ഹാപ്പി ന്യൂ ഇയര്‍! പുത്തനുയരം തൊട്ട് സെന്‍സെക്‌സും നിഫ്റ്റിയും; നിക്ഷേപകര്‍ക്ക് നേട്ടം ₹6.23 ലക്ഷം കോടി, 11% മുന്നേറി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

പുത്തന്‍ സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ വ്യാപാരദിനം തന്നെ റെക്കോഡ് കൊണ്ട് ആഘോഷത്തിന്റേതാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഇന്ന് വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കകം തന്നെ സെന്‍സെക്‌സും നിഫ്റ്റിയും എക്കാലത്തെയും ഉയരം തൊട്ടു. പിന്നീട് നേട്ടം നിജപ്പെട്ടെങ്കിലും മികച്ചനിലയില്‍ തന്നെ വ്യാപാരം അവസാനിപ്പിക്കാനും സൂചികകള്‍ക്ക് കഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാംദിവസമാണ് ഓഹരി സൂചികകളുടെ നേട്ടം.
ഇന്ന് സെന്‍സെക്‌സ് 363.20 പോയിന്റ് (+0.49%) ഉയര്‍ന്ന് 74,014.55ലും നിഫ്റ്റി 135.10 പോയിന്റ് (+0.61%) മുന്നേറി 22,462ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള ഇന്ന് സെന്‍സെക്‌സ് 74,254.62 പോയിന്റും നിഫ്റ്റി 22,529.95 പോയിന്റും എന്ന സര്‍വകാല റെക്കോഡ് തൊട്ടിരുന്നു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

വാഹന, എഫ്.എം.സി.ജി വിഭാഗങ്ങളൊഴികെ ഇന്ന് എല്ലാ ഓഹരി ശ്രേണികളും മികച്ച നേട്ടമാണ് കുറിച്ചത്. ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്ന് പോസിറ്റീവ് വാര്‍ത്തകളുടെ കുത്തൊഴുക്കുണ്ടായതും ഓഹരികളെ ഉഷാറാക്കി.
നിഫ്റ്റി 50ല്‍ 31 ഓഹരികള്‍ നേട്ടത്തിലും 18 എണ്ണം നഷ്ടത്തിലുമായിരുന്നു. ഒരു ഓഹരിയുടെ വില മാറിയില്ല. 4.86 ശതമാനം നേട്ടവുമായി ജെ.എസ്.ഡബ്ല്യു സ്റ്റീലും 4.46 ശതമാനം ഉയര്‍ന്ന് ടാറ്റാ സ്റ്റീലും നേട്ടത്തില്‍ മുന്നിലെത്തി. 1.66 ശതമാനം താഴ്ന്ന ഐഷര്‍ മോട്ടോഴ്‌സാണ് നഷ്ടത്തില്‍ മുന്നില്‍. 1.47 ശതമാനം പിന്നോട്ടിറങ്ങിയ ടൈറ്റന്‍ തൊട്ടുപിന്നാലെയുമെത്തി.
ബി.എസ്.ഇയില്‍ ഇന്ന് 4,058 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 3,235 എണ്ണവും പച്ചതൊട്ടു. 665 ഓഹരികളേ ചുവന്നുള്ളൂ. 158 ഓഹരികളുടെ വില മാറിയില്ല.
169 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 57 എണ്ണം താഴ്ചയും കണ്ടു. 10 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും 4 എണ്ണം ലോവര്‍-സര്‍കീട്ടിലും വ്യാപാരം ചെയ്യപ്പെട്ടു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത നിക്ഷേപക സമ്പത്ത് ഇന്ന് 6.23 ലക്ഷം കോടി രൂപയുടെ കുതിപ്പും കാഴ്ചവച്ചു. 386.97 ലക്ഷം കോടി രൂപയില്‍ നിന്ന് 393.20 ലക്ഷം കോടി രൂപയായാണ് വര്‍ധന.
