കാഴ്ചപ്പാട് മാറുന്നു; വിപണിയിൽ പുതിയ ആശങ്കകൾ; ക്രൂഡ് 90 ഡോളറിലെത്തുമോ? റിസർവ് ബാങ്ക് എന്തു ചെയ്യും? ഈ മൂന്ന് കമ്പനികളെ ശ്രദ്ധിക്കുക

കാര്യങ്ങൾ കീഴ്മേൽ മറിയാൻ അധിക സമയമൊന്നും വേണ്ട. ആഗോള വിപണികൾ ബുളളിഷ് മനോഭാവത്തിൽ നിന്ന് പെട്ടെന്നാണു മാറിയത്. തിങ്കളാഴ്ച ആശ്വാസ റാലി നടത്തിയ ഇന്ത്യൻ വിപണി ഇന്നു താഴോട്ടു നീങ്ങുമെന്നാണു സൂചന.

വിലക്കയറ്റ ഭീഷണി ഗുരുതരമാണെന്നും വ്യാവസായിക അസംസ്കൃത പദാർഥങ്ങളുടെ ദൗർലഭ്യവും ചരക്കുനീക്കത്തിലെ തടസങ്ങളും വളർച്ചയ്ക്കു ഭീഷണിയാകുന്നുവെന്നും ആണു പുതിയ വിലയിരുത്തൽ. ഫേയ്സ് ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ ആഗോളതലത്തിൽ എട്ടു മണിക്കൂറിലേറെ പ്രവർത്തനരഹിതമായതു ടെക്നോളജി മേഖലയിലെ നിക്ഷേപകരെ ഞെട്ടിച്ചു. ചൈനയിലെ എവർഗ്രാൻഡെയുടെ തകർച്ചയും അവിടത്തെ വൈദ്യുതിക്ഷാമവും വ്യവസായ വളർച്ചയിലെ ഇടിവും വിപണി കൂടുതൽ ആശങ്കയോടെ കാണുന്നു.

പടിഞ്ഞാറും കിഴക്കും ഇടിവ്

എല്ലാം ചേർന്നപ്പോൾ യുഎസ് ഓഹരി വിപണി ഇന്നലെ താഴോട്ടു പോയി. ഡൗ ജോൺസ് 0.94 ശതമാനവും എസ് ആൻഡ് പി 1.34 ശതമാനവും ടെക് കമ്പനികൾ നയിക്കുന്ന നാസ് ഡാക് 21 ശതമാനവും ഇടിഞ്ഞു. യൂറോപ്പും താഴ്ചയിലായിരുന്നു. എംഎസ് സിഐ ആഗാേള വിപണി സൂചിക ഒരു ശതമാനം താഴ്ന്നു.
ഇന്നു രാവിലെ ഏഷ്യൻ വിപണികളുടെ തുടക്കം താഴ്ചയിലാണ്. ജപ്പാനിലെ നിക്കൈ സൂചിക 2.75 ശതമാനം ഇടിഞ്ഞു. എവർഗ്രാൻഡെയുടെ തകർച്ച പടരുമോ എന്ന ആശങ്ക ഏഷ്യൻ രാജ്യങ്ങളിൽ ഉണ്ട്.
ഇന്ത്യൻ വിപണി സൂചികയായ നിഫ്റ്റിയുടെ സിംഗപ്പുരിൽ നടക്കുന്ന ഡെറിവേറ്റീവ് വ്യാപാരവും ഇടിവിലാണ്. ഇന്നു രാവിലെ 17,550 ലേക്കു താഴ്ന്നാണ് എസ്ജിഎക്സ് നിഫ്റ്റി യുടെ വ്യാപാരം. ഇന്ത്യയിൽ നിഫ്റ്റി തിങ്കളാഴ്ച 17,691 ലാണു ക്ലോസ് ചെയ്തത്. ഇന്ത്യൻ വിപണി വലിയ ഇടിവോടെ തുടങ്ങുമെന്നു ഡെറിവേറ്റീവ് വ്യാപാരികൾ കരുതുന്നു.

