റിലയന്‍സും ടാറ്റയും കരുത്തേകി, റെക്കോര്‍ഡ് ഉയരത്തിലെത്തി ഓഹരി സൂചികകള്‍

പതിഞ്ഞതാളത്തിലായിരുന്നു തുടക്കമെങ്കിലും ഇന്ത്യന്‍ ഓഹരി സൂചികകള്‍ പുതിയ റെക്കോഡുകള്‍ തൊട്ടാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് ഇന്ന് ആദ്യമായി 82,285.83 പോയിന്റ് തൊട്ടു. നിഫ്റ്റിയും 25,192 പോയിന്റെന്ന ചരിത്രനേട്ടത്തിലാണ്. പക്ഷെ വ്യാപാരാന്ത്യത്തില്‍ സൂചികകള്‍ നേട്ടം പരിമിതപ്പെടുത്തി. സെന്‍സെക്സ് 349.05 പോയിന്റ് ഉയര്‍ന്ന് 82,134.61 ലും നിഫ്റ്റി 99.60 പോയിന്റ് ഉയര്‍ന്ന് 25,151.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രധാന യൂറോപ്യന്‍ വിപണികളെല്ലാം ഇന്ന് ഉയര്‍ച്ചയിലായിരുന്നു. എന്‍വിഡിയയുടെ പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നത് ഇന്നലെ അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാക്കിനെ ഒരു ശതമാനത്തോളം ഇടിച്ചത് മറ്റ് ഏഷ്യന്‍ വിപണികളെയും ബാധിച്ചു.
റിലയന്‍സും ടാറ്റാ മോട്ടോഴ്‌സും ഐ.ടി.സിയുമടക്കമുള്ള വമ്പന്‍ ഓഹരികള്‍ കരുത്തു പകര്‍ന്നതോടെയാണ് ആഭ്യന്തര വിപണി പുതിയ ഉയരങ്ങള്‍ കുറിച്ചത്.
ഉച്ചയ്ക്ക് ശേഷം തീരുമാനിച്ചിരുന്ന റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു രാവിലെ മുതല്‍ വിപണിയുടെ കണ്ണ്. റിലയന്‍സ് ഓഹരികളെയും ഇത് ആവേശത്തിലാക്കി. ഒന്നര ശതമാനത്തിലധികമാണ് ഓഹരിയുടെ ഉയര്‍ച്ച. റിലയന്‍സിന്റെ ഭാവി പദ്ധതികളെയും പുതിയ ബിസിനസുകളെയും കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ വിപണിയെ സന്തോഷിപ്പിക്കുന്നതാണ്.

വിവിധ സൂചികകളുടെ പ്രകടനം

വിശാലവിപണിയില്‍ സ്‌മോള്‍ (0.54 ശതമാനം) മിഡ് (0.44 ശതമാനം) ക്യാപ് സൂചികക
ള്‍
നഷ്ടത്തിലാണ് അവസാനിച്ചത്.

വിവിധ ഓഹരി വിഭാഗങ്ങളില്‍ നിഫ്റ്റി മീഡിയ (-0.31 ശതമാനം), മെറ്റല്‍ (-0.48 ശതമാനം), ഫാര്‍മ (-0.48 ശതമാനം) , പ്രൈവറ്റ് ബാങ്ക് (-0.15 ശതമാനം), റിയല്‍റ്റി (-0.16 ശതമാനം), ഹെല്‍ത്ത് കെയര്‍ ഇന്‍ഡെക്‌സ് (-0.27 ശതമാനം) എന്നിവ നഷ്ടത്തിലായി. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് (0.94 ശതമാനം) കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. മറ്റ് സൂചികകളായ നിഫ്റ്റി ബാങ്ക്, ഓട്ടോ, ഐ.ടി തുടങ്ങിയവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വമ്പന്‍ പ്രഖ്യാപനങ്ങളുമായി റിലയന്‍സ്

റിലയന്‍സ് ഇന്‍ഡ്രസ്ട്രീസിന്റെ വാര്‍ഷിക പൊതു യോഗത്തിലായിരുന്നു ഇന്നത്തെ വിപണിയുടെ ശ്രദ്ധ.
5 ജി നെറ്റ്‌വര്‍ക്ക് വിപുലീകരണം, റീട്ടെയില്‍ - ഇ കൊമേഴ്‌സ്, ഊര്‍ജ്ജ രംഗം തുടങ്ങിയ മേഖലകളിലെ പുതിയ പദ്ധതികള്‍ എന്നിവയിലൂന്നിയായിരുന്നു റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി സംസാരിച്ചത്
.10 ലക്ഷം കോടിയുടെ ഏകീകൃത വിറ്റുവരവുള്ള ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് റിലയന്‍സെന്നും ലോകത്തിലെ ഏറ്റവും മൂല്യമുള്ള ആദ്യ 30 കമ്പനികളില്‍ ഇടം പിടിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിക്ക് 1:1 ബോണസ് ഓഹരി നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. റിലയന്‍സ് ഓഹരികള്‍ 1.55 ശതമാനം നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. പുതിയ പ്രഖ്യാപനങ്ങള്‍ നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കും.

ഇവര്‍ നേട്ടമുണ്ടാക്കി

എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസാണ് ഇന്ന് 5.66 ശതമാനം നേട്ടവുമായി താരമായത്. കമ്പനിയുടെ മൂന്ന് ഘടകങ്ങളായ മൊബിലിറ്റി, സസ്‌റ്റൈനബിലിറ്റി, ടെക് എന്നിവയ്ക്ക് 1 ബില്യന്‍ ഡോളറിന്റെ വീതം വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഓഹരികള്‍ നേട്ടമുണ്ടാക്കിയത്.

ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡാണ് വിപണിയില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു കമ്പനി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗായ 1,074.55 രൂപയില്‍ നിന്നും 3.57 ശതമാനം വര്‍ധനയോടെ 1,112.90ലാണ് ഇന്ന് വ്യാപാരം നിറുത്തിയത്. കമ്പനിയുടെ ഡിഫറന്‍ഷ്യല്‍ വോട്ടിംഗ് അവകാശമുള്ള (ഡി.വി.ആര്‍) ഓഹരികള്‍ സാധാരണ ഓഹരികളാക്കുമെന്ന പ്രഖ്യാപനമാണ് ഓഹരി വില വര്‍ധിക്കാന്‍ കാരണമായത്. 10 ഡി.വി.ആറുകള്‍ക്ക് പകരമായി 7 സാധാരണ ഓഹരികള്‍ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
ഇതുകൂടാതെ പേയ്ടിഎം, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയ കമ്പനികളും ഇന്ന് നേട്ടത്തില്‍ മുന്നിലെത്തി. കമ്പനിയുടെ പേയ്‌മെന്റ് സര്‍വീസ് ബിസിനസില്‍ നിക്ഷേപം നടത്താനുള്ള ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതാണ് പേയ്ടിഎമ്മിന് നേട്ടമായത്. ഇതോടെ കമ്പനിക്ക് പേയ്‌മെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയും.

നഷ്ടത്തിലിവര്‍

ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യയുടെ ഓഹരികളാണ് ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 3.64 ശതമാനം ഇടിവ് രേഖപ്പെടുത്തിയാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച 16.49 ശതമാനം ഉയര്‍ന്ന ടാറ്റ എല്‍ക്‌സി ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം നേരിട്ടു. ഇന്നലെ 8.82 ശതമാനം ഇടിവ് നേരിട്ട ഓഹരികളുടെ ഇടിവ് ഇന്ന് 3.49 ശതമാനത്തിലെത്തി. ഉയര്‍ന്ന വിലയില്‍ ഓഹരിയില്‍ ലാഭമെടുപ്പ് തുടര്‍ന്നതാണ് കാരണം. ഫാഷന്‍ ബ്രാന്‍ഡായ നൈകയുടെ മാതൃകമ്പനി എഫ്.എസ്.എന്‍-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ഇന്ന് ഇടിവില്‍ മൂന്നാമതെത്തി. ഓഹരി വില 3.27 ശതമാനം കുറഞ്ഞ് 210.06 രൂപയിലെത്തി. കഴിഞ്ഞ ദിവസം 217.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അശോക് ലെയ്‌ലാന്‍ഡ് എന്നീ കമ്പനികളും ഇന്ന് നഷ്ടത്തിലാണ് . 1,070.20 രൂപയില്‍ വ്യാപാരം തുടങ്ങിയ മാക്‌സ് ഫിനാന്‍ഷ്യല്‍ ഓഹരികള്‍ വ്യാപാരാന്ത്യത്തില്‍ 2.82 ശതമാനം നഷ്ടത്തോടെ 1,040 രൂപയിലെത്തി. അശോക് ലെയ്‌ലാന്‍ഡ് ഓഹരികള്‍ക്ക് 2.51 ശതമാനം നഷ്ടമാണ് നേരിട്ടത്.

ഊര്‍ജ്ജമില്ലാതെ കേരള കമ്പനികള്‍

സൂചികകള്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയെങ്കിലും കേരള കമ്പനികളുടെ പ്രകടനം വേണ്ടത്ര മെച്ചപ്പെട്ടില്ല.

സെല്ല സ്‌പേസ് (4.97 ശതമാനം) . എ.വി.ടി നാച്ചുറല്‍ പ്രോഡക്ട്‌സ് (3.44 ശതമാനം), ഫെഡറല്‍ ബാങ്ക്(0.22 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ് (0.20 ശതമാനം) മണപ്പുറം ഫിനാന്‍സ് (1.63 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസ് (2.66 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.99 ശതമാനം), പോപ്പീസ് കെയര്‍ ( 2 ശതമാനം), പ്രൈമ അഗ്രോ (3.72 ശതമാനം), സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് (3.48 ശതമാനം) , വിഗാര്‍ഡ് ഇന്‍ഡ്രസ്ട്രീസ് (0.36 ശതമാനം), വെര്‍ടെക്‌സ് സെക്യൂരിറ്റീസ് (1.33 ശതമാനം) എന്നീ കമ്പനികളാണ് മുഖ്യനേട്ടക്കാർ.
4.97 ശതമാനം നേട്ടത്തോടെ സെല്ല സ്‌പേസാണ് കേരള കമ്പനികളില്‍ ഒന്നാമതെത്തിയത്. 3.48 ശതമാനം നേട്ടത്തോടെ സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് പട്ടികയില്‍ രണ്ടാമതുണ്ട്.
കഴിഞ്ഞ ദിവസത്തെ പോലെ ആഡ് ടെക് സിസ്റ്റംസാണ് കേരള ഓഹരികളിലെ പ്രധാന നഷ്ടക്കാര്‍. ഓഹരി വില 4.98 ശതമാനം ഇടിഞ്ഞ് 91.60 രൂപയിലെത്തി. കഴിഞ്ഞ ദിവസം 96.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (-2.63 ശതമാനം), ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ (-1.88 ശതമാനം) , ധനലക്ഷ്മി ബാങ്ക് (-1.89 ശതമാനം), കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (-1.71 ശതമാനം), മുത്തൂറ്റ് മൈക്രോഫിന്‍ (-2 ശതമാനം) എന്നിവരാണ് കേരള കമ്പനികളിലെ നഷ്ടക്കാര്‍.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  

Related Articles

Next Story

Videos

Share it