Begin typing your search above and press return to search.
ഓഹരി സൂചികകള്‍ മുന്നോട്ട്; സൗത്ത് ഇന്ത്യന്‍ ബാങ്ക് 5% ഇടിഞ്ഞു, ഫെഡറല്‍ ബാങ്കും ജിയോജിത്തും മുന്നേറി
പ്രതീക്ഷിച്ചതുപോലെ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ധനനയം കാര്യമായ പരിക്കേല്‍പ്പിക്കാതെ കടന്നുപോയതിന്റെ ആശ്വാസവുമായി ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 128.33 ശതമാനം (+0.17%) നേട്ടവുമായി 74,611.11ലും നിഫ്റ്റി 43.35 പോയിന്റ് (+0.19%) ഉയര്‍ന്ന് 22,648.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
തത്കാലം ഇനിയൊരു പലിശനിരക്ക് വര്‍ധന ഉടനൊന്നും ഉണ്ടാവില്ലെന്നും എന്നാല്‍, പണപ്പെരുപ്പം നിയന്ത്രണവിധേയമായെന്ന് ഉറപ്പായാല്‍ മാത്രമേ പലിശനിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കൂ എന്നും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയിരുന്നു. പലിശഭാരം കൂടില്ലെന്ന് ഉറപ്പായതോടെ ഓഹരി വിപണികള്‍ നേട്ടത്തിന്റെ ട്രാക്ക് പിടിക്കുകയായിരുന്നു.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി50ല്‍ ഇന്ന് 29 ഓഹരികള്‍ നേട്ടത്തിലും 21 എണ്ണം നഷ്ടത്തിലുമായിരുന്നു. ബി.പി.സി.എല്‍ ആണ് ഇന്ന് നിഫ്റ്റി50ല്‍ 4.61 ശതമാനം കുതിപ്പുമായി നേട്ടത്തില്‍ മുന്നിലെത്തിയത്. ക്രൂഡോയില്‍ വില 80 ഡോളറിന് താഴെ അഥവാ രണ്ടുമാസത്തെ താഴ്ചയിലെത്തിയത് മുതലെടുത്ത് എണ്ണക്കമ്പനി ഓഹരികള്‍ ഇന്ന് മുന്നേറുകയായിരുന്നു.
നഷ്ടത്തില്‍ മുന്നില്‍ കൊട്ടക് മഹീന്ദ്ര ബാങ്കാണ് (-2.83%). റിസര്‍വ് ബാങ്കിന്റെ നടപടി നേരിടുന്ന ബാങ്കിന്റെ തലപ്പത്ത് നിന്ന് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ കെ.വി.എസ്. മണിയന്‍ രാജിവച്ചതും ഓഹരികളെ ഉലയ്ക്കുകയായിരുന്നു.
ബി.എസ്.ഇയില്‍ 1,867 ഓഹരികള്‍ നേട്ടം കുറിച്ചപ്പോള്‍ 1,967 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 123 ഓഹരികളുടെ വില മാറിയില്ല. 268 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 12 എണ്ണം താഴ്ചയും കണ്ടു.
അപ്പര്‍-സര്‍ക്യൂട്ട് ഇന്ന് കാലിയായിരുന്നു. ലോവര്‍-സര്‍ക്യൂട്ടില്‍ രണ്ട് കമ്പനികളെ കണ്ടു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 1.93 ലക്ഷം കോടി രൂപ വര്‍ധിച്ച് റെക്കോഡ് ഉയരമായ 408.49 ലക്ഷം കോടി രൂപയിലുമെത്തി.
നേട്ടത്തിലേറിയവര്‍
എച്ച്.ഡി.എഫ്.സി ബാങ്ക്, പവര്‍ ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ടി.സി.എസ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നേട്ടത്തില്‍ മുന്നിലെത്തിയത്.
ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, ആര്‍.ഇ.സി ലിമിറ്റഡ്, എച്ച്.പി.സി.എല്‍., പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ട്രെന്റ് എന്നിവയാണ് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നില്‍.
മാര്‍ച്ചുപാദ ലാഭം 24.5 ശതമാനം ഉയര്‍ന്ന് 1,065 കോടി രൂപയിലെത്തിയ കരുത്തില്‍ ചോളമണ്ഡലം ഓഹരി ഇന്ന് 9.10 ശതമാനം കയറി. മാര്‍ച്ചുപാദ സംയോജിത ലാഭം 33 ശതമാനം ഉയര്‍ന്ന് 4,079 കോടി രൂപയിലെത്തിയതാണ് ആര്‍.ഇ.സി ഓഹരികളെ 8.84 ശതമാനം ഉയര്‍ത്തിയത്.
ക്രൂഡോയില്‍ വിലയിടിവ് ആഘോഷമാക്കിയ എച്ച്.പി.സി.എല്‍ ഓഹരി 8.09 ശതമാനം കയറി. മികച്ച ബിസിനസ് വളര്‍ച്ചാ പ്രതീക്ഷകളുടെ കരുത്തിലാണ് പവര്‍ ഫിനാന്‍സ് (PFC) മുന്നേറുന്നത്. കഴിഞ്ഞ 5 സെഷനുകള്‍ക്കിടെ ഓഹരിവില 16 ശതമാനം കയറിയിട്ടുണ്ട്. ബ്രോക്കറേജുകളില്‍ നിന്ന് അനുകൂല സ്റ്റാറ്റസ് കിട്ടിയ പശ്ചാത്തലത്തിലാണ് ട്രെന്റ് ഓഹരികളുടെ കയറ്റം.