ആശ്വാസറാലിയിൽ ബുളളിഷ് സൂചന

തുടർച്ചയായ നാലു ദിവസത്തെ ഇടിവിനു ശേഷമാണു തിങ്കളാഴ്ച വിപണി മികച്ച ആശ്വാസ റാലി നടത്തിയത്. ഏഷ്യൻ വിപണികളും പാശ്ചാത്യ വിപണികളും താഴ്ചയിലേക്കു സൂചന നൽകിയിട്ടും വിപരീത ദിശയിൽ കയറാനാണ് ഇന്ത്യൻ വിപണി തീരുമാനിച്ചത്. സെൻസെക്സും നിഫ്റ്റിയും 0.4 ശതമാനം വീതം ഉയർന്നു.സെൻസെക്സ് 533.74 പോയിൻ്റ് ഉയർന്ന് 59,299.2 ലും നിഫ്റ്റി 159.3 പോയിൻ്റ് ഉയർന്ന് 17,691.3 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്‌, സ്മോൾ ക്യാപ് സൂചികകൾ 1.5 ശതമാനം വീതം കയറി.
മെറ്റൽ, ഫാർമ, എനർജി, പി എസ് യു ബാങ്ക്, റിയൽറ്റി, പവർ, ഹെൽത്ത് കെയർ, ക്യാപ്പിറ്റൽ ഗുഡ്സ് സൂചികകൾ ഒന്നു മുതൽ മൂന്നു വരെ ശതമാനം ഉയർന്നു. ബിഎസ്ഇയുടെ വിപണിമൂല്യം 3.17 ലക്ഷം കോടി രൂപ കണ്ടു വർധിപ്പിക്കുന്നതായി ഇന്നലത്തെ ഉയർച്ച.
നിഫ്റ്റി ശക്തമായ ബുളളിഷ് സൂചനകളാണു നൽകുന്നതെന്നു സാങ്കേതിക വിശകലന വിദഗ്ധർ കണമാക്കി. 20 ദിവസശരാശരി (DMA) ക്കു മുകളിലാണ് സൂചിക ഇന്നലെ ക്ലോസ് ചെയ്തത്. ഇത് ഉയരത്തിലേക്കു യാത്ര തുടരുമെന്നു കാണിക്കുന്നു. 17,700-നു മുകളിലേക്കു കരുത്തോടെ കയറിയാൽ നിഫ്റ്റിക്ക് 17,777 ലെയും 17,850 ലെയും തടസങ്ങൾ നേരിടേണ്ടി വരും. 17,580 ലും 17,450 ലും നിഫ്റ്റിക്കു നല്ല സപ്പോർട്ട് ലഭിക്കും.
വിദേശ നിക്ഷേപകർ ഇന്നലെ 860.50 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.സ്വദേശി ഫണ്ടുകൾ 228.06 കോടി രൂപയും.

ശ്രൈ തകർച്ചയിൽ

കനാേറിയമാരുടെ ശ്രൈ ഗ്രൂപ്പിലെ രണ്ടു ധനകാര്യ കമ്പനികളെ പാപ്പർ നടപടിയിലേക്കു നീക്കിയത് ബാങ്ക് - ധനകാര്യ മേഖലകളെ ബാധിക്കും. 46,000 കോടി രൂപയാണ് ശ്രൈ കമ്പനികളിൽ നിന്നു ബാങ്കുകൾക്കു കിട്ടാനുള്ളത്. ശ്രൈ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്, ശ്രൈ എക്വിപ്മെൻ്റ് ഫിനാൻസ് എന്നീ കമ്പനികളുടെ ഡയറക്ടർ ബോർഡുകളെ റിസർവ് ബാങ്ക് പിരിച്ചുവിട്ടു. പകരം അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. കമ്പനിക്കു കോവിഡ് മൂലം വായ്പകൾ തിരിച്ചു കിട്ടുന്നില്ലെന്നാണു ചെയർമാൻ ഹേമന്ത് കനാേറിയ പറയുന്നത്. എന്നാൽ കമ്പനി മാനേജ്മെൻ്റ് വൻതോതിൽ പണം വകമാറ്റിയെന്നു റിസർവ് ബാങ്ക് കരുതുന്നു. യൂകാേ ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളാണു ശ്രൈ ക്കു വലിയ തുക വായ്പ നൽകിയിട്ടുള്ളത്.

