ബുള്ളറ്റ് ട്രെയിൻ പോലെ ബുൾ വിപണി; വാൾമാർട്ടിൽ വിൽപന കൂടിയാൽ ഓഹരികൾക്ക് എന്ത്? ബാങ്കുകളിലെ അമിതാവേശത്തിനു കാരണം ഇത്; സ്വർണം താഴോട്ട്; പ്രവാചകരെ തോൽപ്പിച്ചു വിപണികൾ

ബുള്ളുകൾ വിപണിയെ ബുള്ളറ്റ് ട്രെയിൻ പോലെ ഓടിക്കുകയാണ്. ഓഗസ്റ്റ് തുടക്കത്തിൽ 53,000 തലത്തിലായിരുന്ന സെൻസെക്സ് 30 വ്യാപാര ദിനങ്ങൾ പിന്നിട്ടപ്പോൾ 59,000-നു മുകളിൽ. 6000 പോയിൻ്റിലേറെ ഉയർച്ച. നിഫ്റ്റിയും സമാന പാതയിലാണ്.

സെൻസെക്സ് ഇന്നലെ 417.96 പോയിൻ്റ് (0.71 ശതമാനം) ഉയർന്ന് 59,141.16-ലും നിഫ്റ്റി 110.05 പോയിൻ്റ് (0.63 ശതമാനം) ഉയർന്ന് 17,629.5 ലും ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണു വലിയ കയറ്റം നടത്തിയത്. കിട്ടാക്കടങ്ങൾ കൈകാര്യം ചെയ്യാനുള്ള 'ചീത്ത' ബാങ്ക് (നാഷണൽ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് - എൻഎആർസിഎൽ) രൂപീകരണത്തിൻ്റെ വിശദാംശങ്ങൾ പുറത്തു വന്നതാണു ബാങ്കുകളെ സഹായിച്ചത്. ബാങ്ക് നിഫ്റ്റി 2.2 ശതമാനം ഉയർന്നു. ധനകാര്യ കമ്പനികളുടെ സൂചിക 1.09 ശതമാനം നേട്ടമുണ്ടാക്കി. ഐടിസിയുടെയും മറ്റും ഉയർച്ചയിൽ എഫ് എം സി ജി സൂചിക 1.24 ശതമാനം കയറി. എന്നാൽ ഐടി സൂചിക 0.62 ശതമാനം താണു. ആദായ നികുതി പോർട്ടലിലെ പ്രശ്നങ്ങൾ തുടരുന്നത് ഇൻഫോസിസിൻ്റെ ഓഹരി വില ഇന്നലെയും താഴ്ത്തി.

യുഎസ് റീട്ടെയിൽ വിൽപന കൂടിയപ്പോൾ വിപണികൾക്കു പേടി

ഇന്നലെ യൂറോപ്യൻ ഓഹരികൾ കയറി. ട്രാവൽ - ടൂറിസം മേഖലയിലെ ഉണർവാണു കാരണം.
അമേരിക്കയിൽ ഡൗ ജോൺസും എസ് ആൻഡ് പിയും നേരിയ തോതിൽ താണു. നാസ്ഡാക് അൽപം ഉയർന്നു. ഓഗസ്റ്റിലെ റീട്ടെയിൽ വിൽപന അപ്രതീക്ഷിതമായി ഉയർന്നെന്ന റിപ്പോർട്ട് ആണു വിപണിയിലെ മാറ്റത്തിനു കാരണം. ആമസോണിലും വാൾമാർട്ടിലും വിൽപന കൂടിയത് വളർച്ചയെപ്പറ്റിയുള്ള ആശങ്ക മാറ്റുമെന്നും അടുത്തയാഴ്ച ഫെഡ് കടപ്പത്രം വാങ്ങലിൻ്റെ തോതു കുറയ്ക്കുന്നതിൻ്റെ സമയക്രമം പ്രഖ്യാപിക്കുമെന്നും ധാരണ പരന്നു. ഡോളർ സൂചിക ഉയർന്നു; കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (Yield) ഉയർന്നു. സ്വർണവും ക്രൂഡുമടക്കം ഉൽപന്നവിലകൾ താണു.
ഇന്നു രാവിലെ ജപ്പാനിലെ ഓഹരികൾ ഉയർന്നെങ്കിലും മറ്റ് ഏഷ്യൻ വിപണികൾ ചെറിയ താഴ്ചയിലാണ്. ചൈനയിൽ റിയൽറ്റി ഭീമൻ എവർഗ്രാൻഡെ തകരുന്നതും ടെക് ഭീമന്മാരെ സർക്കാർ ഒതുക്കുന്നതും വിപണിയെ വലിച്ചു താഴ്ത്തുന്നുണ്ട്. മക്കാവുവിലെ ചൂതാട്ട ക്ലബുകൾക്കു നിയന്ത്രണം കൊണ്ടുവന്നത് അമേരിക്കയിലെ ചൂതാട്ട കമ്പനികൾക്കു വലിയ ഇടിവുണ്ടാക്കി.