നിരാശപ്പെടുത്തിയവര്‍
കോട്ടക് ബാങ്ക്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ കൂടുതല്‍ നിരാശപ്പെടുത്തിയത്. നിഫ്റ്റി 200ല്‍ സുപ്രീം ഇന്‍ഡസ്ട്രീസ്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, പതഞ്ജലി ഫുഡ്‌സ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, യെസ് ബാങ്ക് എന്നിവ 2.87 മുതല്‍ 5.18 ശതമാനം വരെ താഴ്ന്ന് നഷ്ടത്തില്‍ മുന്നിലെത്തി.
ബിസിനസ് വീതം വയ്ക്കാനുള്ള ഗോദ്‌റെജ് കുടുംബത്തിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ഓഹരികളുടെ ഇന്നത്തെ വീഴ്ച. വിവാദ പരസ്യവിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് നടക്കുന്ന പശ്ചാത്തലത്തിലാണ് പതഞ്ജലിയുടെ ഇടിവ്.
അദാനി എന്റര്‍പ്രൈസസ് ഇന്ന് നാലാംപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടിരുന്നു. ലാഭം 38 ശതമാനം കുറഞ്ഞു. ഓഹരി 0.78 ശതമാനം നഷ്ടത്തിലുമാണുള്ളത്. ഒട്ടുമിക്ക അദാനി ഓഹരികളും ഇന്ന് ചുവന്നു. അതേമയം, അംബുജ സിമന്റ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പോര്‍ട്‌സ് എന്നിവ നേട്ടമുണ്ടാക്കി.
നാലാംപാദ ലാഭം 77 ശതമാനം ഉയര്‍ന്നതും എ.എ.എ ക്രെഡിറ്റ് റേറ്റിംഗ് കിട്ടിയതും അദാനി പോര്‍ട്‌സിന് നേട്ടമായി. നാലാംപാദ ലാഭം 6 ശതമാനം വര്‍ധിച്ചത് അംബുജ സിമന്റ്‌സിനും ഗുണം ചെയ്തു.
വിശാല വിപണിയുടെ പ്രകടനം
വിശാല വിപണിയില്‍ നിഫ്റ്റി മെറ്റല്‍ 1.13 ശതമാനം, ഫാര്‍മ 0.81 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 0.83 ശതമാനം, ഓട്ടോ 1.13 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. ഏപ്രിലിലെ വില്‍പനക്കണക്കുകള്‍ ഓട്ടോ ഓഹരികളെയും ക്രൂഡോയില്‍ വിലയിടിവ് എണ്ണ ഓഹരികളെയും തുണച്ചു.
സമ്പദ്പ്രതിസന്ധി ഒഴിയുന്നു എന്ന വിലയിരുത്തലുകളാണ് ഫാര്‍മ, മെറ്റല്‍ ഓഹരികള്‍ക്ക് നേട്ടമായത്. നിഫ്റ്റി മീഡിയ 1.58 ശതമാനം താഴ്ന്നു. പി.എസ്.യു ബാങ്ക്, സ്വകാര്യബാങ്ക് സൂചികകള്‍ 0.26 ശതമാനം വീതവും ബാങ്ക നിഫ്റ്റി 0.34 ശതമാനവും താഴ്ന്നു.
ഫെഡറല്‍ ബാങ്കും ജിയോജിത്തും കുതിച്ചു, സൗത്ത് ഇന്ത്യന്‍ ബാങ്ക് കിതച്ചു
നാലാംപാദത്തില്‍ ലാഭത്തിലും വരുമാനത്തിലും മികച്ച നേട്ടം കുറിക്കുകയും ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിക്കുകയും ചെയ്ത കരുത്തില്‍ ജിയോജിത് ഓഹരി ഇന്ന് 10.31 ശതമാനം കുതിച്ചുയര്‍ന്നു.
ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും ഇന്ന് നാലാംപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടു. ഫെഡറല്‍ ബാങ്കിന്റെ ലാഭം 903 കോടി രൂപയില്‍ നിന്ന് 906 കോടി രൂപയായി നേരിയ വര്‍ധന നേടി. കൊട്ടക് ബാങ്കില്‍ നിന്ന് കെ.വി.എസ് മണിയന്‍ ഫെഡറല്‍ ബാങ്കിന്റെ തലപ്പത്തേക്ക് എത്തുമെന്ന് സൂചനയുണ്ട്. ഫെഡറല്‍ ബാങ്കോഹരി ഇന്ന് 3.38 ശതമാനം കയറി.
അതേസമയം, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലാഭം 14 ശതമാനം കുറഞ്ഞിട്ടുണ്ട്. ഓഹരി ഇന്ന് 5.10 ശതമാനം താഴ്ന്നു. ബി.പി.എല്‍., ആസ്റ്റര്‍, ഈസ്റ്റേണ്‍, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ്, കെ.എസ്.ഇ എന്നിവയും ഇന്ന് ചുവന്നു.
സെല്ല സ്‌പേസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഇസാഫ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കിറ്റെക്‌സ്, നിറ്റ ജെലാറ്റിന്‍, വെര്‍ട്ടെക്‌സ്, ടി.സി.എം എന്നിവ ഇന്ന് ഭേദപ്പെട്ട നേട്ടമുണ്ടാക്കി.
Next Story
Videos