2024ലേക്ക് ഓഹരികളുടെ തണുപ്പന്‍ എന്‍ട്രി; കസറി വൊഡാ-ഐഡിയ, യെസ് ബാങ്ക്, മുന്നേറി ഭെല്‍

ക്രിസ്മസ് വാരത്തില്‍ നിറഞ്ഞുനിന്ന ആവേശം ഇന്ത്യന്‍ ഓഹരികളില്‍ പക്ഷേ, പുതുവര്‍ഷത്തിലെ കന്നിദിനത്തില്‍ കണ്ടില്ല. ഇന്ന് തുടക്കം മുതല്‍ സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലായിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ നില അല്‍പ്പം മെച്ചപ്പെടുത്തി നേട്ടത്തിലേക്ക് കയറിയെങ്കിലും കുതിപ്പ് വിട്ടൊഴിഞ്ഞുനിന്നു.

സെന്‍സെക്‌സ് വെറും 31 പോയിന്റ് (0.04%) ഉയര്‍ന്ന് 72,271ലും നിഫ്റ്റി 10 പോയിന്റ് (0.05%) ഉയര്‍ന്ന് 21,741ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 50ല്‍ 22 കമ്പനികള്‍ നേട്ടത്തിലേറിയപ്പോള്‍ 28 എണ്ണവും രുചിച്ചത് നഷ്ടം. ബി.എസ്.ഇയില്‍ 2,541 ഓഹരികള്‍ നേട്ടത്തിലും 1,350 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികളുടെ വില മാറിയില്ല.
392 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരം കണ്ടെങ്കിലും വലിയൊരു മുന്നേറ്റത്തിനുള്ള കരുത്ത് സൂചികകളിലേക്ക് പകരാനായില്ല. 16 ഓഹരികള്‍ 52-ആഴ്ചത്തെ താഴ്ചയിലായിരുന്നു ഇന്ന്. അപ്പര്‍-സര്‍കീട്ട് ഒഴിഞ്ഞുകിടന്നു. ലോവര്‍-സര്‍കീട്ടില്‍ രണ്ട് കമ്പനികളുണ്ടായിരുന്നു.
അതേസമയം, ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 1.60 ലക്ഷം കോടി രൂപ വര്‍ധിച്ച് എക്കാലത്തെയും ഉയരമായ 365.89 ലക്ഷം കോടി രൂപയായി.
വിപണിയിലെ ട്രെന്‍ഡ്
കുറയുന്ന പണപ്പെരുപ്പം, പലിശഭാരം, സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റം എന്നിങ്ങനെ ധാരാളം അനുകൂല ഘടകങ്ങളുടെ ചുവടുപിടിച്ചാണ് കഴിഞ്ഞ വാരങ്ങളില്‍ ഓഹരി വിപണി മുന്നേറിയത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