ദൗർലഭ്യവും വിലക്കയറ്റവും തുടരുന്നു

ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, കൽക്കരി, വ്യാവസായിക ലോഹങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയുടെ വിലക്കയറ്റം ശമനമില്ലാതെ തുടരുന്നു. ചെമ്പ്, അലൂമിനിയം, ഇരുമ്പയിര് തുടങ്ങിയവ കഴിഞ്ഞ മാസത്തെ നഷ്ടം നികത്തി .
സെമികണ്ടക്ടർ ചിപ്പുകളുടെ ദൗർലഭ്യത്തിനു പരിഹാരം ദൃശ്യമായിട്ടില്ല. വാഹനങ്ങൾ മുതൽ സ്മാർട്ട് ഫോൺ വരെ ഉള്ളവയുടെ ഉൽപാദനം തടസപ്പെട്ടിരിക്കുകയാണ്. കണ്ടെയ്നർ ക്ഷാമം, തൊഴിലാളികളുടെ ദൗർലഭ്യം തുടങ്ങിയ വിഷയങ്ങൾ വിവിധ വ്യാവസായിക ഘടകങ്ങളുടെ ലഭ്യത കുറയ്ക്കുന്നു. ഇവയെല്ലാം വിലക്കയറ്റത്തിനും ഒപ്പം ഉൽപാദനക്കുറവിനും വഴിവയ്ക്കുന്നു.

ക്രൂഡ് ഓയിൽ കുതിക്കുന്നു; ഇനി ലക്ഷ്യം 90 ഡോളർ?

ക്രൂഡ് ഓയിൽ ഇന്നലെ രണ്ടര ശതമാനത്തിലധികം ഉയർന്നു. ബ്രെൻ്റ് ഇനം മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലായി. 81.48 ഡോളർ വരെ എത്തി ബ്രെൻ്റ് ഇനത്തിൻ്റെ വില. ഉൽപാദനം കൂട്ടേണ്ടതില്ലെന്ന ഒപെക് പ്ലസ് മന്ത്രിതല യോഗ തീരുമാനമാണു കാരണം. മാസങ്ങൾക്കു മുമ്പു തീരുമാനിച്ച ഉൽപാദന ക്വോട്ട തുടരാനാണ് തീരുമാനം. വിപണിയിൽ ആവശ്യം കുതിച്ചുയർന്നത് ഒപെക് പ്ലസ് തൽക്കാലം കണക്കിലെടുക്കുന്നില്ല. വില കൂടട്ടെ എന്നാണ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ നിലപാട്. ബ്രെൻ്റ് ഇനം ഡിസംബറോടെ 90 - 100 ഡോളർ നിലവാരത്തിലെത്തുമെന്നാണു വിലയിരുത്തൽ.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഉപയോക്താക്കളായ ഇന്ത്യക്കു ക്രൂഡ് വില വർധന വലിയ പ്രശ്നമാകും. വിലക്കയറ്റം സഹന പരിധിയായ ആറു ശതമാനത്തിലധികമാകും. ഓഗസ്റ്റിൽ 5.3 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം; മൊത്ത വിലക്കയറ്റം ഇരട്ടയക്കത്തിലും.

പലിശ, വിലക്കയറ്റം: റിസർവ് ബാങ്ക് എന്തു പറയും?

റിസർവ് ബാങ്കിൻ്റെ പണ നയ കമ്മിറ്റി (എംപിസി) നാളെ ത്രിദിന യോഗം തുടങ്ങും. വെള്ളിയാഴ്ച രാവിലെ തീരുമാനങ്ങൾ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും. പലിശ നിരക്കിൽ (റീപോ, റിവേഴ്സ് റീപോ) മാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നാൽ വിപണിയിലെ പണലഭ്യത നിയന്ത്രിക്കാൻ നടപടി ഉണ്ടാകും. സർക്കാർ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്ന ജിസാപ് നിർത്തുകയാേ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. വിലക്കയറ്റ പ്രവണത സംബന്ധിച്ച ബാങ്കിൻ്റെ വിലയിരുത്തൽ പ്രത്യേകം ശ്രദ്ധിക്കപ്പെടും. പലിശ നിരക്ക് എന്നു കൂട്ടിത്തുടങ്ങുമെന്ന സൂചന അതിലുണ്ടാകും. വിലക്കയറ്റം കുറഞ്ഞു വരുമെന്ന മുൻ നിഗമനം തിരുത്തിയാൽ നിരക്കു വർധന നേരത്തേ ആകുമെന്നു കരുതേണ്ടി വരും. വളർച്ചക്കുറവിനേക്കാൾ ഉയർന്ന വിലക്കയറ്റത്തെ ഭയപ്പെടണമെന്ന ഉപദേശം പല ധനകാര്യ വിദഗ്ധരും നൽകുന്നുണ്ട്.