ഡെറിവേറ്റീവ് വിപണി പ്രതീക്ഷയിൽ

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി 17,683 വരെ കയറി. പിന്നീടു താണു. ഇന്നും ഇന്ത്യൻ വിപണി ഉയർച്ചയോടെ തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വിപണിയിൽ ഉള്ളത്.
നിഫ്റ്റിക്ക് 17,545 ലും 17,470 ലും സപ്പോർട്ട് ഉണ്ടെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,680- ലും 17,730 ലും തടസം നേരിടും. ഇന്നു ബാങ്കുകൾ അടക്കമുള്ളവയിൽ വിൽപന സമ്മർദം പ്രതീക്ഷിക്കുന്നുണ്ട്. അത് മറികടന്നാൽ 17,900 ലക്ഷ്യമാക്കി നിഫ്റ്റി നീങ്ങുമെന്നാണു വിദഗ്ധാഭിപ്രായം.
ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1621.88 കോടി രൂപ ക്യാഷ് വിപണിയിൽ ഓഹരി വാങ്ങാൻ ചെലവാക്കി. സ്വദേശി ഫണ്ടുകൾ 795.13 കോടിയുടെ ഓഹരികൾ വിറ്റു.

സ്വർണത്തിനു കനത്ത ഇടിവ്

സ്വർണം ഇന്നലെ കുത്തനെ ഇടിഞ്ഞു. തലേന്ന് 1795 ഡോളറിലായിരുന്ന സ്വർണം യു എസ് റീട്ടെയിൽ വിൽപനക്കണക്കു വന്നതോടെ 1745 ഡോളറിലേക്ക് വീണു. പിന്നീട് അൽപം ഉയർന്ന് ഇന്നു രാവിലെ 17566 ഡാേളറിലായി. രണ്ടു ശതമാനത്തിലേറെയാണ് ഒറ്റ ദിവസം കൊണ്ടുണ്ടായ വീഴ്ച. കേരളത്തിലെ സ്വർണ വിലയിലും ഇന്നു കാര്യമായ കുറവുണ്ടാകും. ഇന്നലെ 35,200 രൂപയിലായിരുന്ന പവൻ വില 35,000 നു താഴെയെത്താം. വില 1750 ഡോളറിനു മുകളിൽ ക്ലോസ് ചെയ്തതു കൊണ്ടു സ്വർണം വലിയ തകർച്ചയിൽ നിന്നു രക്ഷപ്പെട്ടെന്ന് സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു.

ക്രൂഡും ലോഹങ്ങളും താണു

ഡോളർ സൂചിക 93നടുത്ത് എത്തിയതോടെ ക്രൂഡ് ഓയിൽ വിലക്കയറ്റം നിലച്ച മട്ടായി. ഐഡ ചുഴലിക്കാറ്റിനെ തുടർന്നു മുടങ്ങിയ റിഗ്ഗുകളും റിഫൈനറികളും പ്രവർത്തനം പുനരാരംഭിച്ചത് വില അൽപം താഴാൻ കാരണമായി. ബ്രെൻറ് ഇനം ക്രൂഡ് 75.58 ഡോളറിലേക്കു താണു. എങ്കിലും വരുന്ന ആഴ്ചകളിൽ വില കൂടുമെന്നാണു നിഗമനം.
വ്യാവസായിക ലോഹങ്ങൾക്കും വില താണു. ഇരുമ്പയിരിനു 3.5 ശതമാനം ഇടിവുണ്ട്. ആഴ്ചകളായി അയിരു വില താഴോട്ടാണ്. ചെമ്പിന് 1.47 ശതമാനവും അലൂമിനിയത്തിന് 0.4 ശതമാനവും കുറഞ്ഞു.

ബാങ്ക് ഓഹരികൾ കുതിച്ചതിനു പിന്നിൽ

ബാങ്കുകളുടെ കിട്ടാക്കടങ്ങൾ ഏറ്റെടുക്കാൻ രൂപീകരിച്ച 'ചീത്ത ' ബാങ്കിൽ 49 ശതമാനം ഓഹരി പൊതുമേഖലാ ബാങ്കുകൾക്കായിരിക്കും. ആദ്യഘട്ടത്തിൽ 90,000 കോടിയുടെ കിട്ടാക്കടങ്ങൾ അതിലേക്കു മാറ്റും. അവയ്ക്കു മുഴുവൻ വകയിരുത്തലും (provisioning) ബാങ്കുകൾ നടത്തിയിട്ടുള്ളതാണ്. 15 ശതമാനം തുക മുൻകൂർ നൽകിയാണ് ഇവ ഏറ്റെടുക്കുക. കടം തിരിച്ചു കിട്ടുന്ന മുറയ്ക്കു ബാക്കി തുക നൽകും. വകയിരുത്തൽ നടത്തിയവയായതിനാൽ കിട്ടുന്ന തുകയത്രയും ബാങ്കിനു ലാഭമാണ്. ബാങ്ക് ഓഹരികൾ കുതിച്ചതിൻ്റെ കാരണമതാണ്.

