ലാഭമെടുപ്പില്‍ വലഞ്ഞ് സൂചികകള്‍; വോഡ-ഐഡിയ വീണു, ഫെഡറല്‍ ബാങ്ക് ഓഹരിയും താഴേക്ക്‌

പോയ വര്‍ഷത്തിലെ കുതിപ്പ് തുടരാനാകാതെ പുതുവര്‍ഷത്തിന്റെ രണ്ടാം വ്യാപാരദിനത്തിലും കാലിടറി ഇന്ത്യന്‍ ഓഹരി വിപണി. ഇന്നലെ കഷ്ടിച്ച് കരകയറിയ സൂചികകള്‍ക്ക് ഇന്ന് പിടിച്ചു നില്‍ക്കാനായില്ല. സെന്‍സെക്‌സും നിഫ്റ്റിയും ഒരുപോലെ നഷ്ടത്തിലേക്ക് ചാഞ്ഞു.

ആഗോള വിപണികളുടെ ചുവടുപിടിച്ച് ബാങ്കിംഗ്, ഐ.ടി ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് സൂചികകളെ നഷ്ടത്തിലേക്ക് നയിച്ചത്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതും വിപണിയെ ആശങ്കയിലാക്കി.
ഡോളറിന്റെ വിലയിടിവ്, യു.എസ് കടപത്രങ്ങളുടെ നേട്ടം കുറയുന്നത്, ദുര്‍ബലമായ ചൈനീസ് മാനുഫാക്ചറിംഗ് ഡാറ്റകള്‍, ചെങ്കടലിലെ സംഘര്‍ഷം എന്നിങ്ങനെയുള്ള ആഗോളപ്രശ്‌നങ്ങള്‍ ഇന്ന് വിപണിയെ തുടക്കം മുതല്‍ നിരാശയിലാക്കിയിരുന്നു.
സെന്‍സെക്‌സ് 379 പോയിന്റ് ഇടിഞ്ഞ് 71,892.48ലും നിഫ്റ്റി 76 പോയിന്റിടിഞ്ഞ് 21,665.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപയിന്ന് ഡോളറിനെതിരെ 8 പൈസ ഉയര്‍ന്ന് 83.31ലെത്തി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

2.5 ശതമാനം വളര്‍ച്ചയുമായി ഫാര്‍മ ഓഹരികള്‍ ഇന്ന് മികച്ച പ്രകടനം നടത്തി. നിഫ്റ്റി, മീഡിയ, മെറ്റല്‍ സൂചികകളും നേരിയ നേട്ടത്തോടെ പിടിച്ചു നിന്നു. അതേസമയം ഓട്ടോ, റിയല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ്, ബാങ്ക്, ഐ.ടി എന്നീ മേഖലകള്‍ ഒരു ശതമാനത്തോളം താഴ്ന്നു. ബി.എസ്.ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഇന്ന് പുതിയ ഉയരങ്ങള്‍ താണ്ടിയെങ്കിലും വ്യാപാരാന്ത്യത്തില്‍ നേട്ടം കൈവിട്ടു.
നഷ്ടം കുറിച്ചവര്‍
സെന്‍സെക്‌സ് ഓഹരികളില്‍ 22 എണ്ണവും നിഫ്റ്റി 50 ഓഹരികളില്‍ 31 എണ്ണവും ഇന്ന് ചുവപ്പണിഞ്ഞു.
ബി.എസ്.ഇയില്‍ 3,929 ഓഹരികള്‍ വ്യാപാരം നടത്തിയതില്‍ 1,906 ഓഹരികള്‍ നേട്ടത്തിലും 1,904 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 119 ഓഹരികളുടെ വില മാറിയില്ല. 379 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില കുറിച്ചു. 18 ഓഹരികള്‍ താഴ്ന്ന വിലയും. അപ്പര്‍ സര്‍കീട്ടിന്ന് ശൂന്യമായിരുന്നു. ലോവര്‍ സര്‍കീട്ടില്‍ ഒരു ഓഹരിയെ കണ്ടു.
ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്ര ടെക് സിമന്റ്, എല്‍ ആന്‍ഡ് ടി, കോട്ടക് മഹീന്ദ്ര ബാങ്ക്. എല്‍.ടി.ഐ
മൈന്‍ഡ്‌
ട്രീ, വിപ്രോ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്.യു.എല്‍, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഗ്രാസിം, എച്ച്.സി.എല്‍ ടെക് എന്നിവരാണ് ഇന്ന് കൂടുതല്‍ നഷ്ടം കുറിച്ചത്.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് രണ്ട് ദിവസമായി കുതിച്ചുയര്‍ന്ന വോഡഫോണ്‍-ഐഡിയ ഓഹരി ഇന്ന് ആറ് ശതമാനത്തോളം താഴ്ന്നു. ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് യൂണിറ്റായ സ്റ്റാര്‍ലിങ്കുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് കമ്പനി ഇന്ന് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. ഇന്ത്യന്‍ പ്രവേശനത്തിന് ഒരുങ്ങുന്ന സ്റ്റാര്‍ലിങ്ക് വോഡഫോണ്‍-ഐഡിയയില്‍ ഓഹരി വാങ്ങുന്നതായി ബിസിനസ് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് രണ്ടു ദിവസം കൊണ്ട് ഓഹരി 30 ശതമാനത്തിനുമേല്‍ ഉയര്‍ന്നത്.
നേട്ടത്തിലിവര്‍
കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ്, സണ്‍ ഫാര്‍മ, ഡിവിസ് ലാബ്‌സ്, സിപ്ല എന്നിയാണ് നേട്ടത്തില്‍ മുന്നിലുള്ള ഓഹരികള്‍. നിഫ്റ്റി 200ല്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയ്ല്‍, ലുപിന്‍, മാന്‍കൈന്‍ഡ് ഫാര്‍മ, ബയോകോണ്‍, സൊമാറ്റോ എന്നിവ നേട്ടത്തില്‍ മുന്നിലെത്തി.

