. ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിൽ പലിശയ്‌ക്കു പരിധി നിശ്ചയിക്കാൻ കഴിഞ്ഞത് ഇതു മൂലമാണ്.
ഗാരൻ്റി പദ്ധതികൾ ആയി മൊത്തം പ്രഖ്യാപിച്ച 2,67,500 കോടി രൂപയ്ക്ക് സർക്കാരിന് ഒരു പൈസ പോലും ചെലവില്ല. എങ്കിലും ചെറുകിട വ്യവസായങ്ങൾക്ക് വലിയ ആശ്വാസവും പ്രോത്സാഹനവും ആണു പദ്ധതി. തകർച്ചയും തളർച്ചയും ഒഴിവാക്കുന്നതിനപ്പുറം അതു വളർച്ചയ്ക്ക് എത്ര മാത്രം സഹായിക്കും എന്നതു കണ്ടറിയണം. കാരണം പുതിയ നിക്ഷേപ പദ്ധതികൾ രൂപം കൊള്ളുന്നതായി സൂചനയില്ല.
ദരിദ്രർക്കു സൗജന്യഭക്ഷ്യധാന്യ വിതരണ പദ്ധതി ദീർഘിപ്പിക്കൽ നേരത്തേ പ്രഖ്യാപിച്ചതാണ്. രാസവള സബ്സിഡി വർധിപ്പിക്കൽ മൂന്നാഴ്ച മുമ്പ് തീരുമാനിച്ചു പ്രഖ്യാപിച്ചതും കാബിനറ്റ് അംഗീകരിച്ചതുമാണ്. കയറ്റുമതി വായ്പാ ഗാരൻ്റി പദ്ധതി വിപുലമാക്കുന്നത് ഇൻഷ്വറൻസ് കമ്പനിക്കു ഓഹരി മൂലധനം വർധിപ്പിക്കുന്നതു വഴിയാണ്.

വൈദ്യുതിമേഖലയിൽ പരിഷ്കാരം

പദ്ധതിയിൽ ഏറ്റവും വലിയ ഭാഗം വൈദ്യുതി മേഖലയിൽ പ്രഖ്യാപിച്ച 3.03 ലക്ഷം കോടിയുടേതാണ്. ഇതു നേരത്തേ തന്നെ ബജറ്റിൽ വിവരിച്ചിരുന്നു. വൈദ്യുതി വിതരണ കമ്പനികൾ നിശ്ചിത പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ സംസ്ഥാനങ്ങൾക്ക് ജിഡിപിയുടെ അരശതമാനം തുക വായ്പ എടുക്കാനും സാധിക്കും. വിതരണ കമ്പനികൾ വൈദ്യുതി ഉൽപാദന കമ്പനികൾക്കു നൽകാനുള്ള കുടിശിക മുഴുവൻ അടച്ചു തീർക്കുകയും വേണം. ഉൽപാദന കമ്പനികൾക്കും അതുവഴി ബാങ്കുകൾക്കും വലിയ സഹായമാകും പദ്ധതി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it