ഡോളർ താണു, സ്വർണം കയറി

ഓഹരികൾ താഴ്ന്നപ്പോൾ ഡോളർ സൂചികയും താണു. 93.76 ലേക്കാണു സൂചിക താണത്. ഇതു സ്വർണ വില ഉയരാൻ കാരണമായി. ഔൺസിന് 1771 ഡോളർ വരെ സ്വർണം കയറി. ഇന്നു രാവിലെ 1766 ഡോളറിലാണ് സ്വർണ വ്യാപാരം. സ്വർണത്തിൽ നിക്ഷേപം വർധിക്കുന്നതല്ല ഡോളർ നിരക്കിലെ ഇടിവാണ് ഈ വില വർധനയ്ക്കു കാരണം. വിലക്കയറ്റം, ഓഹരി - കടപ്പത്ര വിലകൾ എന്നിവ പരിഗണിച്ചാകും വരും ദിവസങ്ങളിൽ സ്വർണം നീങ്ങുക.
രൂപയ്ക്ക് ഇന്നലെ ക്ഷീണമായിരുന്നു. 20 പൈസ നേട്ടത്തിൽ 74.31 രൂപയിലെത്തി ഡോളർ.

ഈ കമ്പനികളെ ശ്രദ്ധിക്കുക

കോവിഡ് രോഗത്തിനു ഗുളിക രൂപത്തിൽ നൽകാവുന്ന മോൾനുപിരാവിർ എന്ന രാസ സംയുക്തത്തിൻ്റെ മൂന്നാo ഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി. ആശുപത്രിവാസവും മരണവും പകുതി കണ്ടു കുറയ്ക്കാൻ ഈ മരുന്നിന് കഴിയും. മെർക്ക് കമ്പനിക്കായി ഇതു നിർമിച്ചു നൽകുന്ന കമ്പനികളിൽ പ്രമുഖമാണ് ഇന്ത്യയിലെ ഡിവീസ് ലാബ്. കമ്പനിയുടെ ലാഭം ഗണ്യമായി വർധിക്കുമെന്ന നിഗമനത്തിൽ ഓഹരി വില ഏഴു ശതമാനം ഉയർന്നു.
ഗൾഫ് മേഖലയിൽ പെട്രോളിയം മുതൽ കാർഷികോൽപന്നങ്ങൾ വരെ വിപണനം ചെയ്യാൻ അബുദാബിയിൽ റിലയൻസ് ഇറർനാഷണൽ ലിമിറ്റഡ് എന്നൊരു ഉപകമ്പനിക്കു റിലയൻസ് രൂപം നൽകി. റിലയൻസ് ഓഹരിയുടെ വില 1.31 ശതമാനം ഉയർന്നു.
എസ്ബി എനർജി ഇന്ത്യ ലിമിറ്റഡിനെ ഏറ്റെടുക്കുന്ന പ്രക്രിയ അഡാനി ഗ്രീൻ എനർജി ലിമിറ്റഡ് പൂർത്തിയാക്കി. 26,000 കോടി രൂപ വിലയിട്ടാണ് ഏറ്റെടുക്കൽ. പുനരുൽപാദന ഊർജമേഖലയിൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. നാലു സംസ്ഥാനങ്ങളിലായി അഞ്ചു ഗിഗാ വാട്ട് ഊർജ ഉൽപാദന ശേഷിയാണ് എസ്ബി നിർമിക്കുന്നത്. 1700 മെഗാവാട്ട് പ്രവർത്തനത്തിലായി. 700 മെഗാവാട്ട് നിർമാണം തീരാറായി. ബാക്കി നിർമാണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ. അഡാനി എൻ്റർപ്രൈസസ് നാലര ശതമാനവും അഡാനി ഗ്രീൻ രണ്ടര ശതമാനവും ഉയർന്നു.

This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it