നേട്ടത്തിലേറിയവരും തളര്‍ന്നവരും
ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, എന്‍.ടി.പി.സി., എല്‍ ആന്‍ഡ് ടി., എച്ച്.ഡി.എഫ്.സി ബാങ്ക്, പവര്‍ ഗ്രിഡ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയ പ്രമുഖര്‍.
അദാനി എനര്‍ജി സൊല്യൂഷന്‍സ്, ഇന്‍ഡസ് ടവേഴ്‌സ്, ബി.എസ്.ഇ ലിമിറ്റഡ്, മാസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് എന്നിവയാണ് 7-9 ശതമാനം കുതിപ്പുമായി നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടം കുറിച്ചവര്‍.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ചൈനയിലെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ ആറുമാസത്തിനിടെ ആദ്യമായി പോസിറ്റീവ് വളര്‍ച്ച കുറിച്ചെന്ന റിപ്പോര്‍ട്ടുകളാണ് മെറ്റല്‍ ഓഹരികള്‍ക്ക് നേട്ടമായത്. സ്റ്റീല്‍, ചെമ്പ് ഉത്പാദനത്തില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള രാജ്യമാണ് ചൈന. സ്റ്റീല്‍, ചെമ്പ് വില കുത്തനെ കൂടിയതും ഈ ശ്രേണിയിലെ ഓഹരികള്‍ക്ക് നേട്ടമായി. ഹിന്ദുസ്ഥാന്‍ കോപ്പര്‍ ഓഹരി ഇന്ന് 11.27 ശതമാനം കുതിച്ച് 309.40 രൂപവരെ എത്തിയിരുന്നു.
കെയര്‍ റേറ്റിംഗ്‌സ് എ.എ പോസിറ്റീവില്‍ നിന്ന് എ.എ പ്ലസ് സ്റ്റേബിളിലേക്ക് റേറ്റിംഗ് ഉയര്‍ത്തിയ കരുത്തില്‍ പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ് ഇന്ന് 14 ശതമാനം ഉയര്‍ന്നു. അബുദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ADIA), കോട്ടക് എ.ഐ.എഫ് എന്നിവയില്‍ നിന്ന് 2,001 കോടി രൂപയുടെ നിക്ഷേപക്കരാര്‍ ലഭിച്ച പശ്ചാത്തലത്തിലാണ് പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് ഓഹരി ഇന്ന് 7 ശതമാനത്തിലധികം ഉയര്‍ന്നത്. ഇന്ത്യയിലെ 4 മുന്‍നിര നഗരങ്ങളില്‍ ഭവന പദ്ധതികള്‍ നിര്‍മ്മിക്കാനാണ് നിക്ഷേപം.
അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇന്ന് മികച്ച പ്രകടനമാണ് നടത്തിയത്. അദാനി എനര്‍ജി സൊല്യൂഷന്‍സ് 8.89 ശതമാനവും അദാനി വില്‍മര്‍ 6.26 ശതമാനവും ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ 5 ശതമാനത്തോളം ഉയര്‍ന്നു.
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ സ്ഥാപിക്കുന്ന ബര്‍സാന ബയോഗ്യാസ് പ്ലാന്റിന്റെ ഒന്നാംഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് അദാനി ടോട്ടല്‍ ഗ്യാസിനെ ഉഷാറാക്കിയത്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായി 60 കോടി ഡോളര്‍ (ഏകദേശം 5,000 കോടി രൂപ) സമാഹരിക്കാന്‍ ഒരുങ്ങുന്ന റിപ്പോര്‍ട്ടുകള്‍ അദാനി എനര്‍ജി സൊല്യൂഷന്‍സ് ഓഹരികള്‍ക്കും ഊര്‍ജമായി.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

6,329 കോടി രൂപയുടെ നികുതി റീഫണ്ട് കിട്ടുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരി ഇന്ന് രണ്ട് ശതമാനത്തോളം കയറി. വിന്‍ഡ്-സോളാര്‍ ഹൈബ്രിഡ് ഊര്‍ജോത്പാദനത്തിനുള്ള 1,825 കോടി രൂപയുടെ കരാര്‍ ലഭിച്ച ടൊറന്റ് പവറിന്റെ ഓഹരി ഇന്ന് 8 ശതമാനം മുന്നേറി.