മുന്നറിയിപ്പുകളും ആവേശപ്പോർവിളികളും

നല്ലതും ചീത്തയും കരുത്തുള്ളതും കരുത്തില്ലാത്തതും എല്ലാം ഒരേ പോലെ കുതിച്ചു പായുന്ന ഇപ്പോഴത്തെ ബുൾ തരംഗത്തിൽ അവശ്യം വേണ്ടതായ തിരുത്തൽ വരുന്നില്ലെന്നു പലർക്കും പരാതിയുണ്ട്. തിരുത്തില്ലാതെ ഉയരത്തിലേക്കു പായുമ്പോൾ വലിയ തകർച്ചയാകും തിരുത്തൽ വരുമ്പോൾ സംഭവിക്കുക എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
മാസങ്ങളായി ഇത്തരം മുന്നറിയിപ്പുകളും ഓർമപ്പെടുത്തലുകളും വരുന്നു. പക്ഷേ ബുൾ തരംഗം നിർത്തില്ലാതെ തുടരുന്നു. അതിനിടെ ഇതൊരു സൂപ്പർ സൈക്കിൾ ബുൾ തരംഗമാണെന്നും അനേക വർഷം നീളുമെന്നും അവകാശവാദങ്ങൾ ഉയരുന്നു.

ഡൗ@ 36,000

1999-ൽ അമേരിക്കയിലെ പ്രശസ്ത കോളമിസ്റ്റ് ജയിംസ് ഗ്ലാസ്മാനും ധനശാസ്ത്രജ്ഞൻ കെവിൻ ഹാസറ്റും ചേർന്ന് ഒരു പുസ്തകമെഴുതി. ഡൗ 36,000. യു എസ് വിപണി സൂചിക മൂന്നുവർഷത്തിനുള്ളിൽ 36,000 കടക്കുമെന്നായിരുന്നു അതിലെ വാദം. അന്നു ഡൗജോൺസ് സൂചിക 10,000 കടന്നിട്ടേ ഉള്ളൂ.
പിറ്റേ വർഷം ഡോട് കോം കുമിള പൊട്ടിത്തകർന്നു; 2001-ൽ 9/11 ആക്രമണം. 2002-ൽ ഡൗ 11,750-ൽ നിന്ന് 7300 നു താഴെയെത്തി. വീണ്ടും കുതിയ്യ് 2007 ഒക്ടോബറിൽ ഡൗ 14,200 നടുത്തെത്തി. സബ് പ്രൈം പ്രതിസന്ധിയും ബാങ്ക് തകർച്ചകളും ആഗാേളമാന്ദ്യവും 2009-ൽ ഡൗവിനെ 6500-ലേക്ക് ഇടിച്ചിട്ടു. വീണ്ടും വർഷങ്ങൾ കഴിഞ്ഞു. ഡൗ 35,631 വരെയേ ഉയർന്നിട്ടുള്ളു.
വിപണി സംബന്ധിച്ച പ്രവചനങ്ങളുടെ പൊതു ഗതിയാണ് ഇത്. 1980 കളിലെ ഭ്രാന്തമായ ആവേശത്തിൻ്റെ ദശകത്തിൽ എത്തിപ്പെട്ട 38,957 പോയിൻ്റ് കൊടുമുടി ജപ്പാനിലെ നിക്കെെ സൂചികയ്ക്ക് ഇന്നും സ്വപ്നം കാണാൻ മാത്രമേ കഴിയുന്നുള്ളു.

തകർച്ച പ്രവചനങ്ങളും ഇതേ വഴിയിൽ

ബുൾ പ്രവചനങ്ങൾ മാത്രമല്ല തെറ്റിപ്പോകുന്നത്. തകർച്ച സംബന്ധിച്ച പ്രവചനങ്ങളും അങ്ങനെ തന്നെ. ഇന്ത്യൻ അമേരിക്കൻ ധനശാസത്രജ്ഞൻ രവി ബത്ര 1987 ൽ ദ ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990 എന്ന പുസ്തകം എഴുതി. പുസ്തകം ബെസ്റ്റ് സെല്ലറായി. പക്ഷേ 1990 കളിൽ സാമ്പത്തിക മാന്ദ്യം വന്നില്ല. 2010-ഓടെ അമേരിക്കയിൽ വൻ രാഷ്ട്രീയ-സാമ്പത്തിക മാറ്റം വരുത്തുന്ന വിപ്ലവം ഉണ്ടാകുമെന്നു ബത്ര 2007 ൽ പ്രവചിച്ചു. ഒന്നും സംഭവിച്ചില്ല.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it