ബ്ലോക്ക് ഡീല്‍ വഴി ഓഹരിയിടപാട് നടന്നതിനെ തുടര്‍ന്ന് വി.എസ്.ടി ഓഹരികളിന്ന് 20 ശതമാനം അപ്പര്‍സര്‍കീട്ടിലെത്തിയിരുന്നു. ഓഗസ്റ്റ് മൂന്നിന് കുറിച്ച 3,859.95 രൂപ എന്ന 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം മറികടന്ന ഓഹരി ഇന്ന് 4,055.30 രൂപയിലെത്തി. ഇതിനു മുന്‍പ് 2020 ജനുവരി 2ന് ഓഹരി 4,848 രൂപ വരെ ഉയര്‍ന്നിരുന്നു.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

വേദാന്ത, വിവിധ ബിസിനസുകള്‍ക്കായി ഗുജറാത്ത് ആല്‍ക്കലീസ് ആന്‍ഡ് കെമിക്കല്‍സുമായി (GACL) ധാരാണാപത്രം ഒപ്പുവച്ചത് ഓഹരികളില്‍ ഉണര്‍വുണ്ടാക്കി. ഒരു ശതമാനത്തിനടുത്ത് വില ഉയര്‍ന്നു.
ജെ.ബി.എം ഓട്ടോ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2,000 ഇ-വാഹനങ്ങള്‍ പുറത്തിറക്കാന്‍ പദ്ധിയിടുന്നതായി മാനേജ്‌മെന്റ് അറിയച്ചതിനു പിന്നാലെ ഓഹരികള്‍ ആറ് ശതമാനത്തോളം ഉയര്‍ന്ന് 1,718.55 രൂപയിലെത്തിയിരുന്നു.
പ്രവര്‍ത്തനമികവില്‍ തിളങ്ങി ധനലക്ഷ്മി ബാങ്കും എസ്.ഐ.ബിയും
നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറിലെ പ്രാഥമിക പ്രവര്‍ത്തനകണക്കുകള്‍ പുറത്തുവിട്ടതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓഹരികള്‍ മുന്നേറ്റം കാഴ്ചവച്ചു.
ധനലക്ഷ്മി ബാങ്ക് ഓഹരി വ്യാപാരത്തിനിടെ ഒരുവേള 4 ശതമാനത്തോളം ഉയര്‍ന്ന് 32.30 രൂപയിലെത്തിയിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ 2 ശതമാനത്തിലധികം ഉയര്‍ച്ചയോടെ 31.70 രൂപയിലാണ് ഓഹരിയുള്ളത്. ബാങ്കിന്റെ മൊത്തം ബിസിനസ് 11 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 24,657 കോടി രൂപയായി. നിക്ഷേപത്തിലും സ്വര്‍ണപ്പണയമടക്കമുള്ള വായ്പകളിലും ധനലക്ഷ്മി ബാങ്ക് മികച്ച വളര്‍ച്ച രേഖപ്പെടുത്തി.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം നിക്ഷേപം 99,164 കോടി രൂപയും വായ്പകള്‍ 77.713 കോടി രൂപയുമായി. ഓഹരി ഇന്ന് ഒരു ശതമാനത്തോളം ഉയര്‍ന്ന് 27.25 രൂപയിലെത്തിയിരുന്നു.
ഫെഡറല്‍ ബാങ്കിന്റെ വായ്പകള്‍ 18 ശതമാനം വളര്‍ച്ചയോടെ 20.02 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലിത് 1.71 ലക്ഷം കോടി രൂപയായിരുന്നു. പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതിനു പിന്നാലെ ഓഹരി ഇന്ന് മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. 151.95 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കേരള കമ്പനി ഓഹരികളില്‍ കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് ഇന്ന് 5 ശതമാനത്തിനടുത്ത് ഉയര്‍ച്ച രേഖപ്പെടുത്തി. 2024ല്‍ കമ്പനി മികച്ച വളര്‍ച്ച ലക്ഷ്യമിടുന്നതായി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചതാണ്‌
ഓഹരി വില ഉയര്‍ത്തിയത്.

പ്രൈമ ഇന്‍ഡസ്ട്രീസ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ എന്നിവയും മുന്നേറ്റം കാണിച്ചു.

ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, വി-ഗാര്‍ഡ്, കേരള ആയുര്‍വേദ എന്നീ ഓഹരികളാണ് ഇന്ന് നഷ്ടത്തില്‍ മുന്നില്‍ നിന്നത്.
Resya R
Resya R  

Related Articles

Next Story

Videos

Share it