ടൈറ്റന്‍, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്‌ലെ ഇന്ത്യ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍. സി.ജി. പവര്‍, സോന ബി.എല്‍.ഡബ്ല്യു, ഗോദ്‌റെജ് കണ്‍സ്യൂമര്‍, ഗ്ലാന്‍ഡ് ഫാര്‍മ, സുപ്രീം ഇന്‍ഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ.
കുതിപ്പിന്റെ കാരണങ്ങള്‍
ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള ശുഭവാര്‍ത്തകളാണ് ഓഹരികളെ ഇന്ന് തുണച്ചത്. അമേരിക്കയില്‍ പണപ്പെരുപ്പ നിരക്ക് ആശ്വാസതലത്തിലാണെന്ന ഫെഡറല്‍ റിസര്‍വിന്റെ അഭിപ്രായം അമേരിക്കയിലേതടക്കം ആഗോള ഓഹരി വിപണികളെ നേട്ടത്തിലേക്ക് ഉയര്‍ത്തി. ഇതിന്റെ സ്വാധീനം ഇന്ത്യയിലും അലയടിച്ചു.
പ്രതീക്ഷിക്കുന്നതുപോലെ, ജൂണ്‍ മുതല്‍ അമേരിക്ക അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നാണ് ഫെഡറല്‍ റിസര്‍വ് പറഞ്ഞതില്‍ നിന്ന് നിക്ഷേപകലോകം വ്യാഖ്യാനിച്ചെടുക്കുന്നത്. ചൈനീസ് സമ്പദ്‌വ്യവസ്ഥ കരകയറുന്നെന്ന സൂചനകളും ചൈനീസ് ഓഹരികളുടെ നേട്ടവും കരുത്തായി.
കഴിഞ്ഞവാരങ്ങളില്‍ വലിയ തിരുത്തല്‍ (ഇടിവ്) നേരിട്ട ഓഹരികളില്‍, പ്രത്യേകിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളില്‍ വിലക്കുറവ് മുതലെടുത്ത് ഇന്ന് വന്‍തോതില്‍ വാങ്ങല്‍ താത്പര്യമുണ്ടായതും ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു.
അതേസമയം, മാര്‍ച്ചിലെ വാഹന വില്‍പനക്കണക്കുകള്‍ ഇന്നുമുതല്‍ പുറത്തുവരാനിരിക്കേ വാഹന കമ്പനികളുടെ ഓഹരികളില്‍ ഇന്ന് അലയടിച്ചത് വില്‍പന സമ്മര്‍ദ്ദമാണ്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (FPIs) വീണ്ടും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതും ഓഹരി സൂചികകളെ മുന്നേറ്റത്തിന് പിന്തുണയ്ക്കുന്നുണ്ട്.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ ഇന്ന് ലോഹത്തിനായിരുന്നു നല്ല തിളക്കം. നിഫ്റ്റി മെറ്റല്‍ സൂചിക 52-ആഴ്ചത്തെ ഉയരവും ഭേദിച്ച് ഇന്ന് കുതിച്ചു. ഒരുവേള 4 ശതമാനത്തിലേറെയായിരുന്നു മുന്നേറ്റം.
എന്‍.എം.ഡി.സി., നാല്‍കോ, സെയില്‍, ഹിന്ദുസ്ഥാന്‍സ സിങ്ക്, ജിന്‍ഡാല്‍ സ്‌റ്റെയിന്‍ലെസ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവ കാഴ്ചവച്ച മികച്ച പ്രകടനവും കരുത്തായി. വ്യാപാരാന്ത്യത്തില്‍ സൂചികയുള്ളത് 3.70 ശതമാനം നേട്ടത്തിലാണ്.