എന്നാല്‍, ചെങ്കടലില്‍ വീണ്ടും ഹൂതി വിമതര്‍ ആക്രമണം നടത്തിയത് ചരക്കുനീക്കത്തെ വലയ്ക്കുന്നുണ്ട്. ഇത് ആഗോള വ്യാപാരത്തിന് തന്നെ തിരിച്ചടിയാണ്. ഫലത്തില്‍, ഇന്ന് ഓഹരികളില്‍ ലാഭമെടുപ്പ് നടത്തി പിന്‍വലിയാനാണ് നിക്ഷേപകര്‍ തിരക്കുകൂട്ടിയത്. ഇത്, സൂചികകളെ ഇന്ന് ചാഞ്ചാട്ടത്തിലേക്ക് നയിക്കുകയായിരുന്നു.
വിശാല വിപണിയില്‍ നിഫ്റ്റി ബാങ്ക് (-0.12%), ഓട്ടോ (-0.13%), ധനകാര്യ സേവനം (-0.14%), സ്വകാര്യബാങ്ക് (-0.08%), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (-0.05%) എന്നിവ നഷ്ടം നേരിട്ടു. ഡിസംബറിലെ വാഹന വില്‍പന സമ്മിശ്രമാണെന്നതാണ് നിഫ്റ്റി ഓട്ടോ ഓഹരികളെ തളര്‍ത്തിയത്.
നിഫ്റ്റി ഐ.ടി (0.51%), എഫ്.എം.സി.ജി (0.54%), പി.എസ്.യു ബാങ്ക് (0.76%), റിയല്‍റ്റി (0.45%), ഓയില്‍ ആന്‍ഡ് ഗ്യാസ് (0.81%) എന്നിവ കുറിച്ച നേട്ടമാണ് വലിയ നഷ്ടത്തില്‍ നിന്ന് ഇന്ന് മുഖ്യ സൂചികകളെ അകറ്റിയത്.
തിളങ്ങി വൊഡാഫോണ്‍-ഐഡിയ, യെസ് ബാങ്ക്, ഭെല്‍
സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോണ്‍-ഐഡിയയുടെ ഓഹരി വില ഇന്നൊരുവേള 15 ശതമാനത്തിലധികം കുതിച്ച് 52-ആഴ്ചത്തെ ഉയരമായ 18.40 രൂപവരെ എത്തി. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകള്‍ക്കിടെ ഓഹരി മുന്നേറിയത് 37 ശതമാനത്തോളമാണ്.
ഇന്ന് ഉച്ചയ്ക്ക് ശേഷം പക്ഷേ, നേട്ടം കുറഞ്ഞു. വ്യാപാരാന്ത്യം ഓഹരി വിലയുള്ളത് 5.94 ശതമാനം നേട്ടവുമായി 16.95 രൂപയിലാണ്. ഡിസംബര്‍ 31നകം 2,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രമോട്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇത് നടന്നോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. എങ്കിലും ഓഹരി വില ഇന്ന് കുതിക്കുകയായിരുന്നു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ഗുജറാത്ത് ഗ്യാസ്, യെസ് ബാങ്ക്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ച നിഫ്റ്റി 200 ഓഹരികള്‍.
നെസ്‌ലെ, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, ടാറ്റാ മോട്ടോഴ്‌സ്, വിപ്രോ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടം കുറിച്ചത്. ബാങ്ക് എന്‍.പി.എ പോര്‍ട്ട്‌ഫോളിയോ ജെ.സി. ഫ്‌ളവേഴ്‌സ് എന്ന അസറ്റ് റീ-കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കൈമാറിയിരുന്നു. പിന്നാലെ 150 കോടി രൂപ സെക്യൂരിറ്റി റെസീറ്റ് പോര്‍ട്ട്‌ഫോളിയായി ബാങ്കിന് ലഭിച്ചതാണ് ഓഹരികള്‍ക്ക് ആവേശമായത്.
ഒഡീഷയില്‍ പൊതുമേഖലാ കമ്പനിയായ എന്‍.എല്‍.സി ഇന്ത്യയില്‍ നിന്ന് 19,422 കോടി രൂപയുടെ കരാര്‍ ലഭിച്ച കരുത്തില്‍ ഇന്ന് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (ഭെല്‍/BHEL) ഓഹരി 6 ശതമാനം മുന്നേറി. എല്‍ ആന്‍ഡ് ടിയെ പിന്തള്ളിയാണ് ഭെല്‍ ഈ ഓര്‍ഡര്‍ നേടിയത്.
റെയില്‍ടെല്‍ ഓഹരി ഇന്ന് 4 ശതമാനത്തിലധികം ഉയര്‍ന്നു. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ നിന്ന് 120.45 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതാണ് നേട്ടമായത്.
നിരാശപ്പെടുത്തിയവര്‍
ഐഷര്‍ മോട്ടോഴ്‌സ്, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, ഭാരതി എയര്‍ടെല്‍, ഡിക്‌സണ്‍ ടെക്, കോള്‍ഗേറ്റ് പാമോലീവ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്. 1.71 മുതല്‍ 2.62 ശതമാനം വരെയാണ് ഇവയുടെ നഷ്ടം.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ഐഷറിന് കീഴിലുള്ള കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് ഇന്ന് ഹിമാലയന്‍ 450ന്റെ വില 16,000 രൂപ കൂട്ടിയിരുന്നു. ഹീറോ മോട്ടോകോര്‍പ്പ് 440 സി.സി ശ്രേണിയില്‍ പുത്തന്‍ മോഡല്‍ പുറത്തിറക്കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്.
ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്‌സ ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, കോട്ടക് ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ വില്‍പന സമ്മര്‍ദ്ദത്തിൽപ്പെട്ടു നഷ്ടത്തിലേക്ക് വീണ പ്രമുഖര്‍.
കുതിപ്പില്ലാതെ കേരള ഓഹരികള്‍
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളിലും ഇന്ന് വലിയ മുന്നേറ്റങ്ങള്‍ ഒഴിഞ്ഞുനിന്നു. എ.വി.ടി 3.84 ശതമാനം, ഫാക്ട് 1.74 ശതമാനം, കല്യാണ്‍ ജുവലേഴ്‌സ് 2.03 ശതമാനം, നിറ്റ ജെലാറ്റിന്‍ 3 ശതമാനം, വണ്ടര്‍ല 1.89 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. പ്രൈമ ഇന്‍ഡസ്ട്രീസ്, പി.ടി.എല്‍ എന്റര്‍പ്രൈസസ്, സഫ സിസ്റ്റംസ്, യൂണിറോയല്‍ മറീന്‍ എന്നിവ 5-10 ശതമാനം നേട്ടമുണ്ടാക്കി.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

വി-ഗാര്‍ഡ്, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ്, കിംഗ്‌സ് ഇന്‍ഫ്ര, മുത്തൂറ്റ് ഫിനാന്‍സ്, ഹാരിസണ്‍സ് മലയാളം, സി.എസ്.ബി ബാങ്ക്, അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍, കൊച്ചിന്‍ മിനറല്‍സ് എന്നിവ ഇന്ന് നഷ്ടമാണ് നേരിട്ടത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it