വാഹനം (-0.16%), എഫ്.എം.സി.ജി (-0.11%) എന്നിവയൊഴികെയുള്ള വിഭാഗങ്ങളെലെല്ലാം ഇന്ന് പച്ചപുതച്ചു. ഇവയും നേരിയ തളര്‍ച്ചയാണ് നേരിട്ടത്. നിഫ്റ്റി മീഡിയ 4.69 ശതമാനവും റിയല്‍റ്റി 4.36 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 3.26 ശതമാനം മുന്നേറി. 1.74 ശതമാനമാണ് മിഡ്ക്യാപ്പിന്റെ നേട്ടം. നിഫ്റ്റി പി.എസ്.യു ബാങ്ക് 1.51 ശതമാനം, സ്വകാര്യബാങ്ക് 1.03 ശതമാനം, ധനകാര്യസേവനം ഒരു ശതമാനം എന്നിങ്ങനെ ഉയര്‍ന്നപ്പോള്‍ ബാങ്ക് നിഫ്റ്റിയുടെ നേട്ടം 0.96 ശതമാനമാണ്.
കേരള ഓഹരികളിലും മികച്ച തിളക്കം
വിരലിലെണ്ണാവുന്നവ ഒഴികെ മറ്റെല്ലാ കേരള ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 11.13 ശതമാനം മുന്നേറിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് പ്രധാനതാരം.
ഇന്ത്യന്‍ നേവിക്കായുള്ള വരുംതലമുറ മിസൈല്‍വേധ വെസ്സലുകള്‍ നിര്‍മ്മിക്കാനുള്ള ഘടകങ്ങള്‍ക്കായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സുമായി 1,173.42 കോടി രൂപയുടെ കരാറില്‍ കൊച്ചി കപ്പല്‍ശാല ഏര്‍പ്പെട്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഓഹരിക്കുതിപ്പ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ഓഹരിയും ഇന്ന് രണ്ട് ശതമാനത്തിലേറെ കുതിച്ചു.
കേരളം ഓഹരികളുടെ ഇന്നത്തെ പ്രകടനം

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.48 ശതമാനം മുന്നേറി. ഇസാഫ് ബാങ്ക് (+6.09%), ഫാക്ട് (+6.08%), ജിയോജിത് (+8.65%), ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് (+10.13%), കിംഗ്‌സ് ഇന്‍ഫ്ര (+7.95 ശതമാനം), മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് (+6.76%), കിറ്റെക്‌സ് (+5.39%), മുത്തൂറ്റ് ഫിനാന്‍സ് (+5.82%), മുത്തൂറ്റ് മൈക്രോഫിന്‍ (+5.61%), മണപ്പുറം ഫിനാന്‍സ് (+5.03%), ആസ്പിന്‍വാള്‍ (+5.92%), സി.എം.ആര്‍.എല്‍ (+5.35%) എന്നിവയും ഇന്ന് മികച്ച നേട്ടമാണ് കുറിച്ചത്.
സി.എസ്.ബി ബാങ്ക് 3.78 ശതമാനവും ധനലക്ഷ്മി ബാങ്ക് 3.71 ശതമാനവും ഉയര്‍ന്നു. സ്വര്‍ണവില റെക്കോഡ് ഭേദിച്ച പശ്ചാത്തലത്തിലാണ് സ്വര്‍ണപ്പണയ രംഗത്തുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളുടെ കുതിപ്പ്.
പോപ്പുലര്‍ വെഹിക്കിള്‍സ് 4.92 ശതമാനവും റബ്ഫില 6.09 ശതമാനവും നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍, ഇന്‍ഡിട്രേഡ്, കല്യാണ്‍ ജുവലേഴ്‌സ്, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ്, ടി.സി.എം., യൂണിറോയല്‍ എന്നിവയാണ് ഇന്ന് 0.17 മുതല്‍ 5 ശതമാനം വരെ നഷ്ടത്തിലേക്ക് വീണവര്‍.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it